മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായ ഹാര്‍ദിക്കിന് അത്ര നല്ല സീസണായിരുന്നില്ല കഴിഞ്ഞുപോയത്. ഈ സീസണില്‍ ആരാധകരുടെ കൂവലടക്കം ഏറ്റുവാങ്ങിയ ഹാര്‍ദിക് പ്രകടനംകൊണ്ടും തീര്‍ത്തും നിരാശപ്പെടുത്തി. മോശം സമയത്തിലൂടെ കടന്ന് പോകുന്ന ഹാര്‍ദിക്കിനെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചും തമ്മില്‍ വേര്‍പിരിയുകയാണെന്ന റിപ്പോര്‍ട്ടാണ് വൈറലാവുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ സമ്പാദ്യത്തിന്റെ 70% നഷ്ടമായെന്നും ഇതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് വിവാഹ ബന്ധം വേര്‍പെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. മുംബൈയിലെ കസ്റ്റംസ് ഹാര്‍ദിക് പാണ്ഡ്യയുടെ കൈവശമുണ്ടായിരുന്ന 5 കോടിയുടെ രണ്ട് വാച്ചുകളും ചില വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മതിയായ രേഖകളില്ലാത്തതിനാലാണ് കസ്റ്റംസ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് ഹാര്‍ദിക് വിശദീകരിച്ചത്. പക്ഷെ ഹാര്‍ദിക്കിന്റെ വലിയൊരു ശതമാനം സമ്പാദ്യവും ദൂര്‍ത്തിലൂടെ പാഴാക്കിയെന്നും നഡാഷയുമായി വിവാഹമോചനം നടത്തിയെന്നുമാണ് റെഡ്ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഏറെ നാളുകളായി ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ചിരുന്നപ്പോള്‍ ഹാര്‍ദിക്കിനൊപ്പം മിക്കപ്പോഴും നഡാഷയുണ്ടായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ നഡാഷയെ ഹാര്‍ദിക്കിനൊപ്പം കണ്ടിരുന്നില്ല. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവ് നഡാഷ ഇന്‍സ്റ്റഗ്രാമില്‍ പേരുമാറ്റിയതാണ്. നഡാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യയെന്നായിരുന്നു നഡാഷയുടെ ഇന്‍സ്റ്റഗ്രാമിലെ പേര്. എന്നാല്‍ ഇപ്പോഴത് നഡാഷ സ്റ്റാന്‍കോവിച്ച് എന്ന് മാത്രമായി മാറ്റി. ഇതില്‍ നിന്ന് തന്നെ ഇവര്‍ തമ്മിലുള്ള പ്രശ്‌നം വ്യക്തമാണ്.

സാധാരണയായി ഹാര്‍ദിക് മികച്ച പ്രകടനം നടത്തുമ്പോഴും പ്രതിസന്ധി നടത്തുമ്പോഴുമെല്ലാം നഡാഷ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിലൂടെ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല. മുംബൈയുടെ നായകനായപ്പോള്‍ മുതല്‍ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനവും പരിഹാസവുമെല്ലാം ഉയര്‍ന്നിരുന്നു. അപ്പോഴൊന്നും നഡാഷ ഒരു പോസ്റ്റ് പോലും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചില്ല. ഇരുവരും ഏറെ നാളുകളായി ഒരുമിച്ചുള്ള പോസ്റ്റുകളൊന്നും ഇപ്പോള്‍ പങ്കുവെക്കുന്നില്ല.
മകളും ഹാര്‍ദിക്കുമൊത്തുള്ള പല ചിത്രങ്ങളും നഡാഷ നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 4നാണ് നഡാഷയുടെ ജന്മദിനം. അന്ന് ഹാര്‍ദിക് ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവെച്ചില്ല. ഇതെല്ലാം ഹാര്‍ദിക് പാണ്ഡ്യയും നഡാഷയും വേര്‍പിരിഞ്ഞുവെന്നതിന്റെ തെളിവായാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ലെന്നാണ് പുറത്തുവരുന്ന വിവരം.
സമീപകാലത്തെ ഹാര്‍ദിക്കിന്റെ മോശം പ്രകടനത്തിന് കാരണം കുടുംബ ബന്ധത്തിലെ പ്രശ്‌നങ്ങളാണെന്ന് പറയാം. സെര്‍ബിയന്‍ മോഡലുമായുള്ള പ്രണയം ഹാര്‍ദിക് സര്‍പ്രൈസായാണ് വെളിപ്പെടുത്തിയത്. നഡാഷ ഗര്‍ഭിണിയായതിന് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. അത്യാഡംഭരമായ വിവാഹമായിരുന്നു നടത്തിയിരുന്നത്. ഹാര്‍ദിക് ചെറിയ സാമ്പത്തിക നിലയില്‍ നിന്ന് കോടീശ്വരനായി മാറിയ താരമാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ അത്യാഡംഭര ജീവിതമാണ് താരം നയിക്കുന്നത്.
വാച്ചുകളോടാണ് ഹാര്‍ദിക്കിന് കൂടുതല്‍ താല്‍പര്യം. കോടികളുടെ വാച്ച് ശേഖരം ഇപ്പോള്‍ ഹാര്‍ദിക്കിനുണ്ട്. വലിയ വാഹന ശേഖരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഹാര്‍ദിക്കിന്റെ സമ്പാദ്യത്തില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇതാണോ ഇരുവരും വേര്‍പിരിയാന്‍ കാരണമെന്നത് വ്യക്തമല്ല. സംഭവം സത്യമാണെങ്കില്‍ ടി20 ലോകകപ്പിലെ ഹാര്‍ദിക്കിന്റെ പ്രകടനത്തേയും അത് ബാധിച്ചേക്കും. എങ്കില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായിരിക്കുമെന്നുറപ്പ്.