For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദേഷ്യത്തില്‍ സ്റ്റംപ് അടിച്ചു തകര്‍ത്തു, ഹര്‍മന്‍ പ്രീതിന് പണി വരുന്നു! വിലക്കിയേക്കും

മിര്‍പ്പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് വനിതകളുടെ മൂന്ന് മത്സര ഏകദിന പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമും ഓരോ ജയം വീതം നേടിയപ്പോള്‍ പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ഇരു ടീമും സമനില പങ്കിടുകയായിരുന്നു.

ആവേശകരമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ആതിഥേയരായ ബംഗ്ലാദേശ് നാല് വിക്കറ്റിന് 225 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്ന് പന്ത് ശേഷിക്കെ 225 റണ്‍സിന് ഓള്‍ഔട്ടായതോടെ മത്സരം സമനിലയായി.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മത്സര ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും അംപയര്‍ക്കെതിരേ പ്രതികരിച്ചിരുന്നു. മത്സരത്തില്‍ അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ കളത്തിനുള്ളില്‍വെച്ച് ഹര്‍മന്‍പ്രീത് പ്രതികരിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സ്റ്റംപ് ബാറ്റുകൊണ്ട് അടിച്ചു തകര്‍ത്ത ഹര്‍മന്‍പ്രീതിന്റെ പെരുമാറ്റമാണ് ചര്‍ച്ചയായിരിക്കുന്നത്.

harmanpreet kaur

20 പന്തില്‍ 14 റണ്‍സുമായി ഹര്‍മന്‍പ്രീത് ക്രീസില്‍ നില്‍ക്കവെയാണ് നാടകീയ സംഭവങ്ങള്‍ നടക്കുന്നത്. നഹിദ അക്തറിന്റെ പന്തില്‍ ഹര്‍മന്‍പ്രീതിന്റെ സ്വീപ് ഷോട്ട് പിഴച്ചു. കൃത്യമായി കണക്ട് ചെയ്യാതെ വന്നപ്പോള്‍ ഹര്‍മന്റെ പാഡില്‍ തട്ടി പന്ത് സ്ലിപ്പിലേക്ക്. ബംഗ്ലാദേശ് താരങ്ങള്‍ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തതിന് പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഹര്‍മന്‍ ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചു തകര്‍ക്കുകയും അംപയറോട് കയര്‍ക്കുകയും ചെയ്തു.

മടങ്ങുന്ന വഴി അംപയറെ അസഭ്യം പറയുകയും ചെയ്തു. മത്സര ശേഷവും മോശം അംപയറിങ്ങിനെതിരേ ഹര്‍മന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ഇപ്പോഴിതാ ഹര്‍മന്റെ കളത്തിലെ മോശം പെരുമാറ്റത്തിനെതിരേ നടപടി സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനെ വിലക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കളത്തിനുള്ളില്‍ പുറത്തെടുക്കാവുന്ന ഏറ്റവും മോശം പെരുമാറ്റമാണിതെന്നാണ് വിമര്‍ശനം ഉയരുന്നത്.

അംപയറെ അസഭ്യം പറഞ്ഞതിന്റെ പേരിലും കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലും ഹര്‍മന്‍പ്രീതിനെതിരേ നടപടിയുണ്ടാകാനാണ് സാധ്യത. മത്സരത്തിന്റെ നിര്‍ണ്ണായക സമയത്താണ് താരം പുറത്താവുന്നത്. ഇതാണ് ഇന്ത്യന്‍ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. എന്തായാലും ഹര്‍മന്റെ മോശം പെരുമാറ്റത്തിനെതിരേ മാതൃകാ പരമായ ശിക്ഷയുണ്ടാവും. അംപയര്‍ മോശം പെരുമാറ്റത്തിനെതിരേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് വിലക്ക് ശിക്ഷ ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

എന്തായാലും ബംഗ്ലാദേശിനെ പരമ്പര നേടാനാവാതെ പോയത് ഇന്ത്യക്ക് വലിയ നാണക്കേടായി മാറി. പരമ്പര പങ്കിട്ടാണ് ഇന്ത്യന്‍ വനിതകള്‍ മടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനായി ഹര്‍ഗാന ഹൊഖ് (107) സെഞ്ച്വറി നേടിയപ്പോള്‍ ഷമീമ സുല്‍ത്താന (52) ഫിഫ്റ്റിയും സ്വന്തമാക്കി. ഒന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (24), റിതു മോനി (2), ശൊബ്‌ന മൊസ്താരി (23) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി സ്‌നേഹ് റാണ രണ്ടും ദേവിക വൈദ്യ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. ഷഫാലി വര്‍മ (4), യാസ്തിക ബാട്ടിയ (5) എന്നിവര്‍ പെട്ടെന്ന് പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റിലെ സ്മൃതി മന്ദാന (59), ഹര്‍ലീന്‍ ഡിയോള്‍ (77) കൂട്ടുകെട്ട് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച നേരിട്ടു.

ഒരുവശത്ത് ജെമീമ റോഡ്രിഗസ് (33*) പൊരുതിനിന്നെങ്കിലും പിന്തുണക്കാന്‍ ആളില്ലാതെ പോയി. ഇന്ത്യക്ക് ജയിക്കാന്‍ നാല് പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ മേഘന സിങ്ങിനെ പുറത്താക്കി ബംഗ്ലാദേശ് മത്സരം സമനില പിടിക്കുകയായിരുന്നു.

Story first published: Sunday, July 23, 2023, 9:51 [IST]
Other articles published on Jul 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+