For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കി, ബഹുമാനിച്ചില്ല! ദാദയുടെ കരിയറില്‍ വില്ലനായ ചാപ്പല്‍

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ദാദയെന്ന് ആരാധകര്‍ വിളിക്കുന്നത് കേവലമൊരു വിശേഷണം മാത്രമല്ല. തണുപ്പന്‍ ശൈലിയെ കണ്ടുശീലിച്ച ഇന്ത്യന്‍ ക്രിക്കറ്റിലെ ചൂടന്‍ നായകനായിരുന്നു ഗാംഗുലി. വെട്ടൊന്ന് മുറി രണ്ട് സ്വഭാവത്തില്‍ ആക്രമണോത്സകതയോടെ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോരാന്‍ ഗാംഗുലിക്കായി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പര്‍ താരങ്ങളെ ഒത്തിണക്കത്തോടെ കളിപ്പിക്കാന്‍ ഗാംഗുലിക്ക് സാധിച്ചു.

എല്ലാവരും ഭയത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന ഗാംഗുലിക്ക് അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഗ്രേഗ് ചാപ്പലെന്ന ഓസ്‌ട്രേലിയക്കാരനായ പരിശീലകന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയതിന് പിന്നാലെയാണ് ഗാംഗുലിയുടെ കരിയറിലെ മറക്കാനാഗ്രഹിക്കുന്ന പല സംഭവങ്ങളും നേരിടേണ്ടി വന്നത്. അതുവരെ ഗാംഗുലിയുടെ വാക്കുകളായിരുന്നു ഇന്ത്യന്‍ ടീമില്‍ അവസാനത്തേത്. എന്നാല്‍ സീനിയര്‍ താരങ്ങളെയാകെ സൈഡാക്കി ചാപ്പല്‍ ഏകാധിപത്യ നിലപാടുകളെടുക്കുകയായിരുന്നു.

ഗാംഗുലി ഇതിനെ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാവുന്നത്. ഇത് വലിയ പൊട്ടിത്തെറികളിലേക്കും ഗാംഗുലിയുടെ ടീമിലെ സീറ്റ് തെറിക്കുന്നതിലേക്കുമടക്കം നീണ്ടു. 2005ലാണ് ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായെത്തുന്നത്. ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു അത്. ചാപ്പല്‍ എത്തി നാലുമാസത്തിനുള്ളില്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സി തെറിച്ചു.

ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഗാംഗുലിക്കും ചാപ്പലിനും ഇടയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ മൂന്ന് അംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ചാപ്പല്‍ ചില അസാധാരണ പരീക്ഷണങ്ങള്‍ ടീമില്‍ നടത്തി. സീനിയര്‍ താരങ്ങളോട് യാതൊരു കൂടിയാലോചനകളുമില്ലാതെ പല മാറ്റങ്ങളും വരുത്തി. മൂന്നാം നമ്പറില്‍ ഇര്‍ഫാന്‍ പഠാനെ കളിപ്പിച്ചതടക്കം അപ്രതീക്ഷിത മാറ്റങ്ങളാണ് ചാപ്പല്‍ കൊണ്ടുവന്നത്.

sourav ganguly

മോശം ഫോമെന്ന പേരിലാണ് ഗാംഗുലിയെ ചാപ്പല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഗാംഗുലി ഫോം വീണ്ടെടുക്കുകയും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. എന്നാല്‍ പഴയ മികവിലേക്കെത്താന്‍ സാധിക്കാതെ പോയി. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയോടെ ചാപ്പലിന്റെ കസേര തെറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ തരിപ്പണമാക്കിയാണ് ചാപ്പലിന്റെ പടിയിറക്കം.

എന്നാല്‍ ഇര്‍ഫാന്‍ പഠാന്‍, എംഎസ് ധോണി, സുരേഷ് റെയ്‌ന തുടങ്ങിയ ചില താരങ്ങളുടെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ചാപ്പലിനായി. ദീര്‍ഘ വീക്ഷണമില്ലാത്ത ചാപ്പലിന്റെ പല തീരുമാനങ്ങളും ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. 2007ലെ ടി20 ലോകകപ്പ് നേടിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പുതിയൊരു തുടക്കത്തിലേക്കെത്തുകയായിരുന്നു. ആ നേട്ടം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം തിരിച്ചുവരാന്‍ വളരെ പ്രയാസപ്പെടുമായിരുന്നു.

സുരേഷ് റെയ്‌നയെപ്പോലെ ചില താരങ്ങള്‍ ചാപ്പലിനെ മികച്ച പരിശീലകനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളെ സംബന്ധിച്ച് ചാപ്പല്‍ വില്ലനായ പരിശീലകനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലും ബഹുമാനിക്കാത്ത ചാപ്പല്‍ ടീമില്‍ റൊട്ടേഷന്‍ പോളിസിയടക്കം കൊണ്ടുവന്നു സീനിയര്‍ താരങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചാപ്പലിനെതിരേ പരസ്യമായി രംഗത്തെത്താന്‍ സച്ചിനും ദ്രാവിഡുമെല്ലാം മടിച്ചു. എന്നാല്‍ ഗാംഗുലി അതിന് മടികാട്ടിയില്ല.

കരിയറിലുടെനീളം തന്റെ തലയുയര്‍ത്തി തന്നെയാണ് ഗാംഗുലി മുന്നോട്ടു പോയത്. ഗാംഗുലിയോട് മുട്ടാന്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും ഭയമായിരുന്നു. സ്ലെഡ്ജ് ചെയ്താല്‍ അതേ നാണയത്തില്‍ ഗാംഗുലി തിരിച്ചടിക്കും. വിവാദങ്ങളെ ഭയന്ന് പറയേണ്ടത് ഉള്ളിലൊതുക്കുന്ന ശീലം ഗാംഗുലിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഗാംഗുലി എല്ലാക്കാലത്തും എതിരാളികളുടെ കണ്ണിലെ കരടായിരുന്നു.

ഇന്ത്യക്കായി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലി നേടി. 59 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1349 റണ്‍സും 10 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. കാലം ഇനിയും മുന്നോട്ട് പോയാലും ഗാംഗുലി ഇന്ത്യന്‍ ആരാധകരുടെ ഒരേയൊരു ദാദയായു തുടരുമെന്നുറപ്പാണ്.

Story first published: Saturday, July 8, 2023, 13:56 [IST]
Other articles published on Jul 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+