Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാപ്പല്‍ മുതല്‍ കോലി വരെ, ദാദയെ ചൊടിപ്പിച്ചാല്‍ പണി കിട്ടും! ഈ സംഭവങ്ങള്‍ എങ്ങനെ മറക്കും?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്കു ഇന്നു 51ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ആരാധകരും താരങ്ങളുമെല്ലാം തങ്ങളുടെ പ്രിയങ്കരനായ ദാദയ്ക്കു പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വഴി മുട്ടിനില്‍ക്കെയായിരുന്നു കൊല്‍ക്കത്തയുടെ രാജകുമാരനെന്നു വിളിക്കപ്പെട്ട ഗാംഗുലിയെ ബിസിസിഐ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത്.

തുടര്‍ന്നങ്ങോട്ട് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി ഉടച്ചു വാര്‍ക്കുകയായിരുന്നു. അഗ്രഷനായിരുന്നു ഗാംഗുലിയുടെ ഏറ്റവും വലിയ ആയുധം. എതിരാളിയെ അവരുടെ മടയില്‍ കയറി ആക്രമിച്ച് തോല്‍പ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയമന്ത്രം. തന്റെ ഈ ശൈലിക്കു ഇണങ്ങുന്ന കളിക്കാരെ കണ്ടെത്തി ദാദ അവരെ വളര്‍ത്തിയെടുക്കുകയും ചെയ്തു.

SOURAV GANGULY

വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങള്‍ ഗാംഗുലിയുടെ കണ്ടെത്തലുകളാണ്. അതുവരെ നാട്ടില്‍ മാത്രം പുലികളായിരുന്ന ഇന്ത്യന്‍ ടീം വിദേശത്തു പൂച്ചകളായിരുന്നു. പക്ഷെ ഗാംഗുലി താരങ്ങളുടെയും ടീമിന്റെയും ഈ മനോഭാവം മാറ്റിയെടുത്തു.

നാട്ടില്‍ ജയിക്കാന്‍ കഴിയുമെങ്കില്‍ എതിര്‍ ടീമിന്റെ തട്ടകത്തിലും നമുക്കു ജയിക്കാനാവുമെന്നു അദ്ദേഹം ടീമിനെ പഠിപ്പിച്ചു. അതിനു ശേഷമാണ് സെന രാജ്യങ്ങളില്‍പ്പോലും ഇന്ത്യ മികച്ച വിജയങ്ങള്‍ കൊയ്ത് കരുത്തുകാട്ടിയത്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കിയത് ദാദയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.

എന്നും വിവാദങ്ങളുടെ തോഴന്‍ കൂടിയായിരുന്നു ഗാംഗുലി. കളിക്കളത്തിനകത്തും പുറത്തും തന്നോടു കൊമ്പുകോര്‍ത്തവരെയൊന്നും അദ്ദേഹം വെറുതെവിട്ടിട്ടില്ല. ഈ കാരണത്താല്‍ തന്നെ പല തവണ അദ്ദേഹം വാര്‍ത്തകളിലും നിറഞ്ഞിട്ടുണ്ട്. ഗാംഗുലിയുള്‍പ്പെട്ട അഞ്ചു പ്രധാനപ്പെട്ട വിവാദങ്ങളെക്കുറിച്ചറിയാം.

ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമായി ഒരിക്കല്‍ ഗാംഗുലി കൊമ്പുകോര്‍ത്തിരുന്നു. അന്നു ദാദ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ക്യാപ്റ്റനും വോണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായിരുന്നു. കെകെആറും റോയല്‍സും തമ്മിലുള്ള കളിക്കിടെ റോയല്‍സിന്റെ ഒരു ക്യാച്ചിന്റെ കാര്യത്തില്‍ ക്രീസിലുണ്ടായിരുന്ന ഗാംഗുലി സംശയം പ്രകടിപ്പിക്കുകയായിരുന്നു.

അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ അതു പുനപ്പരിശോധിക്കണമെന്നു ദാദ അംപയറോടു ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇതു വോണിനെ ക്ഷുഭിതനാക്കുകയും അദ്ദേഹം ഗാംഗുലിയോടു രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ ദാദയും വിട്ടുകൊടുത്തില്ല. അദ്ദേഹവും തിരിച്ചു പറഞ്ഞതോടെ വാക്‌പോരായി. തുടര്‍ന്ന് അംപയര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

SOURAV GANGULY

ഇംഗ്ലണ്ടുമായുള്ള നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ത്രില്ലിങ് ഫൈനലിനു ശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ഷര്‍ട്ടൂരി വീശിയ ഗാംഗുലിയെ എങ്ങനെ മറക്കാന്‍ സാധിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില തന്നെ സുവര്‍ണ മുഹൂര്‍ത്തങ്ങളിലൊന്നായാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ആരാധകരെ ദാദയുടെ ഈ പ്രകടനം ആവേശം കൊള്ളിച്ചെങ്കിലും പാരമ്പര്യവാദികളെ ഇതു ചൊടിപ്പിച്ചിരുന്നു.

കാരണം അതുവരെ കണ്ട ശാന്തപ്രകൃതരായ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും കാണാത്ത പ്രവര്‍ത്തിയാണ് ഗാംഗുലിയുടെ ഭാഗത്തു നിന്നുണ്ടായത്. പക്ഷെ ദാദ ഈ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമൊന്നും ഗൗനിക്കുക പോലും ചെയ്തില്ല.

2005ലാണ് ഇന്ത്യന്‍ കോച്ചായി ഓസ്‌ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പല്‍ എത്തുന്നത്. പക്ഷെ അതു ടീമിനു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തത്. ചാപ്പലും അന്നത്തെ ക്യാപ്റ്റനായ ഗാംഗുലിയും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാവുകയും ഡ്രസിങ് റൂമില്‍ തര്‍ക്കം പതിവാകുകയും ചെയ്തു.

ടീമിലെ ഭൂരിഭാഗം താരങ്ങളും ചാപ്പലിനു എതിരാവുകയും ചെയ്തിരുന്നു. ഈ സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറി. പക്ഷെ ഇതു കാരണം നഷ്ടമുണ്ടായത് ദാദയ്ക്കാണ്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ ബിസിസിഐ നീക്കുകയായിരുന്നു. കൂടാതെ ടീമില്‍ നിന്നും കുറച്ചു കാലത്തേക്കു പുറത്താവുകയും ചെയ്തു.

നാലാമത്തെ വിവാദം ഗാംഗുലിയും ദ്രാവിഡും തമ്മിലുള്ളതായിരുന്നു. വിരമിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ ടീമംഗം കൂടിയായ രാഹുല്‍ ദ്രാവിഡിനെതിരേ അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഗ്രെഗ് ചാപ്പലുമായി താന്‍ ഉടക്കിനിന്ന സമത്തു പിന്തുണയ്ക്കാനുള്ള ഒരു ശ്രമവും ദ്രാവിഡിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ ദ്രാവിഡും ഇതിനോടു പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാംഗുലി ഒരിക്കലും തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബിസിസിഐ പ്രസിഡന്റായിരിക്കെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള ഗാംഗുലിയുടെ ഏറ്റുമുട്ടലും വിവാദമായി മാറി. ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും കോലിയെ പുറത്താക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

കോലിയുമായി ഇതേക്കുറിച്ച് നേരത്തേ സംസാരിച്ചിരുന്നതായി ഗാംഗുലി പറഞ്ഞപ്പോള്‍ കോലി ഇതു നിഷേധിക്കുകയായിരുന്നു. ഇതോടെ ദാദ പ്രതിക്കൂട്ടിലാവുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്ലിനിടെ ഗ്രൗണ്ടില്‍ വച്ച് ഗാംഗുലിയും കോലിയും പരസ്പരം ഹസ്ദാനം ചെയ്യാന്‍ പോലും തയ്യാറായതുമില്ല.

Story first published: Saturday, July 8, 2023, 10:22 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+