മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ തയ്യാറെടുക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു അപ്രതീക്ഷിത ഷോക്ക്. ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ അദ്ദേഹം നയിച്ച ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരിക്കുകയാണ്. മുംബൈ ടീമിലെ ചില ടീമംഗങ്ങള്‍ സംഘത്തിലുണ്ടായിട്ടും ജയിക്കാമായിരുന്ന മല്‍സരം ഹാര്‍ദിക് കൈവിടുകയായിരുന്നു. അദ്ദേഹത്തിന്റെ റിലയന്‍സ് 1 ടീം ക്വാര്‍ട്ടറില്‍ ഡിവൈ പാട്ടീല്‍ റെഡ് ടീമിനോടു ആറു വിക്കറ്റിനാണ് പരാജയപ്പെട്ടത്.
മുംബൈയിലെ ടീമംഗങ്ങളായ മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ്, നെഹാല്‍ വദേര, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ എന്നിവരും ഹാര്‍ദിക് നയിച്ച റിലയന്‍സ് 1 ടീമിലുണ്ടായിരുന്നു. പക്ഷെ ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായില്ല. ഹാര്‍ദിക്കിന്റെ സഹോദരന്‍ കൂടിയായ ക്രുനാല്‍ പാണ്ഡ്യയാണ് ഡിവൈ പാട്ടീല്‍ റെഡ് ടീമിനെ നയിച്ചത്.

189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ക്രുനാലിന്റെ ടീമിനു അവസാനത്തെ മൂന്നോവറില്‍ ജയിക്കാന്‍ 38 റണ്‍സ് ആവശ്യമായിരുന്നു. പക്ഷെ അതു പ്രതിരോധിക്കുന്നതില്‍ ഹാര്‍ദിക് പരാജയപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പിഴവാണ് ടീമിനു സെമി ഫൈനല്‍ ബെര്‍ത്ത് നിഷേധിച്ചത്.
റിലയന്‍സ് 1 ടീമിനെതിരേ അബ്ദുള്‍ സമദിന്റെ ബാറ്റിങ് വീഡിയോ കാണാം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വമ്പനടിക്കാരനായ യുവതാരം അബ്ദുള്‍ സമദിന്റെ ഇടിവെട്ട് ഇന്നിങ്‌സാണ് ഹാര്‍ദിക്കില്‍ നിന്നും മല്‍സരം തട്ടിയെടുത്തത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ സമദ് 31 ബോളില്‍ പുറത്താവാതെ 49 റണ്‍സുമായി ടീമിന്റെ അമരക്കാരനായി മാറി. നാലു ഫോറും മൂന്നു സിക്‌സറും സമദിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
18ാം ഓവറില്‍ 15ഉം 19ാം ഓവറില്‍ 14ഉം റണ്‍സ് ക്രുനാലിന്റെ ടീമിനു ലഭിച്ചു. 19ാം ഓവര്‍ ബൗള്‍ ചെയ്തത് കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയുടെ കണ്ടെത്തലായി മാറിയ യുവ പേസര്‍ മധ്വാളായിരുന്നു. ആദ്യത്തെ അഞ്ചു ബോളില്‍ രണ്ടു വൈഡുള്‍പ്പെടെ നാലു റണ്‍സമാണ് മധ്വാള്‍ വഴങ്ങിയത്.
പക്ഷെ അവസാനത്തെ രണ്ടു ബോളില്‍ മധ്വാൾ സമദിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അഞ്ചാമത്തെ ബോള്‍ തേര്‍ഡ് മാനിലൂടെ സമദ് ബൗണ്ടറി കടത്തി. അവസാനത്തെ ബോള്‍ ലോങ് ഓഫിനു മുകളിലൂടെ താരം സിക്‌സറിലേക്കു പറത്തുകയും ചെയ്തു. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ് മാത്രം.

അഭിലാഷ് ഷെട്ടിയെറിഞ്ഞ ആദ്യ ബോള്‍ വൈഡ്, അടുത്ത ബോളില്‍ സിംഗിള്‍. മൂന്നാമത്തെ ബോളില്‍ സ്‌ട്രൈക്ക് ലഭിച്ചത് സമദിനാണ്. ഡീപ്പ് മിഡ് വിക്കറ്റിലൂടെ കിടിലനൊരു സിക്‌സറാണ് താരം പറത്തിയത്. നാലാമത്തെ ബോളില്‍ സിംഗിളും നേടി സമദ് ടീമിന്റെ വിജയവും സെമി ടിക്കറ്റും ഉറപ്പിക്കുകയായിരുന്നു. ഫേവറിറ്റുകളായിരുന്ന ഹാര്‍ദിക്കിന്റെ ടീം സെമി പോലുമെത്താതെ പുറത്താവുകയും ചെയ്തു. ഇനി ഐപിഎല്ലില്‍ മുംബൈയുടെ നീലക്കുപ്പായത്തിലാണ് ഹാര്‍ദിക്കിനെ കാണാന്‍ സാധിക്കുക.
ഡിവൈ പാട്ടീല്‍ റെഡ് ടീമിനെതിരേ ആദ്യം ബാറ്റ് ചെയ്ത റിലയന്‍സ് 1 ടീം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെന്ന മികച്ച ടോട്ടലിലത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ വിഷ്ണു വിനോദാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ വിഷ്ണു 79 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 40 ബോളുകള്‍ നേരിട്ട താരം ഒമ്പതു ഫോറും നാലു സിക്‌സറുമടിച്ചു.
മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. ഹാര്‍ദിക് 16 ബോളില്‍ 17ഉം വദേര 13 ബോളില്‍ 18ഉം റണ്‍സെടുത്ത് മടങ്ങി. ഹാര്‍ദിക്കിന് ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇംപാക്ടുണ്ടാക്കാനായില്ല. നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല.