Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോട്ടലും സിനിമയും മുതല്‍ ബഹിരാകാശം വരെ! ധോണിയെന്ന ബിസിനസ് മാന്‍ വേറെ ലെവല്‍

ലോകമെമ്പാടുള്ള ക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രവും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണി ഇന്നു പിറന്നാള്‍ നിറവില്‍. 42ാം വയസ്സിലും ഗ്രൗണ്ടിലും പുറത്തും ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ റാഞ്ചിക്കാരന്‍. 36-37 വയസ്സാവുമ്പോഴേക്കും ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയുന്ന താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനെന്നു ഇപ്പോഴും കളി തുടരുന്ന ധോണി തെളിയിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2020ല്‍ പടിയിറങ്ങിയെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ അദ്ദേഹം ഇപ്പോഴും ആരാധകരെ ഹരം കൊള്ളിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിച്ച ധോണി അടുത്ത വര്‍ഷം കൂടി മല്‍സരരംഗത്തുണ്ടാവുമെന്ന സൂചനയും നല്‍കിയിരുന്നു.

MS DHONI

നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം ആസ്തിയുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് ധോണി. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 1000 കോടി രൂപയ്ക്കു മുകളിലാണ്. ക്രിക്കറ്റില്‍ മാത്രം തീരുന്നതല്ല ധോണിയുടെ സാമ്രാജ്യം. ബിസിനസ് രംഗത്തും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. നിരവധി ബിസിനസ് സംരഭങ്ങളില്‍ നിലവില്‍ ധോണിയുടെ പങ്കാളിത്തവുമുണ്ട്. ഇവ ഏതൊക്കെയാണന്നു നമുക്കു വിശദമായി നോക്കാം.

റിതി സ്‌പോര്‍ട്‌സ് മാനജ്‌മെന്റ് കമ്പനിയെന്ന ഒരു സംരഭം നിലവില്‍ ധോണിയുടെ ഉടമസ്ഥതയിലുണ്ട്. ലോകത്തിലെ നിരവധി വലിയ ഇതിഹാസ താരങ്ങളുടേതടക്കമുള്ളവരുടെ മാനേജ്‌മെന്റ് ജോലികള്‍ ഈ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. മുന്‍ സൗത്താഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി, നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ ക്ലയന്റുകളാണ്.

വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും ഒരു ബ്രാന്‍ഡും ധോണിക്കു സ്വന്തമായുണ്ട്. 2016ലായിരുന്നു സെവന്‍ എന്ന പേരില്‍ ഒരു ബ്രാന്‍ഡിനു അദ്ദേഹം തുടക്കമിട്ടത്. ഈ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ധോണിക്കു തന്നെയാണ്.

ഫൂട്ട്‌വെയറില്‍ മാത്രമല്ല ഭക്ഷണം, ബിവറേജസ് എന്നീ മേഖലകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. സെവന്‍ എന്ന പേരില്‍ തന്നെയാണിത്. ഇവ കൂടാതെ കോപ്റ്റര്‍ 7 എന്ന പേരില്‍ ഒരു ചോക്ലേറ്റ് ബ്രാന്‍ഡും ധോണി ലോഞ്ച് ചെയ്തിരുന്നു. ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ടാണ് ഈ ബ്രാന്‍ഡിന്റെ പ്രചോദനം.

ലോകത്തിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണി. അതുകൊണ്ടു തന്നെ ഈ മേഖലയിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. ഫിറ്റ്‌നസിനെ പ്രൊമോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഒരു ശൃംഖലയ്ക്കു തുടക്കമിട്ടത്. ധോണി സ്‌പോര്‍ട്‌സ്ഫിറ്റെന്ന പേരിലായിരുന്നു ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200ന് മുകളില്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ ഇവര്‍ ആരംഭിച്ചുകഴിഞ്ഞു.

MS DHONI

ക്രിക്കറ്റില്‍ മാത്രമല്ല മറ്റു കായിക ഇനങ്ങളിലും വളരെയധികം താല്‍പ്പര്യം പുലര്‍ത്തുന്നയാളാണ് ധോണി. അതുകൊണ്ടു തന്നെ ഹോക്കി, ഫുട്‌ബോള്‍ ടീമുകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ചെന്നൈയ്ന്‍ എഫ്‌സി ടീം ധോണിക്കു കീഴിലുള്ളതാണ്. കൂടാതെ ഹോക്കിയില്‍ റാഞ്ചി റെയ്‌സ് എന്ന ടീമും അദ്ദേഹത്തിനു സ്വന്തമായുണ്ട്.

ബെംഗളൂരുവില്‍ ഒരു സ്‌കൂളും ധോണിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. എംഎസ് ധോണി ഗ്ലോബല്‍ സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയമെന്നാണ് സ്‌കൂളിനു പേര് നല്‍കിയിരിക്കുന്നത്. മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് ധോണിയുടെ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം.

സിനിമാ മേഖലയിലും ധോണി തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ധോണി എന്റര്‍ടെയ്ന്‍മെന്റെന്ന പേരില്‍ പ്രൊഡഷക്ഷന്‍ കമ്പനി അദ്ദേഹത്തിനുണ്ട്. ലെറ്റ്‌സ് ഗെറ്റ് മാമാരീഡെന്ന തമിഴ് സിനിമയാണ് ഈ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നും ആദ്യമായി പുറത്തിറങ്ങാന്‍ പോവുന്നത്.

ഡ്രോണുകളുടെ കമ്പനിയിലും ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്. ഗരുഡ എയ്‌റോസ്‌പേസെന്ന കമ്പനിയിലാണ് അദ്ദേഹം പണമിറക്കിയത്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറും ധോണി തന്നെയാണ്. ഡ്രോണുകളുടെ നിര്‍മാണമാണ് ഈ കമ്പനി ചെയ്തു കൊണ്ടിരിക്കുന്നത്.

ഇവ കൂടാതെ ഒരു ഹോട്ടലും ധോണിക്കു കീഴിലുണ്ട്. സ്വന്തം നാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് മഹി റസിഡന്‍സിയെന്ന പേരിലുളള ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിനു വേറെ സ്ഥലങ്ങളില്‍ ശൃംഖലകളൊന്നുമില്ല. റാഞ്ചിയില്‍ മാത്രമാണ് ഈ ഹോട്ടലുള്ളത്.

Story first published: Friday, July 7, 2023, 13:39 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+