ടീം ഇന്ത്യക്കൊപ്പം വീണ്ടുമൊരു ദ്വിരാഷ്ട്ര പരമ്പര കൂടി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഭാവി വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യക്കു നഷ്ടമായിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരേ അടുത്ത മാസം 11 മുതല്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നാണ് പരിക്കു കാരണം അദ്ദേഹം പിന്‍മാറിയത്. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഹാര്‍ദിക് കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹാര്‍ദിക്കിന്റെ തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ശുഭകരമായ സൂചനകളല്ല നല്‍കുന്നത്. രോഹിത് ശര്‍മയ്ക്കു ശേഷം അടുത്ത ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് അദ്ദേഹം. പക്ഷെ ഇതേ രീതിയില്‍ പരിക്കുകളെ കൂട്ടുപിടിച്ച് ഹാര്‍ദിക് മുന്നോട്ടു പോവുകയാണെങ്കില്‍ സ്ഥിരം നായകനായി ഇന്ത്യക്കു മറ്റൊരാളെ നോക്കുന്നതാവും ഉചിതം.

ഇന്ത്യന്‍ ടീമിനോടൊപ്പം നിരന്തരം മല്‍സരങ്ങള്‍ നഷ്ടമാവുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ ഹാര്‍ദിക്കിനു ഇതു സംഭവിക്കുന്നില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ദേശീയ ടീമിനേക്കാള്‍ ഐപിഎല്ലിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാവുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഒന്നും, രണ്ടുമല്ല അഞ്ചു വൈറ്റ് ബോള്‍ പരമ്പരകളാണ് ഹാര്‍ദിക്കിനു പരിക്കു കാരണം നഷ്ടമായിരിക്കുന്നത്. കൂടാതെ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും പകുതി മല്‍സരങ്ങളില്‍ പോലും അദ്ദേഹത്തിനു കളിക്കാനായില്ല.
അയര്‍ലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ എവേ ടി20 പരമ്പരയാണ് ഹാര്‍ദിക്കിനു ഈ വര്‍ഷം ആദ്യമായി നഷ്ടമായത്. ആഗസ്റ്റിലായിരുന്നു ഈ പരമ്പര. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. തുടര്‍ന്നു ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ ഹാര്‍ദിക് കളിച്ചില്ല. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്.
അവസാനമായി സൗത്താഫ്രിക്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയിലും ഹാര്‍ദിക്കിന്റെ സേവനം ടീം ഇന്ത്യക്കു ലഭിച്ചില്ല. ഈ പരമ്പരയിലും ടീമിനെ നയിച്ചത് സൂര്യയായിരുന്നു. ഏകദിന പരമ്പരയിലേക്കു വരികയാണെങ്കില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഹാര്‍ദിക് കളിച്ചില്ല. കെഎല്‍ രാഹുലിനു കീഴിലാണ് ഇന്ത്യ ഈ പരമ്പര കളിച്ചത്.

ഏകദിന ലോകകപ്പില്‍ വെറും നാലു മല്‍സരങ്ങളിലാണ് ഹാര്‍ദിക് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നത്. ലീഗ് ഘട്ടത്തില്‍ ബംഗ്ലാദേശുമായുള്ള കളിയില്‍ ബൗളിങിനിടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ബൗള്‍ ചെയ്ത ശേഷം ഫോളോത്രൂയ്ക്കിടെ കാല്‍ കൊണ്ട് ബോള്‍ തടുക്കാന്‍ ശ്രമിക്കവെ ഹാര്‍ദിക് അടിതെറ്റി വീഴുകയായിരുന്നു. കണംകാലിനു പരിക്കേറ്റ അദ്ദേഹം തുടര്‍ന്നു ഗ്രൗണ്ട് വിടുകയും ചെയ്തു. അതിനു ശേഷം ഹാര്‍ദിക്ക് കളിക്കളത്തിലേക്കു മടങ്ങിയെത്തിയിട്ടുമില്ല.
പരിക്കുകള്‍ നിരന്തരം വേട്ടയാടുകയാണെങ്കിലും ഹാര്‍ദിക്കിന്റെ താരമൂല്യത്തിനു ഇപ്പോഴും ഇടിവൊന്നും സംഭവിച്ചിട്ടില്ല. അടുത്തിടെയാണ് ഐപിഎല്ലില്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക്കിനെ നിയമിച്ചത്. കഴിഞ്ഞ രണ്ടു സീസണുകളിലും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ തികച്ചും അപ്രതീക്ഷിതമായാണ് ലേലത്തിനു തൊട്ടുമുമ്പ് മുംബൈ തിരികെ വാങ്ങിയത്.
ഇതിനായി പണം കണ്ടെത്താന്‍ ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കുകയും ചെയ്തിരുന്നു. ടീമിലേക്കു കൊണ്ടു വന്ന് ദിവസങ്ങള്‍ക്കം രോഹിത്തിനെ പുറത്താക്കി ഹാര്‍ദിക്കിനെ പുതിയ നായകനായി മുംബൈ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.