ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം. പാകിസ്താന്‍ ക്രിക്കറ്റിലെ കിങെന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. നേരത്തേ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയോടു ബാബറിനെ പലരും താരതമ്യം ചെയ്തിരുന്നു.
കോലിക്കു ശേഷം ലോക ക്രിക്കറ്റിലെ അടുത്ത കിങ് ബാബറാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബാബറിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായിരുന്ന വസീം അക്രം.

ബാബര്‍ ആസം വളരെ മികച്ച ബാറ്ററാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്നു ബാറ്റര്‍മാരുടെ നിരയില്‍ അദ്ദേഹത്തെയും നമുക്കു കാണാന്‍ സാധിക്കും. വളരെ മികച്ച ക്രിക്കറ്റിങ് ഷോട്ടുകളാണ് ബാബര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം പിഞ്ച് ഹിറ്ററായിരുന്നെങ്കില്‍ പുറത്താക്കാന്‍ ഒരു അവസരുമുണ്ടെന്നു ബൗളര്‍ക്കു അറിയുമായിരുന്നുവെന്നും വസീം അക്രം വ്യക്തമാക്കി.
ബാബര്‍ മിടുക്കനാണെങ്കിലും ലോക ക്രിക്കറ്റിലെ മുന്‍ ഇതിഹാസങ്ങളായ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ എന്നിവരുമായി താരതമ്യം ചെയ്യാന്‍ കഴയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ടു പേരും ബാബറും തമ്മിലുള്ള വ്യത്യാസവും അക്രം വിശദീകരിച്ചു.
പക്ഷെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരെപ്പോലെയുള്ളവരുമായി ബാബര്‍ ആസമിനെ താരതമ്യം ചെയ്യാനാവില്ല. സച്ചിനും ലാറയ്ക്കുമെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം മികച്ച ബോളുകള്‍ക്കെതിരേ പോലും നല്ല ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവരായിരുന്നു അവര്‍.

അതുകൊണ്ടു തന്നെ തങ്ങളെ പുറത്താക്കാന്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ സച്ചിനും ലാറയും നല്‍കുകയും ചെയ്യാറുള്ളൂ. സാങ്കേതികമായി വളരെ മികച്ച ബാറ്റര്‍മാരാണ് അവര്‍. ഒരു പ്രത്യേക ട്രാക്കില്‍ ബാറ്റിങില്‍ നിലയുറപ്പിച്ചു കഴിഞ്ഞോയെന്നു പരിശോധിക്കാന്‍ ആദ്യത്തെ കുറച്ച് ഓവറുകളില്‍ അറ്റാക്കിങ് ലൈനില്‍ അവര്‍ക്കെതിരേ ബൗള്‍ ചെയ്തു നോക്കാവുന്നതാണെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു വര്‍ഷം ബാബറിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. പാക് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയും ഇതേ തുടര്‍ന്നു നായകസ്ഥാനമൊഴിയേണ്ടി വരികയും ചെയ്തിരുന്നു. ആദ്യം ഏഷ്യാ കപ്പിലായിരുന്നു ബാബറിനു പിഴച്ചത്. പാകിസ്താന്‍ സംയുക്ത ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ടീമിനെ ഫൈനലില്‍ പോലുമെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.
അതിനു ശേഷം ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും ബാബറിനു കീഴില്‍ പാക് ടീം ദുരന്തമായി തീര്‍ന്നു. സെമി ഫൈനല്‍ പോലും കാണാതെ പാക് ടീം പുറത്താവുകയായിരുന്നു. ഇതിനു ശേഷം വൈറ്റ് ബോള്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ബാബര്‍ വൈകാതെ ടെസ്റ്റിലും രാജിവയ്ക്കുകയായിരുന്നു.
അതിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ബാറ്റിങില്‍ മിന്നുന്ന പ്രകടനമാണ് ബാബര്‍ കാഴ്ചവച്ചത്. കൂടാതെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കസറിയ അദ്ദേഹം ഇപ്പോള്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ഗംഭീര ഫോമിലാണ്. ബാറ്ററെന്ന നിലയില്‍ ബാബറിനു ഇതു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണെന്നാണ് ആരാധകര്‍ പയുന്നത്. ഭാവിയില്‍ കൂടുതല്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിനാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ബാബറിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ 52 ടെസ്റ്റുകളില്‍ നിന്നും 9 സെഞ്ച്വറിയും 26 ഫിഫ്റ്റികളുമടക്കം 3898 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏകദിനത്തില്‍ 117 മല്‍സരങ്ങളില്‍ നിന്നും 19 സെഞ്ച്വറിയും 32 ഫിഫ്റ്റികളുമടക്കം 5729 റണ്‍സും ടി20യില്‍ 109 മല്‍സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറിയും 33 ഫിഫ്റ്റികളുമടക്കം 3698 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.