അഡ്‌ലെഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ പരിഹാസപാത്രമായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷാ. തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായി മടങ്ങിയതോടെ സോഷ്യല്‍ മീഡിയകളിലൂടെ ട്രോളിന് ഇരയായിരിക്കുകയാണ് താരം. നാലു ബോളില്‍ നാലു റണ്‍സെടുത്ത പൃഥ്വിയെ പേസര്‍ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പുറത്തായതിന്റെ റീപ്ലേ കൂടിയായിരുന്നു ഇത്. ഒന്നാമിന്നിങ്‌സില്‍ രണ്ടു പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെ നിന്ന പൃഥ്വിയെ മിച്ചെല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കിയിരുന്നു.

ആദ്യ ഇന്നിങ്‌സിനു സമാനമായി ബാറ്റിങിനിടെ പന്തിന്റെ ലൈനിലേക്ക് ഫ്രണ്ട് ഫൂട്ട് കൊണ്ടുവരാന്‍ ശ്രമിക്കാതെ നിന്നയിടത്തു നിന്ന് അലസമായി പൃഥ്വി ബോള്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് അല്‍പ്പമൊന്നു പാളിയപ്പോള്‍ ബാറ്റ് താഴുന്നതിന് മുമ്പ് തന്നെ ബോള്‍ കുറ്റികള്‍ തെറിപ്പിക്കുകയും ചെയ്തു. ഒന്നാമിന്നിങ്‌സിലും സമാനമായ തരത്തിലായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു മാത്രം. അന്നു ഫൂട്ട് മൂവ്‌മെന്റ് ഒട്ടുമില്ലാതെ ഷോട്ട് കളിച്ച പൃഥ്വി ബോള്‍ വിക്കറ്റിലേക്കു വലിച്ചിടുകയായിരുന്നു. ഇത്തവണയാവട്ടെ ബാറ്റ് ബോളുമായി ടച്ച് പോലും ചെയ്യുന്നതിനു മുമ്പ് സ്റ്റംപുകള്‍ വായുവില്‍ പറന്നു.
ഇതോടെ ടെസ്റ്റില്‍ നാണക്കേടിന്റെ ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് പൃഥ്വി. 2000ത്തിനു ശേഷം ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനു ബൗള്‍ഡായി മടങ്ങിയ മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറായി പൃഥ്വി മാറി. നേരത്തേ കെഎല്‍ രാഹുലിനു രണ്ടു തവണ ഈ നാണക്കേട് നേരിടേണ്ടി വന്നിട്ടുണ്ട്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ രണ്ടു ഇന്നിങ്‌സുകളിലും രണ്ട് റണ്‍സ് മാത്രമെടുത്ത് രാഹുല്‍ ബൗള്‍ഡായിരുന്നു. 18ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ 2, 0 എന്നിങ്ങനെ സ്‌കോറിനും രാഹുല്‍ ബൗള്‍ഡായി മടങ്ങി.

ഓസീസിനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലെ ദയനീയ പ്രകടനത്തോടെ പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ പൃഥ്വിക്കു ഇടമുണ്ടാവില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാള്‍ രണ്ടാം ടെസ്റ്റില്‍ പൃഥ്വിക്കു പകരം ഓപ്പണിങ് സ്ഥാനത്തേക്കു വരുമെന്നാണ് വിവരം. നേരത്തേ നടന്ന ത്രിദിന സന്നാഹ മല്‍സരങ്ങളില്‍ ഓപ്പണറായി ഇറങ്ങി ഗില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഗില്ലിനു പകരം പൃഥ്വിക്കു പിങ്ക് ബോള്‍ ടെസ്റ്റിന്റെ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായിപ്പോയെന്നു രണ്ടിന്നിങ്‌സുകളിലെയും ദയനീയ പ്രകടനത്തിലൂടെ താരം തെളിയിക്കുകയും ചെയ്തു.
ട്വിറ്ററില്‍ പൃഥ്വിയെ പരിഹസിച്ചും വിമര്‍ശിച്ചും വന്ന ചില പ്രധാനപ്പെട്ട ട്വീറ്റുകളിലേക്കു ഒന്നു കണ്ണോടിക്കാം-
അവന്‍ വന്നു. അവന്‍ കണ്ടു (ഷോ), അവന്‍ മടങ്ങി എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ജീവിതം പൃഥ്വി ഷായെപ്പോലെ ആയി മാറിയിരിക്കുകയാണ്. പ്രവചനീയമാണ്, ഒപ്പം ഒഴിവാക്കാനാവാത്തതുമാണെന്നായിരുന്നു ഒരു ട്വീറ്റ്.
ഇന്ത്യക്കു വേണ്ടി പൃഥ്വി ഷായുടെ അവസാനത്തെ ടെസ്റ്റ് മല്‍സരമായിരിക്കും ഇത്. ഷോട്ട് കളിക്കുമ്പോള്‍ ഫൂട്ട് മൂവ്‌മെന്റ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യക്കു വേണ്ടി ഒരു ഫോര്‍മാറ്റിലും കളിക്കുക അസാധ്യമായിരിക്കുമെന്ന് ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കി.
ബിസിസിഐ പൃഥ്വി ഷായ്ക്കു കുറച്ചു സമയം നല്‍കണം. അദ്ദേഹം പ്രതിഭയുള്ള താരമാണ്. കഴിവുള്ള ഒരു താരത്തെ ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒളിലാക്കുന്നത് ശരിയല്ലെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
ഷോ, പൃഥ്വിയില്‍ ലാന്‍ഡ് ചെയ്തുവെന്ന് ഒരു യൂസര്‍ പരിഹസിച്ചു
നൈറ്റ് വാച്ച്മാനായി ക്രീസിലെത്തി മികച്ച ഡിഫന്‍സ് കാഴ്ചവച്ച പേസര്‍ ജസ്പ്രീത് ബുംറയെ പൃഥ്വി കണ്ടു പഠിക്കണമെന്നായിരുന്നു ഒരു യൂസറുടെ നിര്‍ദേശം.
പൃഥ്വി ഷായേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് ബുംറയെന്നായിരുന്നു ഒരു ട്രോള്‍.
പൃഥ്വി ഷാ ഒരു ബ്രേക്കെടുക്കണം. അതിനു ശേഷം വേര്‍ഷന്‍ 2 ആയി മടങ്ങിവരണമെന്ന് ഒരു യൂസര്‍ ഉപദേശിച്ചു.
പൃഥ്വി ഷാ, നിങ്ങള്‍ അടുത്ത വിമാനത്തില്‍ കയറി ഇന്ത്യയിലേക്കു വരൂ. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.