ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓഫ്‌സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും കളിച്ചിട്ടുള്ള താരമാണ് ഭാജി. 2011ലെ ഏകദിന ലോകകപ്പില്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
കളിച്ചിരുന്ന കാലഘട്ടം മുതല്‍ ധോണിയുമായി അധികം സൗഹൃദം പുലര്‍ത്തിയിരുന്ന താരമല്ല ഹര്‍ഭജന്‍. അപൂര്‍വ്വമായി മാത്രമേ കളിക്കളത്തില്‍ പോലും ഇരുവരും സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളാവുകയുള്ളൂ. യഥാര്‍ഥത്തില്‍ എന്താണ് ഇവര്‍ക്കിടയിലുള്ള പ്രശ്‌നം? ധോണിയുമായുള്ള തന്റെ സൗഹൃദം എങ്ങനെയുള്ളതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭാജി.

ധോണിയുമായുള്ള സൗഹൃദം
ക്രിക്കറ്റ് ആരാധകരെ ശരിക്കും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് എംഎസ് ധോണിയെക്കുറിച്ച് ഹര്‍ഭജന്‍ സിങ് നടത്തിയിരിക്കുന്നത്. ന്യൂസ് 18 (News 18) ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ എംഎസ് ധോണിയുമായി സംസാരിക്കാറില്ല. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ചിരുന്ന സമയത്തു മാത്രമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചത്. ഇതു മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഒരിക്കലും പരസ്പരം സംസാരിച്ചിട്ടില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയാണ് ഹര്‍ഭജന്‍ കളിച്ചിട്ടുള്ളത്. 10 സീസണുകള്‍ മുംബൈയ്ക്കായി കളിച്ച ശേഷമാണ് അദ്ദേഹം കരിയറിന്റെ അവസാന കാലത്തു അദ്ദേഹം ചെന്നൈയിലെത്തിയത്. 2018, 2019 സീസണുകളിലാണ് ഭാജി സിഎസ്‌കെയുടെ ഭാഗമായത്. ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനായിട്ടുണ്ട്.
സംസാരം ഗ്രൗണ്ടില്‍ മാത്രം
എംഎസ് ധോണിയുമായി കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി താന്‍ ഗ്രൗണ്ടിനു പുറത്തു വച്ച് സംസാരിച്ചിട്ടില്ലെന്ന് ഹര്‍ഭജന്‍ സിങ് തുറന്നു പറഞ്ഞിരിക്കുകയാണ്. 10ഓ, അതില്‍ കൂടുതലോ വര്‍ഷങ്ങളായി ഞാന്‍ ധോണിയുമായി സംസാരിച്ചിട്ടില്ല. അതിനു പ്രത്യേകിച്ചും കാരണമൊന്നുമില്ല. പക്ഷെ ചിലപ്പോള്‍ അദ്ദേഹത്തിനു അങ്ങനെ ചിലത് ഉണ്ടായിരിക്കാം. അതിന്റെ കാരണമെന്താണെന്നു എനിക്കറിയില്ല.
ഐപിഎല്ലില്‍ സിഎസ്‌കെയില്‍ ഒരുമിച്ച് കളിച്ചിരുന്നപ്പോഴാണ് ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നത്. അതാവട്ടെ ഗ്രൗണ്ടില്‍ മാത്രവുമായിരുന്നു. അതിനു ശേഷം ധോണി എന്റെ മുറിയിലേക്കു വരികയോ, ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഒരിക്കല്‍പ്പോലും പോവുകയോ ചെയ്തിട്ടില്ലെന്നും ഭാജി വെളിപ്പെടുത്തി.

ധോണിയോടു വെറുപ്പില്ല
എനിക്കു എംഎസ് ധോണിയോടു വെറുപ്പൊന്നുമില്ല. അദ്ദേഹത്തിനു എന്നോടു എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അതു പറയും. ഞാനൊരിക്കലും ധോണിയെ ഫോണില്‍ വിളിക്കാറില്ല, കാരണം ഞാനൊരു പാഷനുള്ളയാളാണ്. വിളിച്ചാല്‍ കോള്‍ എടുക്കുന്നവരെ മാത്രമേ ഞാന്‍ കോള്‍ ചെയ്യാറുള്ളൂ. എനിക്കു മറ്റു കാര്യങ്ങള്‍ക്കൊന്നും സമയവുമില്ല.
സുഹൃത്തുക്കളായിട്ടുള്ളവരുമായി ഞാന്‍ സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. ഒരു ബന്ധമെന്നത് കൊടുക്കല്‍, വാങ്ങലുകളാണ്. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ നിങ്ങളും എന്നെ ബഹുമാനിക്കുകയോ, പ്രതികരിക്കുകയോ ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2011ലെ ലോകകപ്പിനു ശേഷമാണ് ഹര്‍ഭജനും ധോണിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതെന്നാണ് സൂചനകള്‍. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി ടീമില്‍ പല അഴിച്ചുപണികളും നടത്തി. 2015ലെ അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇതു കാരണം ഭാജിയടക്കമുള്ള പല സീനിയര്‍ കളിക്കാര്‍ക്കും ടീമിലെ സ്ഥാനവും നഷ്ടമായി. ലോകകപ്പിനു ശേഷം ഇന്ത്യക്കായി വെറും 10 ഏകദിനങ്ങളും ആറു ടി20കളും മാത്രമേ ഹര്‍ഭജന്‍ കളിച്ചിട്ടുള്ളൂ.