For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: നന്നായി കളിച്ചാല്‍ ഇവര്‍ക്കു കൊള്ളാം! എന്നാല്‍ മാത്രം അടുത്ത സീസണില്‍ ടീമില്‍ തുടരാം

പ്രമുഖ താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്

ഐപിഎല്ലിന്റെ 2022ലെ സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുകയാണ്. അതുകൊണ്ടു തന്നെ ഈ സീസണിനു ശേഷം മെഗാ താരലേലവും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ എട്ടു ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റിലുള്ളത്. അടുത്ത വര്‍ഷം രണ്ടു ടീമുകള്‍ കൂടി വരുന്നതോടെ ഇതു പത്തായി ഉയരും.

അടുത്ത സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും യുഎഇയില്‍ അടുത്ത മാസമാരംഭിക്കുന്ന രണ്ടാംഘട്ട മല്‍സരങ്ങള്‍ നിര്‍ണായകമാണ്. 31 മല്‍സരങ്ങളാണ് ഈ സീസണില്‍ ഇനി ബാക്കിയുള്ളത്. ഇവയില്‍ മിന്നുന്ന പ്രകടനം നടത്തിയാല്‍ മാത്രമേ ചില താരങ്ങള്‍ക്കു അടുത്ത വര്‍ഷവും ടീമിനൊപ്പം തുടരാന്‍ കഴിയൂ. പ്രകടനം മോശമാണെങ്കില്‍ സീസണിനു ശേഷം, മെഗാ ലേലത്തിനു മുമ്പ് തന്നെ ഇവരെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കും. അടുത്ത സീസണിലും ടീമില്‍ തുടരണമെങ്കില്‍ മികച്ച പ്രകടനം നിര്‍ണായകമായ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് റുതുരാജ് ഗെയ്ക്ക്വാദ്. 2020ല്‍ യുഎഇയില്‍ നടന്ന സീസണിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മൂന്നു ഡെക്കുകള്‍ സീസണില്‍ റുതുരാജ് കുറിച്ചിരുന്നെങ്കിലും അവസാന ഘട്ട മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനത്തിലൂടെ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. അവസാനത്തെ മൂന്നു കളികളിലും റുതുരാജ് ഫിഫ്റ്റിയടിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ ഫിഫ്റ്റിയില്‍ ഹാട്രിക്ക് കുറിച്ച, ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ലാത്ത ആദ്യതാരമായി അദ്ദേഹം മാറിയിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു റുതുരാജിന്റേത്. ഫഫ് ഡുപ്ലെസിക്കൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ താരം രണ്ടു ഫിഫ്റ്റികളും നേടിയിരുന്നു. ഇനി യുഎഇ വേദിയാവുന്ന ശേഷിച്ച മല്‍സങ്ങളിലും മികവ് ആവര്‍ത്തിക്കാനായാല്‍ റുതുരാജിനെ സിഎസ്‌കെ കൈവിടാന്‍ സാധ്യത കുറവാണ്. പ്രായം 24 മാത്രമേയുള്ളൂവെന്നതും താരത്തിനു പ്ലസ് പോയിന്റാണ്. 13 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 124.61 സ്‌ട്രൈക്ക് റേറ്റോടെ 400 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം.

 ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനൊപ്പം ഈ സീസണില്‍ ചേര്‍ന്ന ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പതിവു തെറ്റിച്ച് മികച്ച ഫോമിലാണ്. മുന്‍ സീസണുകളില്‍ പല ഫ്രാഞ്ചൈസികളിലും വന്‍ തുകയ്ക്കു അദ്ദേഹമെത്തിയിരുന്നെങ്കിലും ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറുകയായിരുന്നു. പക്ഷെ ആര്‍സിബിയിലെത്തിയതോടെ മാക്‌സിയുടെ തലവര മാറിയിരിക്കുകയാണ്. ടീമിലെ വിശ്വസിക്കാവുന്ന താരമായി അദ്ദേഹം മാറുകയും ചെയ്തു.
മുന്‍ ഫ്രാഞ്ചൈസികളില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലായിരുന്നു മാക്‌സി പരീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ആര്‍സിബിയില്‍ നാലാം നമ്പറെന്ന കൃത്യമായ പൊസിഷന്‍ നല്‍കിയത് അദ്ദേഹത്തെ ഫോം വീണ്ടെടുക്കാന്‍ സഹായിച്ചതായി കാണാം. മാക്‌സിയുടെ സാന്നിധ്യം തൊട്ടുപിന്നാലെയിറങ്ങുന്ന സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ഈ സീസണില്‍ ആര്‍സിബിക്കായി 200ന് മുകളില്‍ റണ്‍സ് മാക്‌സി നേടിക്കഴിഞ്ഞു. ഇനി യുഎഇയിലും ഈ ഫോം നിലനിര്‍ത്താനായിരിക്കണം അദ്ദേഹം ശ്രമിക്കേണ്ടത്. മെഗാ ലേലത്തില്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മുഹമ്മദ് സിറാജ് എന്നിവരാണ് ആര്‍സിബി നിലനിര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ളൂവര്‍. അക്കൂട്ടത്തില്‍ തന്റെയും പേര് ഉള്‍പ്പെടുത്താനായിരിക്കും മാക്‌സിയുടെ ശ്രമം.

