ആ തോല്‍വി അവനെ തളര്‍ത്തി, പക്ഷെ ഇപ്പോള്‍ റിഷഭ് പഴയ ആളല്ല- കൂട്ടുകാരനെക്കുറിച്ച് ചഹല്‍
മുന്‍ ഇതിഹാസനായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ നിഴലില്‍ നിന്നും പുറത്തുവന്ന് ഇപ്പോള്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറിയ റിഷഭ് പന്തിനെ പുകഴ്ത്തി ടീമംഗവും സ്പിന്നറുമായ യുസ്വേന്ദ്ര ചഹല്‍. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ മാറിയിരിക്കുകയാണ് റിഷഭ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മിന്നുന്ന പ്രകടനത്തോടെയാണ് താരത്തിന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

റിഷഭിന്റെ ബാറ്റിങ് ശൈലിയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു ചഹല്‍ പറയുന്നു. പക്ഷെ മാനസികമായി അവന്‍ കൂടുതല്‍ കരുത്തനായി മാറിയിട്ടുണ്ട്. താന്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോള്‍ അവനു നല്ല വ്യക്തതയുണ്ട്. ഇപ്പോള്‍ അവന്‍ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. വളരെയേറെ പക്വത നേടിയ ക്രിക്കറ്ററായി റിഷഭ് മാറിക്കഴിഞ്ഞതായും ചഹല്‍ വിശദമാക്കി.
2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ മധ്യത്തോടെ റിഷഭ് ടീമിനൊപ്പം ചേര്‍ന്നത് എനിക്കു ഓര്‍മയുണ്ട്. നമ്മള്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ടിരുന്നു. ഇതു റിഷഭിനെ വല്ലാതെ വേദനിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു. ഒരു മൂത്ത സഹോദരനെപ്പോലെയുള്ള എനിക്കു ഇതു നന്നായി മനസ്സിലാവുകയും ചെയ്തു. ഈ സമയത്തു ഞാന്‍ അവനോടു ഒരുപാട് സംസാരിച്ചിരുന്നു, വൈകാതെ അവന്‍ ഇതില്‍ നിന്നും പുറത്തു വരികയും ചെയ്തതായും ചഹല്‍ പറയുന്നു.

ഓസ്‌ട്രേലിയയില്‍ ഗാബ ടെസ്റ്റില്‍ പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ ബോള്‍ നന്നായി ടേണ്‍ ചെയ്തിരുന്ന പിച്ചില്‍ അവന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. പക്വതയും കളിയോടുള്ള അവന്റെ ആര്‍ത്തിയുമാണ് ഇതു തെൡയിക്കുന്നത്. നേരത്തേ റിഷഭിന് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഈ ലെവലില്‍ വിജയം കൊയ്യാന്‍ എന്താണ് ചെയ്യേണ്ടതെന്നു അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഉത്തരവാദിത്വം ഏറ്റെടുത്ത് റിഷഭ് തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നതില്‍ തനിക്കു സന്തോഷമുണ്ടെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും റിഷഭിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആദ്യമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ച അദ്ദേഹം ടീമിനെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ത്തിയിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം സീസണില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് റിഷഭിനു നായകസ്ഥാനം ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications