'ആ ഇന്ത്യന്‍ താരത്തെ ഭയപ്പെടണം, അപകടകാരി', എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി പോണ്ടിങ്

സിഡ്‌നി: ടി20 ലോകകപ്പിലേക്ക് ഇനിയുള്ള ദൂരം മാസങ്ങള്‍ മാത്രമാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷം നടത്തുന്നത്. ഇതിനോടകം ടീമുകളെല്ലാം ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യ നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ് കളിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമികളുമായെല്ലാം ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. 2021ല്‍ സെമി കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച താരനിരയുമായി എത്തുന്ന ഇന്ത്യയെ എതിരാളികളെല്ലാവരും കരുതി തന്നെയാവും ഇറങ്ങുകയെന്ന് ഉറപ്പ്.

നിരവധി സൂപ്പര്‍ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. മാച്ച് വിന്നര്‍മാരുടെ നീണ്ട നിര തന്നെ ഒപ്പമുണ്ടെങ്കിലും ഇതില്‍ ഏറ്റവും അപകടകാരിയാരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. അത് മറ്റാരുമല്ല ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെയാണ് എല്ലാവരും കരുതിയിരിക്കേണ്ട താരമായി പോണ്ടിങ് പറയുന്നത്. ഐപിഎല്ലില്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്.
'റിഷഭ് പന്ത് മനോഹരമായി കളിക്കുന്ന താരമാണ്. ലോകത്തെ കാല്‍ക്കീഴിലാക്കാന്‍ പ്രതിഭയുള്ളവനാണവന്‍. ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരി. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍. ഫ്‌ളാറ്റായി ബൗണ്‍സര്‍ നിറഞ്ഞ പിച്ചുകളില്‍ അവന് തിളങ്ങാനാവും. ലോകകപ്പില്‍ കരുതിയിരിക്കേണ്ട താരമാണവന്‍. ഐസിസി റിവ്യൂവില്‍ സംസാരിക്കവെയാണ് പോണ്ടിങ് ഇത്തരത്തില്‍ പറഞ്ഞത്.

റിഷഭ് ഇന്ത്യക്കായി ടെസ്റ്റില്‍ നിരവധി തവണ തിളങ്ങിയിട്ടുണ്ടെങ്കിലും ഇതേ മികവ് പരിമിത ഓവറില്‍ കാട്ടാനായിട്ടില്ല. ഏകദിനത്തിലും ടി20യിലും വലിയൊരു പ്രകടനം ഇതുവരെ റിഷഭ് നേടിയിട്ടില്ല. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്ന റിഷഭിന് ഇത്തവണത്തെ ടി20 ലോകകപ്പ് നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം അദ്ദേഹത്തിന് ടീമില്‍ തുടരുക പ്രയാസമാവുമെന്നുറപ്പ്.
റിഷഭ് എവിടെ ബാറ്റ് ചെയ്യണമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ അതിനുള്ള ഉത്തരവും പോണ്ടിങ് നല്‍കിയിരിക്കുകയാണ്. 'ബാറ്റിങ് നിരയില്‍ അഞ്ചാം നമ്പറിലാവും അവന് അവസരം ലഭിക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ സാഹചര്യം അനുസരിച്ച് ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്താം. അവസാന എട്ട് ഓവറിന് മുമ്പ് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് പോയിട്ടുള്ളതെങ്കില്‍ നാലാം നമ്പറില്‍ റിഷഭിനെ ഇറക്കി കൂടുതല്‍ പന്ത് നേരിടാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്'- പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

പ്രതിഭാശാലിയായ താരമാണ് റിഷഭെന്ന് എല്ലാവര്‍ക്കും അറിയാം. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ടെങ്കിലും ഇത്തവണ വലിയൊരു പ്രകടനം അദ്ദേഹത്തിന് കാഴ്ചവെക്കാനായില്ല. 14 മത്സരങ്ങളില്‍ നിന്ന് 340 റണ്‍സാണ് ആകെ നേടാനായത്. ഇത്തവണ ഡല്‍ഹിക്ക് പ്ലേ ഓഫിലും കടക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് റിഷഭാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റു. അഞ്ച് മത്സര പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലെ പ്രകടനം എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications