മോങ്കോക്ക്: ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരവും തോറ്റ് ഇന്ത്യന്‍ ടീം പുറത്ത്. ചിരവൈരികളായ പാകിസ്താനോടു തോറ്റു കൊണ്ടു തുടങ്ങിയ റോബിന്‍ ഉത്തപ്പയുടെ ടീം രണ്ടാമങ്കത്തില്‍ യുഎഇയോടും ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങി. ഇന്നു പൂള്‍ സിയില്‍ നടന്ന കളിയില്‍ ഒരു റണ്‍സിനാണ് ഇന്ത്യയെ യുഎഇ സ്തബ്ധരാക്കിയത്. ജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് മല്‍സരം ഇന്ത്യ കൈവിട്ടത്.
ആറോവര്‍ വീതമുള്ള മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 130 റണ്‍സാണ് അടിച്ചത്. മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചെങ്കിലും നാലു വിക്കറ്റിനു 129 റണ്‍സിനു പോരാട്ടമവസാനിക്കുകയായിരുന്നു. നേരത്തേ ആദ്യ കളിയില്‍ പാകിസ്താനോടു ആറു വിക്കറ്റിനും ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.

വെടിക്കെട്ടുമായി ബിന്നിയും ഉത്തപ്പയും
യുഎഇക്കെതിരേ റണ്‍ചേസില്‍ ഇടിവെട്ട് ഇന്നിങ്‌സുകളാണ് നായകന്‍ റോബിന്‍ ഉത്തപ്പയും ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ച്ച് ബിന്നിയും കാഴ്ചവച്ചത്. ഇന്ത്യയെ വിജയം കാണാന്‍ മോഹിപ്പിച്ചതും ഇവരുടെ അഴിഞ്ഞാട്ടമായിരുന്നു. ബിന്നി വെറും 11 ബോളില്‍ 44 റണ്‍സാണ് വാരിക്കൂട്ടിയത്. ഉത്തപ്പ 10 ബോളില്‍ 43 റണ്‍സും വാരിക്കൂട്ടി. ഭരത് ചിപ്ലി (10), കേദാര്‍ ജാദവ് (9*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
വെറും 11 ബോളിലാണ് ബിന്നി 44 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു വമ്പന്‍ സിക്‌സറും മൂന്നു മൂന്നു ഫോറുമുള്‍പ്പെടെയാണിത്. 400 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഉത്തപ്പയാവട്ടെ 10 ബോളിലാണ് 430 സ്‌ട്രൈക്ക് റേറ്റോടെ 43 റണ്‍സ് സ്‌കോര്‍ ചെയ്തത്. അഞ്ചു സിക്‌സറും മൂന്നു ഫോറു ഇതിലുപ്പെടും.
കേദാര്‍ യാദവിന്റെ സ്ലോ ബാറ്റിങാണ് ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണം. ആറു ബോള്‍ കളിച്ച അദ്ദേഹം ഒരു ഫോര്‍ മാത്രമേ നേടിയുള്ളൂ. സ്‌കോര്‍ ചെയ്തത് ഒമ്പതു റണ്‍സ് മാത്രം. കുറേക്കൂടി അഗ്രസീവായി ജാദവ് ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരം ജയിക്കാന്‍ ഇന്ത്യക്കു സാധിച്ചേനെ. അവസാനത്തെ ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 32 റണ്‍സാണ് വേണ്ടിയിരുന്നത്. ആസിഫ് ഖാന്റെ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ബിന്നിയായിരുന്നു.
ആദ്യത്തെ ബോളില്‍ ഫോറുമായാണ് ആസിഫിനെ ബിന്നി വരവേറ്റത്. അടുത്ത ബോളില്‍ വൈഡ്. എന്നാല്‍ അടുത്ത നാലു ബോളുകളും ബിന്നി സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീം വിജയത്തിനു തൊട്ടരികെ. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് വെറും രണ്ടു റണ്‍സ്. പക്ഷെ ഈ ബോളില്‍ ബിന്നി റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ യുഎഇ നാടകീയ വിജയം കൈക്കലാക്കുകയും ചെയ്തു.
ആദ്യ കളിയിലെ പ്രകടനം
പാകിസ്താനുമായുള്ള ഒന്നാമങ്കത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. ഓപ്പണര്‍ ഭരത് ചിപ്ലിയുടെ (53) തകര്‍പ്പന്‍ ഫിഫ്റ്റിയിലേറി ഇന്ത്യ ആറോവറില്‍ രണ്ടു വിക്കറ്റിനു 119 റണ്‍സ് അടിച്ചെടുത്തു. വെറും 16 ബോളിലാണ് ചിപ്ലി ഫിഫ്റ്റിയോടെ കസറിയത്. ആറു ഫോറും നാലു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ റോബിന്‍ ഉത്തപ്പ കേവലം എട്ടു ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 31 റണ്‍സ് വാരിക്കൂട്ടി.
മറുപടിയില്‍ പാകിസ്താനും ശക്തമായി തിരിച്ചടിച്ചു. ഒരോവര്‍ ബാക്കിനില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ അവര്‍ വിജയത്തിലെത്തുകയായിരുന്നു. ആസിഫ് അലി 55 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. മുഹമ്മദ് അഖ്‌ലാഖ് (40*), ക്യാപ്റ്റന്‍ ഫഹീം അഷ്‌റഫ് (22*) എന്നിവരും തിളങ്ങിയതോടെ പാകിസ്താന്‍ അനായാസം വിജയത്തിലെത്തുകയായിരുന്നു.