മുംബൈ: ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരകള്‍ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമുകളെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ആവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മൂന്നു ടീമുകളെയും പ്രഖ്യാപിക്കുകയെന്നാണ് വിവരം.
ഇംഗ്ലണ്ടുമായി ടി20, ഏകദിന പരമ്പരകളാണ് ഈ മാസവും അടുത്ത മാസവുമായി ഇന്ത്യ കളിക്കുക. 22 മുതലാണ് അഞ്ചു ടി20 കളുടെ പരമ്പര നടക്കാനിരിക്കുന്നത്. ഏകദിന പരമ്പര ഫെബ്രുവരി ആറിനുമാണ്. അതിനു ശേഷമാണ് ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഇന്ത്യന്‍ സംഘം യുഎഇയിലേക്കു പറക്കുക. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ദുബായിലാണ്.
ചാംപ്യന്‍സ് ട്രോഫി മുന്നില്‍ കണ്ട് ഏറെക്കുറെ അതേ ടീമിനെയാവും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തേക്കുക. എന്നാല്‍ ടി20 പരമ്പരയ്ക്കായി മറ്റൊരു ടീമായിയിരുക്കും ഇറങ്ങുന്നത്. ഇംഗ്ലണ്ടുമായുള്ള പരമ്പര, ചാംപ്യന്‍സ് ട്രോഫി ടീം എന്നിവയിലെല്ലാം ഇടം ലഭിച്ചേക്കുക ചുരുക്കം ചിലര്‍ക്കു മാത്രമായിരിക്കും. മൂന്നു ടീമുകളിലും ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരെ അറിയാം.

അഞ്ചു പേര്‍ മാത്രം?
ഇന്ത്യയുടെ ടി20, ഏകദിന ടീം, ഐസിസി ചാംപ്യന്‍സ് ട്രോഫി ടീം എന്നീ മൂന്നിലും സ്ഥാനം ലഭിച്ചേക്കുക വെറും അഞ്ചു പേര്‍ക്കായിരിക്കുമെന്നാണ് സൂചനകള്‍. ചില സൂപ്പര്‍ താരങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുമില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെല്ലാം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഈ ഫോര്‍മാറ്റിനോടു ഗുഡ്‌ബൈ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഏകദിന ടീം, ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ് എന്നിവയില്‍ മാത്രമേ ഇവരെ കാണാനാവുകയുള്ളൂ.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ മൂന്നു ടീമുകളിലേക്കും നറുക്കുവീഴാന്‍ പോവുന്ന അഞ്ചു കളിക്കാര്‍.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
സീറ്റ് ഗ്യാരണ്ടി 3 പേര്‍ക്ക്
അഞ്ചു താരങ്ങള്‍ക്കു ഇന്ത്യയുടെ മൂന്നു വ്യത്യസ്ത ടീമുകളിലും സീറ്റ് ഗ്യാരണ്ടിയാണെന്നു ഉറപ്പിച്ച് പറയാന്‍ കഴിയില്ല. ഇവരില്‍ മൂന്നു പേര്‍ മാത്രമാണ് എല്ലാ ടീമുകളിലും 100 ശതമാനം സ്ഥാനമുറപ്പുള്ളവര്‍. ഇതു ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിങുമാണ്. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ കാര്യം ഇനിയും ഉറപ്പായിട്ടില്ല.
ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനം കളിച്ച ശേഷമാണ് ജയ്‌സ്വാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. അതിനു മുമ്പ് ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളിലും അദ്ദേഹം കളിച്ചിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരകളില്‍ ജയ്‌സ്വാളിനു വിശ്രമം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും മാത്രമേ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുകയുള്ളൂ.

സഞ്ജുവിന്റെ കാര്യമെടുത്താല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തിനു സ്ഥാനം ഉറപ്പാണെന്നു തന്നെ പറയാം. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രമല്ല ഓപ്പണറും സഞ്ജു തന്നെ ആയേക്കും. എന്നാല്‍ ഏകദിനത്തിലും ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹത്തിനു സ്ഥാനമുറപ്പില്ല.
രണ്ടിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു രാഹുലാണ് ഫേവറിറ്റ്. ബാക്കപ്പ് സ്ഥാനത്തിനു വേണ്ടി സഞ്ജുവും റിഷഭ് പന്തുമാണ് പോരടിക്കുന്നത്. ഇവരില്‍ ആരെ ഉള്‍പ്പെടുത്തമെന്നത് കോച്ച് ഗൗതം ഗംഭീറിന്റെ കൂടി അഭിപ്രായം അനുസരിച്ചായിരിക്കും സെലക്ടര്‍മാര്‍ തീരുമാനിക്കുക.
ഗംഭീറിനു കൂടുതല്‍ പ്രിയം സഞ്ജുവിനോട് ആയതിനാല്‍ അദ്ദേഹത്തിന്റെ പിന്തുണ കിട്ടാന്‍ സാധ്യതയുമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആവശ്യപ്പെട്ടേക്കുക റിഷഭിനെയായിരിക്കും. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു തന്നെ കാണാം.