ആധുനിക ക്രിക്കറ്റിലെ ചില നിയമങ്ങളില്‍ പഴുതുകളുണ്ടെന്നും അതു അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്നും തുറന്നടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. നിയമത്തിലെ ചില ഇളവുകള്‍ കാരണം കളിക്കളത്തില്‍ ബൗളര്‍മാര്‍ക്കു അര്‍ഹിക്കാത്ത ആനുകൂല്യം ലഭിക്കുന്നതായും പക്ഷെ ബാറ്റര്‍മാര്‍ക്കു അതു ലഭിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരോവര്‍ ബൗള്‍ ചെയ്ത ശേഷം ബൗണ്ടറി ലൈനിനു അരികിലേക്കു ഫീല്‍ഡ് ചെയ്യാനെത്തുമ്പോള്‍ ബൗളര്‍മാര്‍ വെള്ളം കുടിക്കുന്നതിനെതിരേയാണ് ഗവാസ്‌കര്‍ ആഞ്ഞടിച്ചത്.
ആധുനിക ക്രിക്കറ്റെടുത്താല്‍, പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ക്കു അവരുടെ ഓവറിനു ശേഷം ബൗണ്ടറി ലൈനിനു അരികില്‍ വച്ച് ഡ്രിങ്ക്സ് നല്‍കുന്നത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ആറു ബോളുകള്‍ എറിഞ്ഞു കഴിയുമ്പോഴേക്കും ബൗളര്‍മാര്‍ ഈ തരത്തില്‍ ക്ഷീണിതരാവുകയാണെങ്കില്‍ പിന്നെയെന്തിനാനാണ് ഡ്രിങ്ക്‌സ് ബ്രേക്ക്?

ഒരു കാര്യം ഓര്‍മിക്കണം, ഒരോവറിനു ശേഷം ക്രീസിലുള്ള ബാറ്റര്‍ക്കു ഈ തരത്തില്‍ കുടിക്കാന്‍ ഒന്നും ലഭിക്കാറില്ല. ചിലപ്പോള്‍ ഈ ഓവറില്‍ എട്ടു റണ്‍സ് വരെ അവര്‍ ഓടിയെടുക്കുകയും ചെയ്തിട്ടുണ്ടാവും. എന്നിട്ടു പോലും ബൗളര്‍മാരെപ്പോലെ ഒരു ആനൂകൂല്യം അവര്‍ക്കു കിട്ടുന്നില്ലെന്നു സ്‌പോര്‍ട്‌സ്റ്റാറിലെ കോളത്തില്‍ ഗവാസ്‌കര്‍ കുറിച്ചു. ഐസിസി ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും ആവശ്യമായ മാറ്റങ്ങള്‍ നിയമത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കളിയില്‍ ഓരോ മണിക്കൂറിനിടെ മാത്രമേ താരങ്ങള്‍ക്കു ഡ്രിങ്ക്‌സ് നല്‍കാന്‍ പാടുള്ളൂവെന്നും എന്നാല്‍ ഇതിനിടെ ഏതെങ്കിലുമൊരാള്‍ക്കു ആവശ്യമായി വന്നാല്‍ അതു അംപയറുടെയും എതിര്‍ ടീം ക്യാപ്റ്റന്റെയും അനുവാദത്തോടെ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്നും ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു. ഏതു തരത്തിലുള്ള ഫോര്‍മാറ്റായാലും ക്രിക്കറ്റെന്ന ഗെയിം കളിക്കണമെങ്കില്‍ സ്റ്റാമിനയും സഹനശക്തിയുമെല്ലാം ആവശ്യമാണ്.

അതുകൊണ്ടു തന്നെ കളിയില്‍ ഓരോ മണിക്കൂറിനിടെ മാത്രം താരങ്ങള്‍ക്കു ഡ്രിങ്ക്‌സ് നല്‍കിയിരുന്ന ആ കാലത്തേക്കു തിരികെ പോവണം. അംപയറോടും എതിര്‍ ടീം ക്യാപ്റ്റനോടും അനുമതി വാങ്ങേണ്ടതു അന്നു പ്രധാനമായിരുന്നു. മറിച്ച് അംപയര്‍ ഒരു ബൗളറെ അതിനു അനുവദിക്കുകയാണെങ്കില്‍ അതൊരു ട്രെന്‍ഡായി മാറും.
അതു ഡ്രിങ്ക്‌സ് ബ്രേക്കിനെ കളിയാക്കുന്നതിനു തുല്യമായി മാറും. റിസര്‍വ് താരം ഡ്രിങ്ക്‌സുമായി ഫീല്‍ഡിലേക്കു പ്രവേശിക്കുന്നില്ലെന്നും ബൗണ്ടറി ലൈനിനു പുറത്താണുള്ളതെന്നും തേര്‍ഡ് അംപയറും മാച്ച് റഫറിയും ഉറപ്പ് വരുത്തണമെന്നും കോളത്തില്‍ ഗവാസ്‌കര്‍ വിശദമാക്കി.