 മനീഷ് പൊണ്ഡ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

മനീഷ് പൊണ്ഡ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ പ്രതിഭയുണ്ടായിട്ടും അത് പലപ്പോഴും പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുന്ന താരമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2018ലെ മെഗാ ലേലത്തിലാണ് 10 കോടിയെന്ന ഉയര്‍ന്ന തുകയ്ക്കു കര്‍ണാടക താരം കൂടിയായ പാണ്ഡെ എസ്ആര്‍എച്ചിലേക്കു വന്നത്. പക്ഷെ എസ്ആര്‍എച്ചില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ഇനിയും അദ്ദേഹത്തിനായിട്ടില്ല.
ടീമില്‍ മൂന്ന്, നാല് പൊസിഷനുകളിലാണ് പാണ്ഡെ ബാറ്റ് ചെയ്യാന്‍ എത്താറുള്ളത്. പക്ഷെ സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞതിനാലും വമ്പനടികള്‍ക്കു സാധിക്കാത്തതിനാലും ഈ സീസണിലെ ഐപിഎല്ലില്‍ ചില മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന ശേഷിച്ച മല്‍സരങ്ങളില്‍ തിളങ്ങിയാല്‍ മാത്രമേ പാണ്ഡെയ്ക്കു ടീമിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിയൂ. അനുഭസമ്പത്ത് കുറഞ്ഞ എസ്ആര്‍എച്ച് മധ്യനിരയില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്. ഐപിഎല്ലില്‍ 151 മല്‍സരങ്ങളില്‍ നിന്നും 3461 റണ്‍സാണ് പാണ്ഡെ ഇതുവരെ നേടിയത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന എസ്ആര്‍എച്ച് ടീം. ശേഷിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാവൂ.

 ക്രുനാല്‍ പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ക്രുനാല്‍ പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

മുംബൈ ഇന്ത്യന്‍സിന്റൈ ഓള്‍റൗണ്ടറാണ് ഇന്ത്യന്‍ താരം കൂടിയായ ക്രുനാല്‍ പാണ്ഡ്യ. 2018ലെ മെഗാ ലേലത്തില്‍ എട്ടു കോടി രൂപയ്ക്കായിരുന്നു ക്രുനാലിനെ മുംബൈ വാങ്ങിച്ചത്. 2013-14 സീസണില്‍ ജോണ്‍ റൈറ്റിന്റെ കണ്ടെത്തല്‍ കൂടിയായ ക്രുനാല്‍ നാലു വര്‍ഷമായി മുംബൈയ്‌ക്കൊപ്പമുണ്ട്.
ബാറ്റിങിലും ബൗളിങിലും ഒരുപോപെ സംഭാവന ചെയ്യാന്‍ മിടുക്കനാണ് ക്രുനാല്‍. മാത്രമല്ല ഫീല്‍ഡിങിലു മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. കഴിഞ്ഞ രണ്ടു സീസണിലെ പ്രകടനം വിലയിരുത്തിയാല്‍ ക്രുനാലിന് ബാറ്റിങിലും ബൗളിങിലും സ്ഥിരത നിലനിര്‍ത്താനായിട്ടില്ലെന്നു കാണാം. ഇനി യുഎഇയില്‍ നടക്കാനിരിക്കുന്ന ശേഷിച്ച മല്‍സരങ്ങളില്‍ ഈ കുറവ് നികത്തായിരിക്കും സീനിയര്‍ പാണ്ഡ്യയുടെ ശ്രമം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈ അടുത്ത സീസണില്‍ നിലനിര്‍ത്തുമെന്നുറപ്പുള്ളവര്‍. മോശം ഫോമിലായതിനാല്‍ ഹാര്‍ദിക് പാണ്ഡ്യ തുടരുമോയെന്നു കണ്ടു തന്നെ അറിയാം.

 ദിനേശ് കാര്‍ത്തിക് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ദിനേശ് കാര്‍ത്തിക് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി അടുത്ത സീസണിലും കളിക്കണമെങ്കില്‍ യുഎഇയിലെ ശേഷിച്ച മല്‍സരങ്ങള്‍ നിര്‍ണായകമാണ്. 2018ല്‍ കെകെആറിലെത്തിയ അദ്ദേഹത്തിന് സീസണില്‍ ക്യാപ്റ്റന്‍സിയും ലഭിച്ചിരുന്നു. പിന്നീട് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം ഇതൊഴിയുകയും ഒയ്ന്‍ മോര്‍ഗനു കൈമാറുകയുമായിരുന്നു.
കെകെആര്‍ ടീമില്‍ ഫിനിഷറുടെ റോളാണ് കാര്‍ത്തികിന്. ചില മല്‍സരങ്ങളില്‍ അദ്ദേഹം ഈ റോളില്‍ തിളങ്ങിയെങ്കിലും ചിലതില്‍ ഫ്‌ളോപ്പാവുകയും ചെയ്തു. 36ാം വയസ്സിലെത്തി നില്‍ക്കുന്നതിനാല്‍ കാര്‍ത്തികിന് മുന്നില്‍ ഇനി സമയം കുറവാണ്. അതുകൊണ്ടു തന്നെ ശേഷിച്ച മല്‍സരങ്ങളില്‍ ബാറ്റിങില്‍ കസറിയില്ലെങ്കില്‍ അദ്ദേഹത്തിനു ടീമില്‍ നിന്നും പടിയിറങ്ങേണ്ടി വരും.

Story first published: Monday, August 30, 2021, 18:27 [IST]
Other articles published on Aug 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+