ടി20യില്‍ കോലിയെ മാറ്റിനിര്‍ത്തണമോ? യുവതാരങ്ങള്‍ക്ക് അവസരം നല്‍കണോ? കണക്കുകള്‍ നോക്കാം
മുംബൈ: 2021ലെ യുഎഇ ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയൊരു പാഠമാണ്. വലിയ പ്രതീക്ഷകളോടെയെത്തിയ ഇന്ത്യ ഫേവറേറ്റുകളായാണ് വിശേഷിപ്പിക്കപ്പെട്ടതെങ്കിലും സെമി പോലും കാണാതെ പുറത്തായിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും അനുകൂലമായിട്ടും സെമി പോലും കാണാതെ പുറത്തായി എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടുകൊണ്ടുള്ള തിരിച്ചുവരവാണ് ഇന്ത്യ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20 നായകസ്ഥാനം രാജിവെച്ചിരുന്നു. പകരക്കാരനായെത്തിയ രോഹിത് ശര്‍മ ആദ്യ പരമ്പരതന്നെ തൂത്തുവാരി വരവറിയിച്ചിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തുടര്‍ച്ചയായി കളിക്കുന്ന കോലിയെ ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി ആവിശ്യത്തിന് വിശ്രമം നല്‍കുകയും യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടതുണ്ടോയെന്നത് പ്രസക്തമായ ചോദ്യമാണ്. അടുത്ത ടി20 ലോകകപ്പിന് 11 മാസം മാത്രം ശേഷിക്കെ കോലിയെ മാറ്റിനിര്‍ത്തി ഇന്ത്യ മുന്നോട്ട് പോകേണ്ടതായുണ്ടോ? കണക്കുകള്‍ പരിശോധിക്കാം.

ടി20യിലെ ഇതുവരെയുള്ള പ്രകടനം
ടി20 ഫോര്‍മാറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡ് വിരാട് കോലിയുടെ പേരിലുണ്ട്. 94 മത്സരത്തില്‍ നിന്ന് 52.05 എന്ന മികച്ച ശരാശരിയില്‍ 3227 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ 29 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. ഇതുവരെ ടി20യില്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ടീമിലെ മറ്റേത് ബാറ്റ്‌സ്മാനെക്കാളും മികച്ച റെക്കോഡ് ടി20യില്‍ അവകാശപ്പെടാന്‍ വിരാട് കോലിക്കാവും.

2016 ലോകകപ്പിന് ശേഷമുള്ള പ്രകടനം
2016ലെ ടി20 ലോകകപ്പിന് ശേഷമുള്ള വിരാട് കോലിയുടെ പ്രകടനം പരിശോധിച്ചാലും അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല. 52 മത്സരത്തില്‍ നിന്ന് 46.64 ശരാശരിയില്‍ 1586 റണ്‍സാണ് കോലി നേടിയത്. അതും 140.85 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. 13 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 56 മത്സരത്തില്‍ നിന്ന് 40.68 ശരാശരിയില്‍ 1831 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഈ കാലയളവില്‍ കോലി നേടി. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ 40 മത്സരത്തില്‍ നിന്ന് 1301 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

അവസാന രണ്ട് ഐപിഎല്‍ സീസണിലെ പ്രകടനം
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണോടെ കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ടീമിനെ ഇതുവരെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം. 2020 സീസണില്‍ 42.36 ശരാശരിയില്‍ 466 റണ്‍സാണ് കോലി നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ 2021 സീസണില്‍ പ്രകടനം അല്‍പ്പം മോശമായിരുന്നു. 15 മത്സരത്തില്‍ നിന്ന് 28.92 ശരാശരിയില്‍ 405 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറി തന്നെയാണ് അദ്ദേഹം നേടിയത്. എല്ലാ സീസണിലേതും പോലെയുള്ള വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ അവസാന സീസണില്‍ കോലിക്ക് സാധിച്ചിരുന്നില്ല.

2019ന് ശേഷമുള്ള ടി20യില്‍ റണ്‍വേട്ടക്കാര്‍
2019ന് ശേഷമുള്ള ടി20യിലെ റണ്‍വേട്ടക്കാരുടെ പട്ടികയെടുത്താല്‍ ഇന്ത്യക്കാരില്‍ തലപ്പത്ത് വിരാട് കോലിയാണ്. 30 മത്സരത്തില്‍ നിന്ന് 58.88 ശരാശരിയില്‍ 1060 റണ്‍സാണ് കോലി നേടിയത്. അതും 141.71 എന്ന മികച്ച സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 1503 റണ്‍സുമായി ബാബര്‍ ആസം തലപ്പത്ത് നില്‍ക്കുമ്പോള്‍ പോള്‍ സ്റ്റിര്‍ലിങ് (1389),മുഹമ്മദ് റിസ്വാന്‍ (1330),കെവിന്‍ ഒബ്രിയാന്‍ (1198) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. മറ്റുള്ള എല്ലാ ഇന്ത്യക്കാരും ഈ റെക്കോഡില്‍ കോലിക്ക് താഴെയാണ്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഇന്ത്യയുടെ ടി20 നിരയിലെ നിര്‍ണ്ണായക താരം ഇപ്പോഴും വിരാട് കോലി തന്നെയാണെന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications