മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള പടയൊരുക്കത്തിലേക്ക് ഇതിനോടകം ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. പാകിസ്താനാണ് ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത്. പാകിസ്താനില്‍ കളിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കായി വേദി ശ്രീലങ്കയിലേക്കോ ദുബായിലേക്കോ മാറ്റാനാണ് സാധ്യത. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ്.
ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഐസിസി ട്രോഫിയാണിത്. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തോറ്റ ക്ഷീണം ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി കിരീടം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയാണ് ഇന്ത്യ ആകെ കളിക്കുന്നത്. അതുകൊണ്ടുതന്നെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ അധികം അവസരം താരങ്ങള്‍ക്ക് മുന്നിലില്ല.
സഞ്ജു സാംസണിനെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയെന്നത് വളരെ കടുപ്പമാണ്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിനായെങ്കിലും ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജു തഴയപ്പെട്ടിരുന്നു. ടി20 പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കാവുകയും ചെയ്തു. ഇനി ഏകദിന ടീമിലേക്ക് മടങ്ങിയെത്തുക സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്നതാണ് വസ്തുത.
എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കാന്‍ സഞ്ജുവിന് ചില കാര്യങ്ങള്‍ ചെയ്യാനാവും. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ദുലീപ് ട്രോഫിയില്‍ കളിക്കുകയെന്നതാണ്. സെപ്തംബര്‍ 5 മുതല്‍ 24വരെ നടക്കുന്ന ദുലീപ് ട്രോഫിയില്‍ കളിച്ച് മികവ് കാട്ടിയാല്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കും. ശരാശരി പ്രകടനം നടത്തിയിട്ട് കാര്യമില്ല. വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനം കാഴ്ചവെക്കണം.

മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഈ സ്ഥാനത്തേക്ക് സഞ്ജുവിന് തിരിച്ചെത്താന്‍ ദുലീപ് ട്രോഫിയിലെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. രണ്ടാമതായി കേരളത്തിന്റെ നായകനെന്ന നിലയില്‍ മികവ് കാട്ടണം. സഞ്ജു പൊതുവേ ആഭ്യന്തര ക്രിക്കറ്റ് കുറവാണ് കളിക്കുന്നത്. എന്നാല്‍ വരുന്ന രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തെ സഞ്ജു നയിക്കണം.
ടീമിനെ മുന്നില്‍ നിന്ന് നയിച്ച് മുന്നോട്ട് കൊണ്ടുപോവുകയും മികച്ച ഫലത്തിലേക്ക് എത്തിക്കുകയും ചെയ്താല്‍ സഞ്ജുവിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ വീണ്ടും പരിഗണിച്ചേക്കും. നായകനെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മൂന്നാമത്തെ കാര്യം സ്പിന്നര്‍മാര്‍ക്കെതിരായ പ്രകടനം മെച്ചപ്പെടുത്തണം. ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാറ്റ്സ്മാന്‍മാരിലൊരാളാണ് സഞ്ജു.
എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജുവിന്റെ മുട്ടിടിക്കും. സ്പിന്‍ സൗഹൃദ പിച്ചുകളിലെ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഈ ചീത്തപ്പേര് സഞ്ജു മാറ്റേണ്ടതായുണ്ട്. പാകിസ്താനില്‍ നിന്ന് വേദി മാറ്റി ശ്രീലങ്കയിലേക്കോ ദുബായിലേക്കോ ചാമ്പ്യന്‍സ് ട്രോഫി വന്നാല്‍ പിച്ച് സ്പിന്നിന് പിന്തുണ നല്‍കുന്നതായിരിക്കും. അതുകൊണ്ടുതന്നെ സ്പിന്നിനെ നന്നായി കളിക്കുന്നവരെയാവും ഇന്ത്യ തിരഞ്ഞെടുക്കുക.
ഇക്കാരണത്താല്‍ത്തന്നെ സ്പിന്നിനെതിരായ പ്രകടനം മെച്ചപ്പെടുത്താതെ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാവില്ല. വരുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിക്കും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് വിളി ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ദുലീപ് ട്രോഫിയില്‍ തിളങ്ങുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.