ഹര്‍ദിക് പാണ്ഡ്യ - രവീന്ദ്ര ജഡേജ, ആരാണ് ബെസ്റ്റ് ?, നാല് കാര്യങ്ങള്‍ അതിന് ഉത്തരം നല്‍കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരാണ് ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. ഹര്‍ദിക് പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടുമ്പോള്‍ രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയിലാണ് കൈയടി നേടുന്നത്. രണ്ട് പേരും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ളവരുമാണ്. ഇവരിലാരാണ് മികച്ചവനെന്ന് പറയുക പ്രയാസമാണ്. രണ്ട് പേരും തങ്ങളുടേതായ നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ശക്തി തെളിയിച്ചവരാണ്.
ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന ഹര്‍ദിക് സമീപകാലത്തായി പരിക്കേറ്റ് ടീമിന് പുറത്താണ്. ഇടവേളക്ക് ശേഷം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ദിക്. എന്നാല്‍ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനൊപ്പം തുടരുന്നു. മാച്ച് വിന്നറായി ഇന്ത്യയുടെ മധ്യനിരയില്‍ ജഡേജയാണ് വിശ്വസ്തന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാഹചര്യവും ഇതുവരെയുള്ള പ്രകടനവും വിലയിരുത്തി ഹര്‍ദിക് പാണ്ഡ്യ- രവീന്ദ്ര ജഡേജ എന്നിവരില്‍ ആരാണ് മികച്ച ഓള്‍റൗണ്ടര്‍ ? നാല് കാര്യങ്ങള്‍ പരിശോധിച്ച് ഉത്തരം കണ്ടെത്താം.

സ്ഥിരതയുള്ള ഫിറ്റ്‌നസ്
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രണ്ട് പേരും വളരെ ശ്രദ്ധ നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ രണ്ട് താരങ്ങള്‍ക്കും മികച്ച ശാരീരിക ക്ഷമതയുമുണ്ട്. എന്നാല്‍ ഹര്‍ദിക് സമീപകാലത്തായി പരിക്കിന്റെ പിടിയിലാണ്. പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാനോ പഴയതുപോലെ വെടിക്കെട്ട് നടത്താനോ അദ്ദേഹത്തിന് സാധിക്കാതെ വന്നതോടെയാണ് ഹര്‍ദിക്കിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞത്. ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി ഹര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ എത്രത്തോളം മികച്ച പ്രകടനത്തിലേക്കെത്താനാവുമെന്നത് കണ്ടറിയണം.
എന്നാല്‍ ജഡേജ ഇപ്പോഴും തന്റെ ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം നിലനിര്‍ത്തുന്നു. ഇടക്ക് പരിക്കേറ്റ് വിശ്രമം എടുക്കേണ്ടി വരുന്നുണ്ടെങ്കിലും തന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഫിറ്റ്‌നസ് പ്രശ്‌നം ഇതുവരെ ജഡേജയ്ക്കുണ്ടായിട്ടില്ല. സാഹസികമായി ഫീല്‍ഡിങ് ചെയ്യുന്നതുള്‍പ്പെടെ കളത്തില്‍ ജഡേജ സജീവമാണ്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം വലിയ ശ്രദ്ധ നല്‍കാറുണ്ട്. നിലവിലെ ഫിറ്റ്‌നസ് വിലയിരുത്തുമ്പോള്‍ ജഡേജ ഒരുപടി മുന്നിലാണ്.

ബാറ്റിങ് കരുത്ത്
ഹര്‍ദിക്കും ജഡേജയും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ സ്ഥിരതയിലേക്ക് വരുമ്പോള്‍ ജഡേജ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരോടൊപ്പം ഒപ്പം പിടിക്കും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ സ്ഥിരത കാട്ടാന്‍ ജഡേജക്ക് സാധിക്കാറുണ്ട്. 2019ന് ശേഷം 60 മത്സരങ്ങള്‍ ഇന്ത്യക്കായി ജഡേജ കളിച്ചു. ടെസ്റ്റില്‍ 48, ഏകദിനത്തില്‍ 42 എന്നിങ്ങനെയാണ് ബാറ്റിങ് ശരാശരി. ടി20യില്‍ 50നും മുകളിലാണ്. നാട്ടിലും വിദേശത്തും ഒരുപോലെ മികവ് കാട്ടുന്നു.

എന്നാല്‍ ഹര്‍ദിക്കിന്റെ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഈ സ്ഥിരത കാണാനാവില്ല. ഫോമിലേക്കെത്തുന്ന ദിവസം ബൗളര്‍മാരെ ഒന്നടങ്കം കണ്ണീരണിയിപ്പിക്കാന്‍ ഹര്‍ദിക്കിന് മികവുണ്ട്. എന്നാല്‍ ഈ മികവ് സ്ഥിരതയോടെ കാട്ടാന്‍ അദ്ദേഹത്തിനാവുന്നില്ല. സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന വിശേഷണം ഹര്‍ദിക്കിനെക്കാള്‍ ചേരുക ജഡേജയ്ക്കാണ്.

ടീമിന്റെ വിശ്വസ്തന്‍
ടീം മാനേജ്‌മെന്റിന് ഹര്‍ദിക്കിനെക്കാള്‍ കൂടുതല്‍ വിശ്വാസം ജഡേജയാണ്. ഇടം കൈയനാണെന്നത് ജഡേജക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ജഡേജക്ക് കഴിവുണ്ട്. അതേ സമയം ഹര്‍ദിക്കിന്റെ കാര്യം അങ്ങനെയല്ല. വിശ്വസ്തനെന്ന നിലയില്‍ ടീം മാനേജ്‌മെന്റ് ഹര്‍ദിക്കിനെ കാണാറില്ല. വമ്പന്‍ ഷോട്ടിന് ശ്രമിക്കുമെന്നതല്ലാതെ ജഡേജയെപ്പോലെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ഹര്‍ദിക്കിന് മികവ് കുറവാണെന്ന് തന്നെ പറയാം.

ടെസ്റ്റ് കരിയര്‍
നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ജഡേജ മികച്ച കരിയര്‍ സൃഷ്ടിച്ചു. എന്നാല്‍ ഹര്‍ദിക്കിന്റെ ടെസ്റ്റ് കരിയര്‍ നോക്കുമ്പോള്‍ ഈ മികവ് കാണാനാവുന്നില്ല. ടെസ്റ്റില്‍ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ പ്രാധാന്യം ഹര്‍ദിക്കിന് നല്‍കിയിരുന്നെങ്കിലും അതിനൊത്തുയരാന്‍ താരത്തിനായില്ല. എന്നാല്‍ ജഡേജ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലാണ്. ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് ജഡേജ. ടെസ്റ്റ് കരിയര്‍ പരിശോധിക്കുമ്പോഴും ഹര്‍ദിക്കിനെക്കാള്‍ കേമന്‍ ജഡേജയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications