ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറിനെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത രസകരമായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. അതോടൊപ്പം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ബാറ്റിങില്‍ കസറാന്‍ വിരാട് കോലിക്കു ഒരു നിര്‍ണായക ഉപദേശവും നല്‍കിയിരിക്കുകയാണ്. കോലിയുടെ കരിയറിലെ അവസാനത്തെ ഏകദിന ലോകകപ്പ് കൂടിയാവും ഇത്തവണത്തേത്.
2011ല്‍ തന്റെ അവസാന ലോകകപ്പിലായിരുന്നു കിരീടമുയത്താന്‍ സച്ചിനു ഭാഗ്യമുണ്ടായത്. അതുപോലെ തന്നെ കോലിക്കും ലോക കിരീടവുമായി പടിയിറങ്ങാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോകുന്നത്. 2005 മുതല്‍ 2007 വരെയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം കൂടിയായിരുന്ന ചാപ്പല്‍ ഇന്ത്യയെ പരിശീലിപ്പിച്ചത്. ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സച്ചിനെക്കുറിച്ചുള്ള കൗതുകകരമായ കഥ അദ്ദേഹം തുറന്നു പറഞ്ഞത്.

കരിയറിന്റെ തുടക്കത്തിലല്ല, മറിച്ച് അതു മുന്നോട്ടുപോകവെയാണ് ഒരു ക്രിക്കറ്റര്‍ക്കു കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരികയെന്നും സച്ചിനും അതു സംഭവിച്ചിട്ടുണ്ടെന്നും ചാപ്പല്‍ വ്യക്തമാക്കി. സച്ചിന്‍ ശരിക്കുമൊരു ചാംപ്യന്‍ കളിക്കാരനാണ്. വലിയ മല്‍സരങ്ങളില്‍ എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രമിച്ചിരുന്നയാളാണ് അദ്ദേഹം.
കളിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം നടത്താന്‍ സച്ചിന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായതിനു ശേഷം രസകരമായ ഒരു സംഭവം നടന്നു. ഞാന്‍ ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ ഇരിക്കവെ സച്ചിന്റെ ഫോണ്‍ കോള്‍ വരുന്നു. മുറിയിലേക്കു വന്ന് ഒന്നു നേരിട്ടു സംസാരിക്കാന്‍ പറ്റുമോയെന്നായിരുന്നു സച്ചിന്റെ ചോദ്യം.
ഞാന്‍ സമ്മതം മൂളിയതോടെ അദ്ദേഹം അവിടേക്കു വന്നു. എന്തുകൊണ്ടാണ് ബാറ്റിങ് കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറുന്നതെന്നായിരുന്നു സച്ചിന്റെ ചോദ്യം. അതു തീര്‍ച്ചയായും എളുപ്പമായി മാറേണ്ടതല്ലേയെന്നും ചോദിച്ചു. പക്ഷെ ശരിക്കും അതു എളുപ്പമാവില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും ചാപ്പല്‍ ഓര്‍മിച്ചെടുത്തു.
നിങ്ങള്‍ ചെറുപ്പമായിരിക്കെ ക്രിക്കറ്റ് കളിച്ചിരുന്ന സമയത്തു ബോള്‍ കണ്ടാല്‍ അടിക്കുകയെന്നതു മാത്രമാണ് ചെയ്യാറുള്ളത്. റണ്‍സെടുക്കുന്നതിനെക്കുറിച്ചു മാത്രമേ നിങ്ങള്‍ അപ്പോള്‍ ചിന്തിക്കുകയുള്ളൂ. മറ്റൊന്നും ആലോചിക്കുകയും ചെയ്യാറില്ല.
പക്ഷെ ഒരു താരം പ്രായമാവുന്തോറും എതിരാളികള്‍ അയാളെക്കുറിച്ച് കൂടുതലായി അറിയാന്‍ തുടങ്ങുകയും എങ്ങനെ ബൗള്‍ ചെയ്യണമെന്നും ഫീല്‍ഡ് ക്രമീകരിക്കണമെന്നുമെല്ലാം മനസ്സിലാക്കുകയും ചെയ്യും.
അപ്പോഴാണ് ഈ തലത്തില്‍ തുടര്‍ച്ചയായി പെര്‍ഫോം ചെയ്യുന്നതു എത്ര ബുദ്ധിമുട്ടാണന്നും, ഓരോ റണ്‍സിനും എത്ര മാത്രം മാനസികമായ കഠിനാധ്വാനം വേണമെന്നും നിങ്ങള്‍ തിരിച്ചറിയുക. ചെറുപ്പത്തില്‍ സ്‌കോര്‍ ചെയ്തിരുന്നതു പോലെ തന്നെ തുടര്‍ന്നും സ്‌കോര്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ എങ്ങനെ ചെറുപ്പമായെന്നു ചിന്തിക്കണം.

ബാഹ്യമായുള്ള വിവരങ്ങളില്‍ നിന്നും മുക്തി നേടുകയും കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്തുകയും വേണം. കൂടാതെ ബാറ്റിങില്‍ അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ചാപ്പല്‍ വിശദമാക്കി.
സച്ചിനു അന്നു നല്‍കിയ ഉപദേശം തന്നെയാണ് വിരാട് കോലിക്കും ഇപ്പോള്‍ നല്‍കാനുള്ളതെന്നു അദ്ദേഹം പറയുന്നു. മാനസികമായി വളരെ ഫ്രഷായിരിക്കുകയും അടിസ്ഥാന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്താല്‍ ലോകകപ്പില്‍ കോലിക്കു തിളങ്ങറാനാവുമെന്നാണ് ചാപ്പലിന്റെ നിരീക്ഷണം. സച്ചിന്‍ അന്നുള്ളതു പോലെയൊരു ഘട്ടത്തിലാണ് വിരാടും കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
അതുകൊണ്ടു തന്നെ സ്‌കോര്‍ ചെയ്യണമെങ്കില്‍ സ്‌പെഷ്യലായ ഒരു ശ്രമം തന്നെ ആവശ്യമാണ്. മാനസികമായി എങ്ങനെ പുതുമയോടെ ഇരിക്കണമെന്നു വിരാടിന് അറിയാം. അദ്ദേഹത്തിനു അതു സാധിക്കുകയാണെങ്കില്‍ വളരെ നല്ലൊരു ടൂര്‍ണമെന്റായിരിക്കും വരാനിരിക്കുന്ന ലോകകപ്പെന്നു ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.