For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3 പേരെക്കൊണ്ട് പറ്റില്ല! ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? ഭാജി പറയുന്നു

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കിരീടവരള്‍ച്ചയുടെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍പ്പോലും ഇന്ത്യക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചിട്ടില്ല. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്.

ഇതിനു ശേഷം ടി20 ലോകപ്പ്, ഏകദിന ലോകകപ്പ്, ഡബ്ല്യുടിസി എന്നിവയടക്കം പല ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ പങ്കെടുത്തെങ്കിലും ഒരിക്കല്‍പ്പോലും ട്രോഫി വരുതിയിലാക്കാനായില്ല. സെമി ഫൈനലിലും ഫൈനലിലുമെല്ലാം ഇന്ത്യക്കു അടിതെറ്റുകയായിരുന്നു. ഏറ്റവും അവസാനമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോല്‍വി രുചിച്ചത്.

INDIA

2011ലായിരുന്നു ഏകദിന ലോകകപ്പില്‍ ഇന്ത്യ അവസാനമായി ജേതാക്കളായത്. അന്നു മുംബൈയിലെ വാംഖഡെയില്‍ ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം. ഈ വര്‍ഷം വീണ്ടുമൊരു ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്.

പക്ഷെ ചില കളിക്കാര്‍ മാത്രം മനസ്സുവച്ചാല്‍ ഐസിസി ട്രോഫിയെന്ന ഇന്ത്യയുടെ മോഹം പൂവണിയില്ലെന്നാണ് ഭാജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ന്യൂസ് 24നോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ മോശം പ്രകടനങ്ങളുടെ പ്രധാന കാരണം എന്തായിരിക്കാമെന്ന ചോദ്യത്തിനു തനിക്കു കൃത്യമായ ഉത്തരമില്ലെന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.

എനിക്കറിയില്ല. നമുക്ക് എന്താണ് ഉള്ളതെന്നും ഇല്ലാത്തതെന്നും പറയുകയെന്നത് എനിക്കു വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. 2015, 2019 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പുകളില്‍ നമ്മള്‍ സെമി ഫൈനലുകള്‍ വരെ കളിച്ചു.

പക്ഷെ ഐസിസി ട്രോഫി നമുക്കു കിട്ടിയില്ല. സമ്മര്‍ദ്ദമുള്‍ക്കൊണ്ട് കളിക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമില്‍ ഒന്നോ, രണ്ടോ കളിക്കാരില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇതായിരിക്കാം ചിലപ്പോള്‍ ഇന്ത്യന്‍ പരാജയത്തിനു കാരണം. വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങള്‍ ഒരു ടീമെന്ന നിലയില്‍ ഒരേ മനസ്സോടെ, ഒറ്റക്കെട്ടായി കളിക്കേണ്ടതുണ്ടെന്നും ഹര്‍ഭജന്‍ നിരീക്ഷിച്ചു.

HARBHAJAN SINGH

ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുണ്ട്. അവര്‍ വലിയ താരങ്ങളാണ്. പക്ഷെ ഈ മൂന്നു പേര്‍ക്കൊപ്പം ടീമിലെ എട്ടു മുതല്‍ 11 വരെ കളിക്കാരും, ടീം മാനേജ്‌മെന്റും ഒരേ ലക്ഷ്യത്തോട ഒരുമിച്ച് നീങ്ങണം.

എങ്കില്‍ മാത്രമേ ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ഭാജി കൂട്ടിച്ചേര്‍ത്തു. 2011ല്‍ ഇന്ത്യ അവസാനമായി ലോക ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു ഹര്‍ഭജന്‍.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഒക്ടോബര്‍ എട്ടിനു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം. എന്നാല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സൂപ്പര്‍ പോരാട്ടം ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ്. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യ ഇവിടെ കൊമ്പുകോര്‍ക്കുന്നത്.

ഏകദിന ലോകകപ്പില്‍ വളരെ മികച്ച റെക്കോര്‍ഡാണ് പാകിസ്താനെതിരേ ഇന്ത്യക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പാകിസ്താനോടു ഇന്ത്യ തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് ഇത്തവണയും കാത്തുസൂക്ഷിക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ലോകകപ്പിനു മുമ്പ് ഏഷ്യാ കപ്പിലും സപ്തംബറില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നുണ്ട്. ഫൈനലിലടക്കം പരമാവധി മൂന്നു തവണ ഇരുടീമുകളും ടൂര്‍ണമെന്റില്‍ മുഖാമുഖം വന്നേക്കും.

Story first published: Thursday, July 20, 2023, 20:39 [IST]
Other articles published on Jul 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+