ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പര്‍മാരിലൊരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമായ കെഎസ് ഭരത്. ബാറ്റിങ്ങറിയാത്ത, വിക്കറ്റ് കീപ്പിങിലും ശരാശരിക്കാരന്‍ മാത്രമായ അദ്ദേഹത്തിനു എങ്ങനെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചുവെന്നതാണ് ഏറ്റവും വലിയ അദ്ഭുതം. എട്ടു ടെസ്റ്റുകളില്‍ ഭരത് ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും വലിയൊരു സ്‌കോര്‍ പോലും എടുത്തുകാണിക്കാനില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
കേരളാ ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ടെസ്റ്റ് ക്രിക്കറ്റിലേക്കും ഇന്ത്യ പരിഗണിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അദ്ദേഹം എന്തുകൊണ്ടും ഭരതിനേക്കാള്‍ കേമനാണെന്നും ഇവര്‍ വാദിക്കുന്നു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ സഞ്ജു ഇതിനകം കളിച്ചുകഴിഞ്ഞെങ്കിലും ടെസ്റ്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല. ആരാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിനു ടീമിലേക്കുള്ള വഴിയടച്ചത്? മുന്‍ സെലക്ടറും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ്‌കെ പ്രസാദാണ് പ്രധാന വില്ലെന്നു പറയേണ്ടി വരും.
കാരണം അദ്ദേഹം മുഖ്യ സെലക്ടറായിരിക്കെയാണ് ഇന്ത്യന്‍ എ ടീമിലേക്കു ഭരതിനു വിക്കറ്റ് കീപ്പറായി നറുക്കുവീഴുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സഞ്ജുവിനെ ഒഴിവാക്കിയാണ് അന്നു സ്വന്തം നാട്ടുകാരന്‍ കൂടിയായ ഭരതിനെ പ്രസാദ് ടീമിലേക്കു കൊണ്ടുവന്നത്.
അന്നു ഭരതിനു പകരം എ ടീമിലേക്കു സഞ്ജുവിനെയാണ് പ്രസാദ് തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിനോടൊപ്പം കാണാന്‍ സാധിക്കുമായിരുന്നു. ടീം സെലക്ഷനില്‍ പ്രസാദ് കാണിച്ച വലിയൊരു അബദ്ധം കാരണമാണ് ഭരതിന്റെ മോശം പ്രകടനം കാരണം ഇപ്പോള്‍ ടീം ഇന്ത്യ വലയുന്നത്.
സെലക്ടറെന്ന നിലയില്‍ പ്രസാദ് നേരത്തേ വേറെയും ചില മണ്ടത്തരങ്ങള്‍ കാണിച്ചിട്ടുണ്ട്. അതിലൊന്ന് 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ നിന്നും പരിചയസമ്പന്നനായ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവിനെ തഴഞ്ഞതായിരുന്നു.
ലോകകപ്പിനു തൊട്ടുമുമ്പുളള ഒരൊറ്റ പരമ്പരയിലെ മോശം പ്രകടനം കാരണം റായുഡവിനെ തഴഞ്ഞ പ്രസാദ് പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലെടുക്കുകയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം പ്രസാദിനു നേരിടേണ്ടി വരികയും ചെയ്തു.

ത്രീഡി പ്ലെയറെന്നായിരുന്നു വിജയ് ശങ്കറിനെ ടീം പ്രഖ്യാപനത്തിനു ശേഷം പ്രസാദ് വിശേഷിപ്പിച്ചത്. ബാറ്റിങ്, ബൗളിങ് എന്നിവയ്‌ക്കൊപ്പം മികച്ച ഫീല്‍ഡറും കൂടിയാണ് വിജയ് എന്നും ഈ കാരണത്താലാണ് റായുഡുവിനു പകരം ടീമിലുള്‍പ്പെടുത്തിയതെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു. വിജയ് ശങ്കറാവട്ടെ ലോകകപ്പില്‍ വന്‍ ദുരന്തമായി മാറുകയും ചെയ്തു. വിജയ് ശങ്കറിനെ ടീമിലെടുത്ത് അബദ്ധം കാണിച്ചതു പോലെ പ്രസാദിനു സംഭവിച്ച മറ്റൊരു വന്‍ പിഴവാണ് ഭരതിനെ ദേശീയ ടീമിലേക്കു കൊണ്ടുവന്നത്.
അതേസമയം, ഭരതിന്റെ ടെസ്റ്റ് കരിയറിലേക്കു വരികയാണെങ്കില്‍ എട്ടു ടെസ്റ്റുകളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 244 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ലെന്നതാണ് പരിതാപകരമായ കാര്യം. 44 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജുവിന്റെ അനുഭവസമ്പത്തും ഇതുവരെ നടത്തിയ പ്രകടനവും പരിഗണിക്കുമ്പോള്‍ ടെസ്റ്റ് ടീമില്‍ ഉറപ്പായും സ്ഥാനം അര്‍ഹിക്കുന്നതായി കാണാം. 60 മല്‍സരങ്ങളില്‍ അദ്ദേഹം കേരളത്തിനായി കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 38.83 ശരാശരിയില്‍ 3534 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 10 സെഞ്ച്വറികളും 15 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സാണ്.