ധോണിക്ക് എന്തിന്റെ കേട്? റൊട്ടേഷന്‍ പരീക്ഷണം ദുരന്തം!! കടന്നാക്രമിച്ച് വീണ്ടും ഗംഭീര്‍
ദില്ലി: ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീറും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ധോണിയുമായി ഉടക്കിയതോടെയാണ് ഗംഭീറിന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതെന്നും പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. വിരമിച്ച ശേഷം ധോണിയെ പല തവണ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ധോണിക്കെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് അദ്ദേഹം. ധോണിയുടെ റൊട്ടേഷന്‍ സമ്പദ്രായത്തെയാണ് ഗംഭീര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 2012ല്‍ ഓസ്‌ട്രേലിയില്‍ നടന്ന സിബി സീരീസില്‍ ധോണി നടത്തിയ പരീക്ഷണങ്ങളാണ് അദ്ദേത്തെ ചൊടിപ്പിച്ചത്.

മൂന്നു പേരെ റൊട്ടേറ്റ് ചെയ്തു
സിബി സീരീസ് ത്രിരാഷ്ട്ര പരമ്പരയില്‍ ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെയാണ് ധോണി റൊട്ടേറ്റ് ചെയ്ത് കളിപ്പിച്ചത്. ഈ പരമ്പരയ്ക്കു മുമ്പ് തന്നെ മൂന്നു പേരുമായും ഇക്കാര്യം ധോണി ചര്‍ച്ച ചെയ്തിരുന്നു. അതിനു ശേഷമാണ് ഇവരെ മാറി മാറി കളിപ്പിച്ചത്.
ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ മൂന്നു പേരും ഫീല്‍ഡില്‍ 20 റണ്‍സെങ്കിലും ടീമിനു നഷ്ടപ്പെടുത്തുമെന്നും അതുകൊണ്ടാണ് മൂന്നു ഓപ്പണര്‍മാരെയും മാറി മാറി പരീക്ഷിക്കാന്‍ താന്‍ തീരുമാനിച്ചതെന്നു ധോണി ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ മല്‍സരങ്ങള്‍
പരമ്പരയില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ അവസരം ലഭിച്ചത് ഗംഭീറിനും സച്ചിനുമായിരുന്നു. ഇരുവരും ഏഴു മല്‍സരങ്ങളില്‍ ഇറങ്ങിയപ്പോള്‍ സെവാഗ് അഞ്ചു കളികളിലും പ്ലെയിങ് ഇലവനിലെത്തി. 44 ശരാശരിയില്‍ 308 റണ്‍സ് നേടിയ ഗംഭീര്‍ പരമ്പരയില്‍ വിരാട് കോലിക്കു പിന്നില്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരന്‍ കൂടിയായിരുന്നു. എന്നാല്‍ സെവാഗിന് ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം രണ്ടിന്നിങ്‌സുകളില്‍ മാത്രമേ തിളങ്ങാനായുള്ളൂ.
ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ് അന്നു ഫൈനല്‍ കളിച്ചത്. ഓസീസ് ജേതാക്കളാവുകയും ചെയ്തിരുന്നു.

സുരക്ഷിതത്വം ഇല്ല
ധോണി ക്യാപ്‌നായിരുന്നപ്പോള്‍ കരിയറില്‍ ഒരു തവണ മാത്രമേ ടീമില്‍ തന്റെ സ്ഥാനം സുരക്ഷിതമാണെന്നു തോന്നിയിട്ടുള്ളൂവെന്നു ഗംഭീര്‍ വ്യക്തമാക്കി.
ഐസിസിയുടെ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം തന്നെ തേടിയെത്തിയ സമയത്തായിരുന്നു ഇത്. ടീം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും തന്റെ റൊട്ടേഷന്‍ രീതി മാറ്റാന്‍ ധോണി തയ്യാറായിരുന്നില്ല. ഒരു താരം ടീമിലെത്തിയാല്‍ അയാള്‍ക്ക് സ്ഥാനം സുരക്ഷിതമാണെന്നു തോന്നേണ്ടത് വലിയ കാര്യം തന്നെയാണ്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഒരിക്കല്‍ മാത്രമേ ത്രിരാഷ്ട്ര പരമ്പരയില്‍ കിരീടം നേടിയിട്ടുള്ളൂ. അന്നു താനായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. 40 വര്‍ഷത്തിനു ശേഷം ന്യൂസിലാന്‍ഡില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോഴും പരമ്പരയുടെ താരം താനായിരുന്നു. തുടരെ അഞ്ചു സെഞ്ച്വറികള്‍ താന്‍ നേടിയിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ശുദ്ധ വിഡ്ഡിത്തം
ടീമില്‍ റൊട്ടേഷന്‍ നടത്തിയേ തീരൂവെന്ന് വാശിയുള്ളതു പോലെയായിരുന്നു ധോണിയുടെ പ്രവര്‍ത്തികളെന്നും അദ്ദേഹത്തിന്റെ ഈ റൊട്ടേഷന്‍ പോളിസിയെ ശുദ്ധ വിഡ്ഢിത്തമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂവെന്നും ഗംഭീര്‍ പറഞ്ഞു. ക്യാപ്റ്റന്‍ എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ടീമിലെ എല്ലാ താരവും ബാധ്യസ്ഥരാണ്. പക്ഷെ ധോണിയുടെ പരീക്ഷണം ശരിയായിരുന്നുവെന്നു തോന്നിയിട്ടില്ല. റൊട്ടേഷന്‍ പോളിസിയുമായി തുടങ്ങിയ ശേഷം നിര്‍ണായകമായ അവസാന മൂന്ന് മല്‍സരങ്ങളില്‍ ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങുമ്പോള്‍ ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് നിര്‍ത്തണം. ഒരേ ടീമിനെ തന്നെ കളിപ്പിക്കുന്നതാണ് അത്തരമൊരു സന്ദര്‍ഭത്തില്‍ ടീമിന് ഗുണം ചെയ്യുകയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications