ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിലൂടെ കടന്നുപോവുകയാണ്. പല സീനിയര്‍ താരങ്ങളും പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിലൂടെ ഇന്ത്യന്‍ ടീമിലുണ്ടാവും. അടുത്ത നായകന്‍ ആരെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരത്തെ കണ്ടെത്തി നായകനാക്കേണ്ടി വരും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരത്തെ കണ്ടെത്തി നായകനാക്കുകയെന്നത് പ്രയാസമാണ്.
ഹാര്‍ദിക് പാണ്ഡ്യയെയാണ് പരിമിത ഓവറില്‍ ഇന്ത്യയുടെ അടുത്ത നായകനായി പരിഗണിക്കുന്നത്. ഇതിനോടകം ടി20 നായകസ്ഥാനം ഹാര്‍ദിക്കിന് ലഭിച്ചിട്ടുണ്ട്. ഏകദിനത്തിലും ഹാര്‍ദിക്കിന് നായകസ്ഥാനം ലഭിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ രണ്ട് മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കാണ്. ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാനും ഹാര്‍ദിക്കിന് സാധിച്ചു. എന്നാല്‍ ഇന്ത്യയുടെ അടുത്ത നായകനാവാന്‍ ഹാര്‍ദിക് യോഗ്യനാണോ?
ഇതുവരെയുള്ള ഹാര്‍ദിക്കിന്റെ പ്രകടനം വിലയിരുത്തി അദ്ദേഹം നായകനായി തുടരാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കാം. 2022ലെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ഹാര്‍ദിക്കിനെ ഇന്ത്യ ആദ്യമായി നായകനാക്കിയത്. രണ്ട് മത്സര പരമ്പര തൂത്തുവാരി ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാന്‍ ഹാര്‍ദിക്കിനായി. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 മത്സരത്തിലും ഹാര്‍ദിക് ഇന്ത്യയെ നയിച്ചു. ഇതിലും ജയം നേടിക്കൊടുത്തു.
പിന്നീട് ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ നയിക്കുകയും 1-0ന് പരമ്പര നേടിക്കൊടുക്കുകയും ചെയ്തു. 2023ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യയെ നയിച്ചു. മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ ജയിച്ചു. ഇതേ വര്‍ഷം ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പര 2-1ന് അലമാരയിലെത്തിക്കാനും ഹാര്‍ദിക്കിന് സാധിച്ചു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യയെ നയിക്കുകയാണ്.

ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റു. നാല് മത്സരങ്ങള്‍ പരമ്പരയില്‍ ശേഷിക്കുന്നുണ്ട്. 12 ടി20യിലാണ് ഹാര്‍ദിക് ഇന്ത്യയെ നയിച്ചത്. ഇതില്‍ എട്ടിലും ടീമിന് ജയം നേടിക്കൊടുക്കാന്‍ ഹാര്‍ദിക്കിനായി. മൂന്ന് മത്സരം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി.
ഏകദിനത്തിലും ഹാര്‍ദിക് ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരം ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യ തോറ്റു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ രണ്ട് മത്സരത്തില്‍ നയിച്ചപ്പോള്‍ ഒരു മത്സരം തോല്‍ക്കുകയും ഒരു മത്സരം ജയിക്കുകയും ചെയ്തു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കിരീടത്തിലേക്കെത്തിക്കുകയും അവസാന സീസണില്‍ ഫൈനല്‍ കളിപ്പിക്കുകയും ചെയ്യാന്‍ ഹാര്‍ദിക്കിനായി. 31 മത്സരങ്ങളില്‍ ഗുജറാത്തിനെ നയിച്ച ഹാര്‍ദിക് 22 മത്സരത്തിലും ടീമിനെ വിജയത്തിലേക്കെത്തിച്ചു. 9 മത്സരമാണ് തോറ്റത്. ഈ കണക്കുകളെല്ലാം പരിശോധിക്കുമ്പോള്‍ പരിമിത ഓവറില്‍ ഇന്ത്യയെ നയിപ്പിക്കാന്‍ ഹാര്‍ദിക് യോഗ്യനാണെന്ന് വിലയിരുത്താം.
എന്നാല്‍ ഹാര്‍ദിക്കിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ മോശമാണെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയില്ല. പഴയ വെടിക്കെട്ട് ഫിനിഷറെന്ന മികവ് ഇപ്പോള്‍ ഹാര്‍ദിക്കിനില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ മോശമാണ്. നായകനെന്ന നിലയില്‍ മികവുകാട്ടുമ്പോഴും കളിക്കാരനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ പ്രകടനത്തെ മികച്ചതെന്ന് പറയാനാവില്ല. മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക് പ്രയാസപ്പെടുന്നു.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇനി തിരിച്ചുവരവില്ലെന്ന് ഹാര്‍ദിക് വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഏകദിനത്തിലും ടി20യിലും ഹാര്‍ദിക്കിനെ നായകനാക്കുകയും ടെസ്റ്റില്‍ റിഷഭ് പന്തിനെ നായകനാക്കുകയും ചെയ്യുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.