IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് എങ്ങനെ? ആ നാണക്കേട് അലട്ടും!
വീണ്ടുമൊരു പിങ്ക് ബോള്‍ ടെസ്റ്റിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച മുതല്‍ പകലും രാത്രിയുമായി നടക്കും. ഉച്ചയ്ക്കു 2.30നാണ് മല്‍സരം തുടങ്ങുന്നത്. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയമാണ് പിങ്ക് ബോള്‍ ടെസ്റ്റിനു വേദിയാവുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കന്നി പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകത ഈ മല്‍സരത്തിനുണ്ട്. അതുകൊണ്ടു തന്നെ ആര്‍ക്കതാണ് ഈ ടെസ്റ്റില്‍ മുന്‍തൂക്കമെന്നു പ്രവചിക്കുക അസാധ്യവുമാണ്. വിജയപ്രതീക്ഷയോടെ തന്നെയാണ് ഇരുടീമുകളും മൂന്നാം ടെസ്റ്റില്‍ ഇറങ്ങുന്നത്.

രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകള്‍ മാത്രം
ഇന്ത്യ ഇതുവരെ വെറും രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഒന്ന് നാട്ടിലായിരുന്നെങ്കില്‍ മറ്റൊന്നു വിദേശത്തുമായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ അരങ്ങേറ്റം. ബംഗ്ലാദേശായിരുന്നു അന്നു ഇന്ത്യയുടെ എതിരാളികള്‍. മല്‍സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനും ജയിക്കാനും ഇന്ത്യക്കു കഴിഞ്ഞു. അന്നു ഇന്ത്യക്കു വേണ്ടി മുഴുവന്‍ വിക്കറ്റുകളുമെടുത്തത് ഫാസ്റ്റ് ബൗളര്‍മാരായിരുന്നുവെന്നതാണ് കൗതുകരമായ കാര്യം.

നാണക്കേടിന്റെ റെക്കോര്‍ഡ്
ഇന്ത്യയുടെ രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലായിരുന്നു. വിദേശ മണ്ണിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും വലിയ നാണക്കേടിലേക്കാണ് അന്നു ഇന്ത്യ കൂപ്പുകുത്തിയത്.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയിട്ടും ഇന്ത്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ വെറും 36 റണ്‍സിന് പുറത്തായതായിരുന്നു എല്ലാവരെയും ഞെട്ടിച്ച സംഭവം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്.

ഇന്ത്യയുടെ വിജയശതമാനം
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇതുവരെ രണ്ടെണ്ണത്തില്‍ ഓരോ ജയവും തോല്‍വിയും അക്കൗണ്ടിലുള്ളതിനാല്‍ 50 ശതമാനാണ് ഇന്ത്യയുടെ വിജയശരാശരി.
എന്നാല്‍ സ്വന്തം നാട്ടില്‍ ഇന്ത്യയുടെ വിജയശരാശരി 100 ശതമാനമാണ്. ഇവിടെ കളിച്ച ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശ് ടീമിനെ കശാപ്പ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റും ജയിച്ച് ഇന്ത്യ 100 ശതമാനമെന്ന വിജയ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

ഒരേയൊരു സെഞ്ച്വറി കോലിക്ക്
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒരേയൊരു സെഞ്ച്വറിയുടെ അവകാശി ക്യാപ്റ്റന്‍ വിരാട് കോലിയാണ്. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യക്കു വേണ്ടി അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 136 റണ്‍സെടുത്തത്. 194 ബോളുകളില്‍ നിന്നായിരുന്നു ഇത്.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും 180 ബോളില്‍ 74 റണ്‍സോടെ കോലി മിന്നിയിരുന്നു. ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ഒരു ഫോര്‍മാറ്റിലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടില്ലെന്നത് മറ്റൊരു കൗതുകമാണ്.
ബൗളിങിലേക്കു വന്നാല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഇഷാന്ത് അന്നു ഒമ്പതും ഉമേഷ് എട്ടും വിക്കറ്റുകളാണ് പിഴുതത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications