ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരുടെ നിരയില്‍ ചേര്‍ത്തുവയ്ക്കാവുന്ന പേരുകളിലൊന്നാണ് മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മിന്നും താരമായിരുന്ന അദ്ദേഹം ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമിന്റെ തുറുപ്പുചീട്ടുമായിരുന്നു. കളിക്കളത്തിന് അകത്തും പുറത്തും വളരെ ജോളിയായി ടീമംഗങ്ങള്‍ക്കും തമാശകളെല്ലാം പങ്കിടാറുള്ള ധവാനെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. അദ്ദേഹത്തെ ഒരിക്കലും ചൂടായി ആരും കണ്ടുകാണുകയുമില്ല.
എന്നാല്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വച്ച് ഒരിക്കല്‍ വിരാട് കോലിയുമായി ധവാന്‍ കൊമ്പുകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. എംഎസ് ധോണി ടീമിന്റെ ക്യാപ്റ്റനായിരിക്കെയായിരുന്നു വലിയ ചര്‍ച്ചയായി മാറിയ ഈ വിവാദം. എന്തായിരുന്നു ഈ സംഭവമെന്നു നമുക്കു നോക്കാം. 2014-15ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ഡ്രസിങ് റൂമിലെ ഈ സംഘര്‍ഷം. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിക്കാണാണ് അന്നു ധോണിയും സംഘവും ഓസ്‌ട്രേലിയയിലെത്തിയത്.

ബ്രിസ്ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ നാലു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യന്‍ ടീമിനു നേരിട്ടത്. ഈ മല്‍സരത്തിനു ശേഷമാണ് ഇന്ത്യന്‍ ഡ്രസിങ് റൂമിലെ ചില പ്രശ്‌നങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചതായി ധോണി തുറന്നു പറഞ്ഞത്. നാലാം ദിനത്തിലെ കളിയുടെ തലേ ദിവസം പരിശീലനത്തിനിടെ ധവാനു പരിക്കേറ്റിരുന്നു. മൂന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ അദ്ദേഹം നോട്ടൗട്ടായി ക്രീസിലുണ്ടായിരുന്നു.
പക്ഷെ പരിക്കേറ്റത്തോടെ അദ്ദേഹത്തിനു അടുത്ത ദിവസം രാവിലെ ബാറ്റിങിനു ഇറങ്ങാന്‍ സാധിച്ചില്ല. ഇതോടെ ചേതേശ്വര്‍ പുജാരയോടൊപ്പം പകരം കോലിക്കു നേരത്തേ ക്രീസിലെത്തേണ്ടതായും വന്നിരുന്നു. കോലിയും പരിക്കോടെയാണ് അന്നു ബാറ്റ് ചെയ്തത്. അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. 11 ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത കോലിയെ മിച്ചെല്‍ ജോണ്‍സനാണ് പുറത്താക്കിയത്.
യഥാര്‍ഥത്തില്‍ ആ ദിവസം രാവിലെ ധവാന്‍ ബാറ്റിങിനു ഇറങ്ങുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. കളി തുടങ്ങുന്നതിനു ഏകദേശം 10 മിനിറ്റ് മാത്രം മുമ്പാണ് കോലിയോടു നേരത്തേ ബാറ്റ് ചെയ്യാന്‍ ധോണി ആവശ്യപ്പെട്ടത്. പെട്ടെന്നുള്ള ഈ തീരുമാനം കാരണം അദ്ദേഹത്തിനു വേണ്ട രീതിയില്‍ തയ്യാറെടുക്കാനുമായില്ല. ഇതു കോലിയുടെ പ്രകനത്തെയും ബാധിച്ചു.

പുറത്തായ ശേഷം വളരെ ക്ഷുഭിതനായാണ് ഡ്രസിങ് റൂമിലേക്കു കോലിയെത്തിയത്. തുടര്‍ന്ന് അദ്ദേഹം ധവാനോടു ചൂടാവുകയും തന്‍റെ മോശം പ്രകടനത്തില്‍ പഴിക്കുകയും ചെയ്തു. താന്‍ വ്യാജ പരിക്കു കാരണമല്ല ബാറ്റിങിന് ഇറങ്ങാതിരുന്നതെന്നു ധവാനും തിരിച്ചടിച്ചതോടെ സംഭവം വഷളാവുകയായിരുന്നു. ഒടുവില്‍ ഇരുവരും തമ്മില്‍ വലിയ വാക്‌പോര് നടന്നതായും ഒടുവില്‍ അന്നത്തെ കോച്ചായിരുന്ന രവി ശാസ്ത്രി ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നുമാണ് പിന്നീടുവന്ന റിപ്പോര്‍ട്ടുകള്‍.
ഇതേ ടെസ്റ്റില്‍ പിന്നീട് ധവാന്‍ വീണ്ടും ക്രീലെത്തി ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ടീമിന്റെ ആറാമത്തെ വിക്കറ്റും വീണതിനു ശേഷമായിരുന്നു ഇത്. 81 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററുമായിരുന്നു. എങ്കിലും ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് 224 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 128 റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം. നാലാം ദിനം തന്നെ ആറു വിക്കറ്റുകളുടെ നഷ്ടത്തില്‍ അവര്‍ ഇതു മറികടക്കുകയും ചെയ്തു.