ഒരൊറ്റ മണിക്കൂര്‍, എല്ലാം 'ശരിയാക്കാം'! പാക് പടയെ വേട്ടയാടിയ ദ്രാവിഡിന്റെ വാക്കുകള്‍
ബെംഗളൂരു: ആഷസിനേക്കാള്‍ ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയ ടെസ്റ്റ് പരമ്പര ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമായിരുന്നു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീണതിനാല്‍ ഇന്ത്യയും പാകിസ്താനും പരസ്പരം പരമ്പര കളിക്കാറില്ല. എന്നാല്‍ മുമ്പ് ഇന്ത്യ പാകിസ്താനിലും, പാകിസ്താന്‍ ഇന്ത്യയിലും പരമ്പര കളിച്ചിരുന്നു. അത്തരമൊരു ഇന്ത്യ- പാക് ടെസ്റ്റ് പരമ്പരയിലെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്രിക്കറ്റിലെ വന്‍മതിലുമായ രാഹുല്‍ ദ്രാവിഡ്.
2003-04 ലായിരുന്നു ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയത്. അന്നു റാവല്‍പിണ്ടിയില്‍ നടന്ന ടെസ്റ്റിലെ തന്റെ ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചാണ് ദ്രാവിഡ് മനസ്സ് തുറന്നത്. മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ അന്നു 2-1നു പോക്കറ്റിലാക്കിയിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ചതും ഈ പരമ്പരയിലായിരുന്നു. മുള്‍ത്താന്‍ ടെസ്റ്റിലായിരുന്നു ഇത്. ഇര്‍ഫാന്‍ പഠാന്‍, ലക്ഷ്മിപതി ബാലാജി, അനില്‍ കുംബ്ലെ തുടങ്ങിയവും ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ പരമ്പരയുടെ വിധി നിര്‍ണയിച്ച, ഫൈനലിനു തുല്യമായ റാവല്‍പിണ്ടി ടെസ്റ്റിലെ ഹീറോ ദ്രാവിഡായിരുന്നു.

ദ്രാവിഡിന്റെ ഫോം
പരമ്പര 1-1നു സമനിലയില്‍ നില്‍ക്കവെയാണ് ഇന്ത്യയും പാകിസ്താനും നിര്‍ണായകമായ അവസാന ടെസ്റ്റിനായി റാവല്‍പിണ്ടിയിലെത്തിയത്. വിദേശത്തു ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് പക്ഷെ ആദ്യ രണ്ടു ടെസ്റ്റുകളിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 6, 33, 0 എന്നിങ്ങനെയായിരുന്നു മൂന്ന് ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം.
അതുകൊണ്ടു തന്ന റാവല്‍പിണ്ടി ടെസ്റ്റില്‍ മികച്ചൊരു ഇന്നിങ്‌സ് തന്നെ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ ദ്രാവിഡില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.

പാകിസ്താന്‍ 224ന് പുറത്ത്
റാവല്‍പിണ്ടി ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്തത് പാകിസ്താനായിരുന്നു. മികച്ച ബൗളിങിലൂടെ പാകിസ്താന്റെ ആദ്യ ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. നാലു വിക്കറ്റെടുത്ത ബാലാജിയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.
മറുപടിയില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ഷുഐബ് അക്തര്‍ ഗോള്‍ഡന്‍ ഡെക്കായി പവലിയനിലേക്കു മടക്കി. തുടര്‍ന്നാണ് ദ്രാവിഡിന്റെ വരവ്. പാര്‍ഥീവ് പട്ടേലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ദ്രാവിഡ് അന്നു 270 റണ്‍സാണ് വാരിക്കൂട്ടിയത്. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്താന്‍ ഇതു സഹായിക്കുകയും ചെയ്തു.

ഒരു മണിക്കൂര്‍ ക്രീസില്‍ നില്‍ക്കണം
ആദ്യം കളി അവസാനിക്കുമ്പോള്‍ ദ്രാവിഡ് പുറത്താവാതെ 15 റണ്‍സോടെയാണ് ക്രീസില്‍ നിന്നത്. 15 റണ്‍സ് മാത്രമേ നേടിയുള്ളവെങ്കിലും അന്നു നന്നായി ബാറ്റ് ചെയ്തതായി തനിക്കു തോന്നിയെന്നു സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഷോയില്‍ ദ്രാവിഡ് പറഞ്ഞു.
അന്നു രാത്രി കുറച്ചു പേര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ചില മാധ്യമപ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. അവിടെ നിന്നു മടങ്ങവെ താന്‍ അവരോട് ഒരു കാര്യം പറഞ്ഞു. നാളെ ഒരു മണിക്കൂര്‍ ക്രീസില്‍ നില്‍ക്കാനായാല്‍ നിങ്ങള്‍ക്കു എന്നില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് കാണാം. അതു സംഭവിക്കുകയും ചെയ്തു. 270 റണ്‍സാണ് താന്‍ നേടിയത്. അതിനു ശേഷം നിങ്ങള്‍ക്കു ഇത് എങ്ങനെ അറിയാമായിരുന്നുവെന്നു പലരും തന്നോടു ചോദിച്ചിട്ടുണ്ട്. പക്ഷെ അന്നു എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് ഇപ്പോഴും തനിക്കറിയില്ലെന്നു ദ്രാവിഡ് വിശദമാക്കി.

ഇന്ത്യക്കു ഇന്നിങ്‌സ് വിജയം
ദ്രാവിഡിന്റെ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌കോറായിരുന്നു റാവല്‍പിണ്ടിയില്‍ പിറന്ന 270 റണ്‍സ്. റാവല്‍പിണ്ടി ടെസ്റ്റില്‍ ഇന്നിങ്‌സ് ജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശിയ പാകിസ്താന് രണ്ടാമിന്നിങ്‌സിലും പിടിച്ചുനില്‍ക്കാനായില്ല. നാലു വിക്കറ്റെടുത്ത കുംബ്ലെയും മൂന്നു വിക്കറ്റ് പിഴുത ബാലാജിയും ചേര്‍ന്ന് പാകിസ്താന്റെ കഥ കഴിച്ചു. ഇന്നിങ്‌സിനും 131 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര ഗാംഗുലിയും സംഘവും 2-1ന് പോക്കറ്റിലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications