Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍- ജയ്‌സ്വാള്‍ ഓപ്പണിങ്, മൂന്നാമന്‍ സഞ്ജു!! പുതിയ ഏകദിന ടീം വരുന്നു, ലക്ഷ്യം ലോകകപ്പ്

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ ഏകദിന ടീമില്‍ വലിയൊരു അഴിച്ചുപണിക്കായി മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍. പല സീനിയര്‍ കളിക്കാരെയും ഒഴിവാക്കി കൂടുതല്‍ അഗ്രസീവായ ഒരു യുവനിരയെ വാര്‍ത്തെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. 2027ലെ അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് പുതിയ ടീമിനെയൊരുക്കാന്‍ ഗംഭീര്‍ ഒരുങ്ങുന്നത്.

നിലവിലെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ക്കു ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ ടീമില്‍ നിന്നും വഴിമാറി കൊടുക്കേണ്ടി വരുമെന്നു ഉറപ്പായിരിക്കുകയാണ്. ടീം കിരീടം നേടിയാലും ഇല്ലെങ്കിലും ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ അദ്ദേഹത്തെ ഏകദിന ടീമില്‍ കാണാനിടയില്ല. ടി20യില്‍ നിന്നും ഹിറ്റ്മാന്‍ ഇതിനകം വിരമിച്ചു കഴിഞ്ഞു.

രോഹിത്തിനെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലി, വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തുടങ്ങിയവരും ഏകദിന ടീമില്‍ നിന്നും പുറത്താവുമെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SHUBMAN GILL YASHSVI JAISAWAL

ഓപ്പണിങില്‍ ആരെല്ലാം

രോഹിത് ശര്‍മ പുറത്താവുന്നതോടെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഏകദിനത്തില്‍ ഇന്ത്യക്കു പുതിയൊരു സ്ഥിരം ഓപ്പണറെ ആവശ്യമായി വരും. എന്നാല്‍ ഈ റോള്‍ നികത്താന്‍ മിടുക്കനായ ഒരു യുവതാരം തയ്യാറായി നില്‍ക്കുന്നുണ്ട്. ഇടംകൈയന്‍ ബാറ്ററും പുതിയ സെന്‍സേഷനുമായ യശസ്വി ജയ്‌സ്വാളാണിത്. അടുത്ത 10 വര്‍ഷത്തിലേറെ ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

ജയ്‌സ്വാളും മറ്റൊരു യുവ സൂപ്പര്‍ താരമായ ശുഭ്മന്‍ ഗില്ലുമായിരിക്കും ഏകദിനത്തില്‍ ഇന്ത്യയുടെ അടുത്ത സ്ഥിരം ഓപ്പണിങ് ജോടികള്‍. 2027ലെ ഏകദിന ലോകകപ്പിലും ഇവരായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് ഗില്‍. അദ്ദേഹത്തോടൊപ്പം ജയ്‌സ്വാള്‍ ചേരുന്നതോടെ അതു മാരക കോമ്പിനേഷനായി മാറും.

മധ്യനിരയില്‍ ആരെല്ലാം

വിരാട് കോലിക്കു പകരം മൂന്നാം നമ്പറിലേക്കു പുതിയൊരാളെ ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. ഈ റോളിലേക്കു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നറുക്കു വീഴാന്‍ സാധ്യതയുണ്ട്. കാരണം ടി20യില്‍ ഓപ്പണിങ് റോള്‍ അദ്ദേഹം ഭദ്രമാക്കി കഴിഞ്ഞു. ഏകദിനത്തില്‍ തകര്‍പ്പന്‍ റെക്കോര്‍ഡും സഞ്ജുവിനുണ്ട്.

കൂടാതെ കോച്ച് ഗൗതം ഗംഭീറിനു അദ്ദഹത്തോടു പ്രത്യേക താല്‍പ്പര്യവുമുണ്ട്. ഇതു മൂന്നാമനായി സഞ്ജുവിനു വിളിയെത്താന്‍ വഴിയൊരുക്കിയേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും കളിക്കുക. നിലവില്‍ ഈ റോളിലേക്കു അദ്ദേഹത്തേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ഇന്ത്യക്കില്ലെന്നു കാണാം.

SHREYAS IYER

രോഹിത് ശര്‍മയ്ക്കു ശേഷം ഏകദിന ടീമിന്റെ നായകസ്ഥാനവും ശ്രേയസിനു ലഭിക്കാന്‍ സാധ്യത കൂടുതലാണ്. തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഐപിഎല്ലിലുള്‍പ്പെടെ അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞു. ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമായിരിക്കും ഏകദിന ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ബാക്കപ്പായി നിതീഷ് റെഡ്ഡിയയും ഇന്ത്യ വളര്‍ത്തിയെടുക്കും. സ്പിന്‍ ബൗളിങിന്റെ കടിഞ്ഞാണ്‍ കുല്‍ദീപ് യാദവിനായിരിക്കും. കൂടാതെ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയിയും ഏകദിന ടീം പ്ലാനുകളുടെ ഭാഗമാവും.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജയസ്പ്രീത് ബുംറ തന്നെയാണ്. കൂട്ടിന് മുഹമ്മദ് ഷമിയുമുണ്ടാവും. മുഹമ്മദ് സിറാജിനു പകരം അര്‍ഷ്ദീപ് സിങിനെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറായി ഇന്ത്യ വളര്‍ത്തും. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് തുടങ്ങിയവരും അടുത്ത ഏകദിന ലോകകകപ്പ് പ്ലാനുകളുടെ ഭാഗമായി മാറിയേക്കുകയും ചെയ്യും.

ചാംപ്യന്‍സ് ട്രോഫിക്കു ശേഷമുള്ള ഏകദിന ടീം

ശുഭ്മന്‍ ഗില്‍, യശ്വസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

ബാക്കപ്പുകള്‍- നിതീഷ് റെഡ്ഡി, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്.

Story first published: Saturday, January 11, 2025, 11:00 [IST]
Other articles published on Jan 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+