For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ധോണി മാജിക്ക്! ആരും പ്രതീക്ഷിക്കാത്ത നീക്കം, കളിയും ജയിച്ചു

ലോകം കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്ക് ഇന്നു (ജുലൈ 7) 42ാം പിറന്നാള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനെന്നു റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരനെ വിശേഷിപ്പിക്കാം. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് അദ്ദേഹം ലോക ക്രിക്കറ്റില്‍ ആദ്യമായി തന്റെ വരവറിയിക്കുന്നത്.

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ ജേതാക്കളാക്കിയതോടെ ധോണി ചരിത്രത്തിന്റെ ഭാഗമായി. 1983ല്‍ കപില്‍ ദേവും സംഘവും ഇന്ത്യയെ വിശ്വവിജയികളാക്കിയതിനു ശേഷമുള്ള ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്. 2013ല്‍ ധോണി വീണ്ടുമൊരു ഐസിസി ട്രോഫി കൂടി ഇന്ത്യക്കു സമ്മാനിച്ചു. ചാംപ്യന്‍സ് ട്രോഫിയായിരുന്നു ഇത്. ഇതോടെ മൂന്നു ഐസിസി ട്രോഫികള്‍ക്കു അവകാശിയായ ലോകത്തിലെ ആദ്യ ക്യാപ്റ്റനായി ധോണി മാറുകയും ചെയ്തു.

MS DHONI

ഐസിസി ട്രോഫികളില്‍ മാത്രമൊതുങ്ങുന്നതല്ല ധോണിയുടെ ക്യാപ്റ്റന്‍സി കരിയര്‍. നാട്ടിലും വിദേശത്തും നിരവധി പരമ്പര നേട്ടങ്ങള്‍ ഇന്ത്യക്കു സമ്മാനിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കൂടാതെ വിരാട് കോലിയടക്കം നിരവധി സൂപ്പര്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും ധോണി നിര്‍ണായക പങ്കുവഹിച്ചു.

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി പെരുമാറാനും അതോടൊപ്പം അഗ്രസീവായ തീരുമാനങ്ങളെടുക്കാനും അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ചില അപ്രതീക്ഷിത നീക്കങ്ങളിലൂടെ ലോകത്തെ ധോണി അദ്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള നാലു സംഭവങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ നിര്‍ണായകമായ അവസാന ഓവര്‍ ജോഗീന്ദര്‍ ശര്‍മയ്ക്കു നല്‍കിയാണ് ധോണി ആദ്യമായി ലോകത്തെ ഞെട്ടിച്ചത്. സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു ധോണിയുടെ ഈ ചൂതാട്ടം. പാകിസ്താന് ജയിക്കാന്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ 13 റണ്‍സായിരുന്നു അവസാന ഓവറില്‍ വേണ്ടിയിരുന്നത്. നായകന്‍ മിസ്ബാഹുല്‍ ഹഖ് അപ്പോള്‍ ക്രീസിലുണ്ടായിരുന്നു. മൂന്നാമത്തെ ബോളില്‍ മിസ്ബയെ പുറത്താക്കിയ ജൊഗീന്ദര്‍ ഇന്ത്യക്കു ത്രില്ലിങ് ജയവും ലോകകപ്പും സമ്മാനിക്കുകയും ചെയ്തു.

2013ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇഷാന്ത് ശര്‍മയെ നിര്‍ണായക ഓവറില്‍ പരീക്ഷിച്ചതായിരുന്നു ധോണിയുടെ മറ്റൊരു മാരകനീക്കം. 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു ജയിക്കാന്‍ 18 ബോളില്‍ 28 റണ്‍സ് വേണമെന്നിരിക്കെ ഇഷാന്തിനെ അദ്ദേഹം പന്തേല്‍പ്പിച്ചു. നേരത്തേ 16ാം ഓവറില്‍ ഇഷാന്ത് 11 റണ്‍സ് വഴങ്ങിയിരുന്നു.

ആദ്യ ബോളില്‍ ഒയ്ന്‍ മോര്‍ഗന്‍ സിക്‌സറടിച്ചു. അടുത്ത രണ്ടു ബോളും വൈഡ്. ഇതോടെ ഇഷാന്തിന് ധോണി എന്തിന് വീണ്ടും ഓവര്‍ നല്‍കിയെന്നു പലരും സംശയിച്ചു. പക്ഷെ തുടര്‍ന്നുള്ള ബോളുകളില്‍ മോര്‍ഗനെയും രവി ബൊപാരയെയും പുറത്താക്കി ഇഷാന്ത് പ്രായശ്ചിത്തം ചെയ്തു. കളിയില്‍ ഇന്ത്യ ത്രില്ലിങ് ജയവും സ്വന്തമാക്കി.

MS DHONI

2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ റണ്‍ചേസില്‍ സ്വയം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയതായിരുന്നു ധോണിയുടെ മറ്റൊരു മാസ്റ്റര്‍ സ്‌ട്രോക്ക്. ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിച്ച യുവരാജ് സിങിനു പകരമാണ് ധോണി സ്വയം ക്രീസിലേക്കു വന്നത്. ധോണിയാവട്ടെ ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലൊന്നും ബാറ്റിങില്‍ തിളങ്ങിയിട്ടുമില്ലായിരുന്നു. പക്ഷെ ഫൈനലില്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. പുറത്താവാതെ 91 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയാവുകയായിരുന്നു.

2014ലെ ഇംഗ്ലണ്ട് പര്യടത്തില്‍ ലോര്‍ഡ്‌സിലെ ടെസ്റ്റില്‍ ധോണി മാജിക്ക് ഇന്ത്യക്കു ജയം സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനു ജയിക്കാന്‍ ആറു വിക്കറ്റ് കൈയിലിരിക്കെ 140 റണ്‍സ് മതിയായിരുന്നു. ഈ സമയത്താണ് ഇഷാന്തിനെ ധോണി പന്തേല്‍പ്പിച്ചത്. മോയിന്‍ അലിക്കെതിരേ ഷോര്‍ട്ട് പിച്ച് കെണിയാണ് ധോണിയൊരുക്കിയത്. ഇതു ഫലം കാണുകയും പലരും ഷോര്‍ട്ട് പിച്ച് ബോളില്‍ പുറത്താവുകയും ചെയ്തു. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ഇഷാന്ത് (7/74) അന്നു പുറത്തെടുത്തത്. ഇന്ത്യ 95 റണ്‍സിനു ജയിക്കുകയും ചെയ്തു.

Story first published: Friday, July 7, 2023, 10:10 [IST]
Other articles published on Jul 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+