ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിനു നല്ലൊരു പാഠമായിരുന്നു കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനം. ടി20 പരമ്പരയില്‍ അദ്ദേഹം പ്രതീക്ഷിച്ചതു പോലെ തന്നെ കാര്യങ്ങള്‍ നടന്നപ്പോള്‍ ഏകദിന പരമ്പരയില്‍ എല്ലാ കണക്കുകൂട്ടലുകളും പിഴയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളെയെല്ലാം തിരിച്ചുവിളിച്ചിട്ടും പരമ്പരയില്‍ ഇന്ത്യക്കു നാണംകെടേണ്ടതായി വന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-0നാണ് ലങ്കന്‍ ടീം കൈക്കലാക്കിയത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യക്കെതിരേ ലങ്കയുടെ ആദ്യത്തെ പരമ്പരനേട്ടം കൂടിയായിരുന്നു ഇത്.
ഏകദിന പരമ്പരയില്‍ തനിക്കു സംഭവിച്ച ചില പിഴവുകള്‍ തിരുത്താനുള്ള തയ്യാറെടുപ്പിലാണ് ഗംഭീര്‍. ചില മോശം തീരുമാനങ്ങള്‍ തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇതാണ് ടീമിന്റെ വീഴ്ചയ്ക്കു കാരണമെന്നും അദ്ദേഹത്തിനു ബോധ്യമായിട്ടുണ്ടാവും. അതിനാല്‍ തന്നെ ലങ്കന്‍ പര്യടനത്തില്‍ സ്വീകരിച്ച ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മാറ്റാനൊരുങ്ങുകയാണ് ഗംഭീര്‍. ഏതൊക്കെയാണ് ഈ നിര്‍ണായ തീരുമാനങ്ങളെന്നു നമക്കു പരിശോധിക്കാം.

യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയേല്‍പ്പിച്ചതാണ് ഗംഭീര്‍ മാറ്റാനിടയുള്ള ഒരു തീരുമാനം. ഏകദിന പരമ്പരയില്‍ മാത്രമല്ല തൊട്ടുമുമ്പ് നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ഗില്‍ തന്നെയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഗംഭീറും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കും സംയുക്തമായാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം സ്വീകരിച്ചത്.
പക്ഷെ ഗില്‍ ഇപ്പോഴും ചെറുപ്പാണ്. മാത്രമല്ല ബാറ്ററെന്ന നിലയില്‍ ഇപ്പോഴും ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുമില്ല. ലങ്കയുമായുള്ള പരമ്പരയില്‍ ടി20യിലോ, ഏകദിനത്തിലോ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിച്ചില്ല. അതുകൊണ്ടു തന്നെ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍സി ഇപ്പോള്‍ ഏല്‍പ്പിക്കുന്നത് അബദ്ധമാണെന്നു ഗംഭീറിനു ബോധ്യമായിട്ടുണ്ടാവും. മാത്രമല്ല ടീമില്‍ വൈസ് ക്യാപ്റ്റന്‍സി ഗില്ലിനേക്കാള്‍ അര്‍ഹിക്കുന്ന വേറെ താരങ്ങളുമുണ്ട്. വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയാല്‍ ഫോമില്ലെങ്കില്‍ ഗില്ലിനെ ടീമില്‍ നിന്നും ഒഴിവാക്കാനും ