ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ വെടിക്കെട്ട് പ്രകടനവുമായി മാന്‍ ഓഫ് ദി മാച്ചായി മാറിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ് പൊസിഷനില്‍ അതിനേക്കാള്‍ മികച്ചൊരു താരമില്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറ്റിങില്‍ മുന്‍നിരയിലേക്കു കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഹാര്‍ദിക്കില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനമുണ്ടാവുമെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ഇനിയുള്ള മല്‍സരങ്ങളില്‍ ഹാര്‍ദിക്കിന് ബാറ്റിങിന് കുറേക്കൂടി മുന്നില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കും. ചിലപ്പോള്‍ വിരാട് കോലിക്കു പിന്നില്‍ നാലാമനായും ഹാര്‍ദിക് ബാറ്റ് ചെയ്‌തേക്കും. അങ്ങനെ സംഭവിച്ചാല്‍ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഹാര്‍ദിക് നേടിയേക്കും. ഇന്ത്യക്കു വേണ്ടി ഓരോ തവണ കളിക്കുമ്പോഴും അദ്ദേഹം സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ സ്വാധീനം ഹാര്‍ദിക്കില്‍ ഉണ്ടായിട്ടുണ്ടെന്നു സെവാഗ് പറയുന്നു. എന്നാല്‍ ഓസീസിനെതിരായ രണ്ടാം ടി20യിലെ മാച്ച് വിന്നിങ് ഇന്നിങ്‌സിനു ശേഷം തന്റെ പ്രചോദനം വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സിലെ സഹതാരവുമായ കരെണ്‍ പൊള്ളാര്‍ഡാണെന്നായിരുന്നു ഹാര്‍ദിക് വെളിപ്പെടുത്തിയത്. എന്നാല്‍ ധോണിയുടെ മാച്ച് ഫിനിഷിങ് മികവ് ഹാര്‍ദിക്കിനെ സ്വാധീനിച്ചിട്ടുണ്ടെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

അദ്ഭുതപ്പെടുത്തുന്ന ക്രിക്കറ്റര്‍ തന്നെയാണ് ഹാര്‍ദിക്. എംഎസ് ധോണിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു നേരത്തേ ഏറെ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ധോണിക്കൊപ്പം ഹാര്‍ദിക് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനും താരത്തിനു സാധിച്ചിട്ടുണ്ടാവുമെന്നു സെവാഗ് വിശദമാക്കി.
മല്‍സരം എങ്ങനെ ഫിനിഷ് ചെയ്യണമെന്ന് പഠിക്കാന്‍ ധോണിയേക്കാള്‍ മികച്ചൊരാളെ ലഭിക്കില്ലെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ധോണി ടീമിലുള്ളപ്പോള്ളപ്പോള്‍ അദ്ദേഹത്തിനു ചുറ്റുമുള്ള താരങ്ങള്‍ എങ്ങനെയാണ് മല്‍സരം അവസാനം വരെ കൊണ്ടു പോയി ഫിനിഷ് ചെയ്യാമെന്ന് പഠിക്കാന്‍ ശ്രമിക്കണമെന്ന് താന്‍ നേരത്തേ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.