ഏഷ്യ കപ്പിനു ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 19നായിരിക്കും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചേക്കുകയെന്നാണ് വിവരം. അടുത്ത മാസം ഒമ്പതു മുതല്‍ 28വരെയാണ് ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ചിലരെ ഏഷ്യാ കപ്പില്‍ ടീമിനോടൊപ്പം നമുക്കു കാണാന്‍ സാധിക്കില്ല. അതു പോലെ തന്നെ ടി20 ലോകകപ്പില്‍ ചാന്‍സില്ലാതെ പുറത്തിരുന്ന് കളി കണ്ട ചിലര്‍ എഷ്യാ കപ്പില്‍ പോര്‍ക്കളത്തിറങ്ങുകയും ചെയ്യും. ഇതു ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

അഭിഷേക് ശര്‍മ
വെടിക്കെട്ട് ബാറ്ററും യുവ ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് അദ്ദേഹം. സിംബാബ്‌വെയ്‌ക്കെതിരേ ജൂലൈയില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലൂടെയാണിത്.
നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് അഭിഷേക്. 17 മല്‍സരങ്ങളില്‍ നിന്നും 193.84 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 535 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏഷ്യാ കപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാള്‍ അഭിഷേകായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
വരുണ്‍ ചക്രവര്‍ത്തി
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടി20 ലോകകപ്പ് മിസ്സായതിനു ശേഷം ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കു വേണ്ടി കളിക്കാനൊരുങ്ങുന്ന അടുത്തയാള്‍. 2021ലെ ടി20 ലോകകപ്പിലൂടെ അരങ്ങേറിയ ശേഷം വന്‍ ഫ്‌ളോപ്പായി ടീമിനു പുറത്തായ താരമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശുമായുളള ടി20 പരമ്പരയിലൂടെ രണ്ടാംവരവ് നടത്തിയ ശേഷം വരുണിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.
ടി20 ഫോര്‍മാറ്റില്‍ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടായി അദ്ദേഹം മാറിക്കഴിഞ്ഞു. ബംഗ്ലദേശിനെതിരേ അഞ്ചും സൗത്താഫ്രിക്കയ്‌ക്കെതിരേ 12ഉം വിക്കറ്റുകളെടുത്ത വരുണ്‍ ഏറ്റവും അവസാനം ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ 14ഉം വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.
തിലക് വര്‍മ
യുവ ഓള്‍റൗണ്ടറും ഇടംകൈയന്‍ ബാറ്ററുമായ തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. ടി20യില്‍ ഇതിഹാസം താരം വിരാട് കോലി ഒഴിച്ചിട്ട മൂന്നാം നമ്പറിന്റെ പുതിയ അവകാശിയായി അദ്ദേഹം മാറിക്കഴിഞ്ഞു.

2023 ആഗസ്റ്റില്‍ അരങ്ങേറിയ തിലക് ഇതിനകം 25 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 49.93 ശരാശരിയില്‍ 155.07 സ്‌ട്രൈക്ക് റേറ്റില്‍ 749 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടു ടി20 സെഞ്ച്വറികളാണ് തിലക് വാരിക്കൂട്ടിയത്. നിലവിലെ ഫോമും റെക്കോര്‍ക്കും നോക്കുമ്പോള്‍ അദ്ദേഹം ഉറപ്പായും ഏഷ്യാ കപ്പ് ടീമിലുണ്ടാവും.
ശുഭ്മന്‍ ഗില്‍
പതിയ ടെസ്റ്റ് ടീം ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലാണ് ടി20 ലോകകപ്പ് മിസ്സായ ശേഷം ഏഷ്യാ കപ്പിലൂടെ മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്നത്. 2024ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ടീമില്‍ ഗില്ലിനു സ്ഥാനം നഷ്ടമാക്കിയതും ഇതു തന്നെയാണ്.
സമീപാകാലത്തൊന്നും ടി20യില്‍ കളിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിനു ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ ഐപിഎല്ലില്‍ ജിടിക്കയി വലിയ റണ്‍വേട്ടയാണ് അദ്ദേഹം നടത്തിയത്. കൂടാതെ അവസാനം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ 700പ്ലസ് റണ്‍സുമായി ടീമിന്റെ റണ്‍മെഷീനായി ഗില്‍ മാറുകയും ചെയ്തു.