
പാകിസ്താന്റെ യുവ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയും എംഎസ് ധോണിയോട് പലരും താരതമ്യപ്പെടുത്തുന്നുണ്ട്. സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന റിസ്വാന്‍ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കരിയര്‍ അവസാനിക്കുമ്പോഴേക്കും ധോണിയുടെ പല റെക്കോഡുകളും റിസ്വാന്‍ ഭേദിക്കുമെന്നാണ് പാകിസ്താന്‍ ആരാധകര്‍ പറയുന്നത്. എന്നാല്‍ ധോണിയുടെ നേട്ടങ്ങളുടെ പകുതിപോലും റിസ്വാനായിട്ടില്ലെന്നും താരതമ്യം ചെയ്യരുതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറും നായകനുമായ സല്‍മാന്‍ ബട്ട്.
'റിസ്വാന്‍ വളരെ ശാന്തനായിട്ടുള്ള താരമാണ്. ഭാവിയില്‍ മികച്ച നായകനാവാന്‍ കെല്‍പ്പുളളവനാണ്. എന്നാല്‍ അത്രയും ദൂരം അവനെ പോകാന്‍ അനുവദിക്കൂ. ധോണി നേടിയതിന്റെ പകുതിപോലും നേടാന്‍ ഇപ്പോള്‍ അവനായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്റെ പേര് ശ്രദ്ധിക്കപ്പെടുത്താന്‍ അവനായിട്ടുണ്ട്. ഭാവിയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള പ്രതിഭ റിസ്വാനുണ്ട്. എന്നാല്‍ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ധോണിയുമായി റിസ്വാനെ താരതമ്യം ചെയ്യാനാവില്ല' -സല്‍മാന്‍ ബട്ട് പറഞ്ഞു.

റിസ്വാന്‍ ഓപ്പണിങ്ങിലാണ് തിളങ്ങുന്നത്. ഇക്കഴിഞ്ഞ സീസണില്‍ 2000 ടി20 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് റിസ്വാന്‍. കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ അന്താരാഷ്ട്ര ടി20 റണ്‍സ് (1326) എന്ന നേട്ടവും റിസ്വാന്‍ സ്വന്തമാക്കി. 45 ഇന്നിങ്‌സില്‍ നിന്ന് 56.55 ശരാശരിയില്‍ 2036 റണ്‍സ് ഇതിനോടകം നേടിക്കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡില്‍ ധോണിയുടെ (39) റെക്കോഡിനെ റിസ്വാന്‍ (47 പുറത്താക്കല്‍) മറികടന്നിരുന്നു.

ധോണിയുടെ പല റെക്കോഡുകളും തകര്‍ക്കാന്‍ റിസ്വാന് മികവുണ്ടെങ്കിലും ഇപ്പോഴേ താരതമ്യം ചെയ്യാനാവില്ല. ധോണിയുടെ നായകമികവിനോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള ഒരു താരം പോലും ഇതുവരെയുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. തോറ്റെന്ന് വിധിയെഴുതിയ പല മത്സരങ്ങളിലും വിജയത്തിലേക്ക് ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഒറ്റക്ക് ടീമിനെ ചുമലിലേറ്റാല്‍ ധോണിക്ക് മികവുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതില്‍ ധോണിയുടെ മികവിന് പകരംവെക്കാന്‍ കെല്‍പ്പുള്ള താരം ലോക ക്രിക്കറ്റില്‍ത്തന്നെ ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്.

നിലവില്‍ ബാബര്‍ ആസമാണ് പാകിസ്താന്‍ നായകന്‍. ബാബറിനെ മറികടന്ന് റിസ്വാന് നായകസ്ഥാനത്തേക്കെത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. പെട്ടെന്ന് ഇത്തരമൊരു നായകമാറ്റം പാകിസ്താന്‍ ടീമില്‍ ഉണ്ടായേക്കില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ധോണി കുറിച്ച റെക്കോഡുകളെ മറികടക്കുക പോലും കടുപ്പമാണ്. എന്നാല്‍ ധോണിയുടെ ബാറ്റിങ് റെക്കോഡുകളെ ഒരു പക്ഷെ തകര്‍ക്കാന്‍ റിസ്വാന് സാധിച്ചേക്കും.


Click it and Unblock the Notifications













