
ചെന്നൈ: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലും തമിഴ്‌നാട് സ്വദേശിനിയുമായ വിനി രാമനുമായുള്ള വിവാഹ തീയ്യതി നിശ്ചയിച്ചു. മാര്‍ച്ച് 27നാണ് വിവാഹം. തമിഴില്‍ അച്ചടിച്ച വിവാഹ ക്ഷണക്കത്ത് ഇതിനോടകം വൈറലായിക്കഴിഞ്ഞു. 13.35നും 12.35നും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തിലാവും വിവാഹം നടക്കുക. ഇതാദ്യമായല്ല മറ്റൊരു രാജ്യത്തെ ക്രിക്കറ്റ് താരം ഇന്ത്യന്‍ വനിതയെ വിവാഹം കഴിക്കുന്നത്. ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയെ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷുഹൈബ് മാലിക്കാണ്. മുന്‍ ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റ് വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെയാണ്.
ഒരു വര്‍ഷം മുമ്പ് വിനി രാമന്‍-മാക്‌സ് വെല്‍ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വിവാഹം നീണ്ടുപോയത്. ഓസ്‌ട്രേലിയന്‍ താരമായ മാക്‌സ് വെല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെ സൂപ്പര്‍ താരമാണ്. നിലവില്‍ ആര്‍സിബിയുടെ ഭാഗമാണ് അദ്ദേഹം. വെടിക്കെട്ട് ബാറ്റിങ് നടത്തുന്നതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിലെല്ലായിടത്തും വലിയ ആരാധക പിന്തുണയുള്ള താരമാണ് മാക്‌സ്‌വെല്‍.

ഇന്ത്യന്‍ വംശജയാണെങ്കിലും വിനി രാമന്‍ ഏറെ നാളുകളായി ഓസ്‌ട്രേലിയയിലാണ് താമസം. കുടുംബവേരുകള്‍ തമിഴ്‌നാട്ടിലുണ്ടെങ്കിലും വിനിയുടെ ജനനം ഓസ്‌ട്രേലിയയിലായിരുന്നു. 1993 മാര്‍ച്ച് മൂന്നിന് മെല്‍ബണിലാണ് വിനി ജനിച്ചത്. മെഡിക്കല്‍ സയന്‍സില്‍ ബിരുദദാരിയായ വിനി നിലവില്‍ ഫാര്‍മിസിസ്റ്റ് കൂടിയാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന വിനി നീന്തലിലും ഒരു കൈ പയറ്റിനോക്കിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് വിനി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2013 ഡിസംബറില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയാണ് ആദ്യമായി കണ്ടുമുട്ടിയതെന്നാണ് വിനി പറഞ്ഞത്. അന്ന് തന്നോട് മാക്‌സ് വെല്‍ പ്രത്യേക താല്‍പര്യം കാട്ടിയെന്നും അന്ന് മുതല്‍ സുഹൃത്തുക്കളാണെന്നും വിനി പറഞ്ഞു.
2017 മുതലാണ് തങ്ങള്‍ പ്രണയത്തിലായതെന്നാണ് വിനി പറയുന്നത്. ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് മാക്‌സ് വെല്ലാണെന്നും വിനി പറഞ്ഞിരുന്നു. രണ്ട് പേരും യാത്രകളെ സ്‌നേഹിക്കുന്നവരാണ്. ഇതിനോടകം പല സ്ഥലങ്ങളിലും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും വിനി വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയിലാണ് താമസമെങ്കിലും തമിഴ് ആചാര പ്രകാരം ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. വിവാഹ നിശ്ചയത്തില്‍ സാധാരണ ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത കുറിയും തൊട്ടാണ് മാക്‌സ് വെല്‍ എത്തിയത്. ഇന്ത്യയെ വളരെ അധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന താരമാണ് മാക്‌സ് വെല്‍.

മാക്‌സ് വെല്‍ ക്രിക്കറ്റില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്തിരുന്നു. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അദ്ദേഹം അല്‍പ്പനാള്‍ വിട്ടുനിന്നത്. അതുകൊണ്ട് തന്നെ ഇനി മാക്‌സ് വെല്ലിനൊപ്പം ആശ്വാസം പകരാന്‍ വിനിയുണ്ടാവും. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മാനസികമായി കരുത്ത് പകര്‍ന്ന് ഒപ്പം നിന്നതും കരിയറിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചതും വിനിയാണെന്ന് മാക്‌സ് വെല്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യയില്‍ വളരെ ആരാധകരുള്ള മാക്‌സ് വെല്ലിന്റെയും വിനിയുടെയും വിവാഹം ആരാധകര്‍ക്കും വലിയ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്.

33കാരനായ മാക്‌സ് വെല്‍ വിനിയേക്കാളും അഞ്ച് വയസ് മുതിര്‍ന്നയാളാണ്. ഓസ്‌ട്രേലിയക്കായി ഏഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും എട്ട് വിക്കറ്റും 116 ഏകദിനത്തില്‍ നിന്ന് 3220 റണ്‍സും 51 വിക്കറ്റും 80 ടി20യില്‍ നിന്ന് 1851 റണ്‍സും 33 വിക്കറ്റും 97 ഐപിഎല്ലില്‍ നിന്ന് 2018 റണ്‍സും 22 വിക്കറ്റും മാക്‌സ് വെല്ലിന്റെ പേരിലുണ്ട്. ടി20 സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലാണ് മാക്‌സ് വെല്‍ കൂടുതല്‍ പ്രശസ്തന്‍. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ അദ്ദേഹം മിടുക്കനാണ്.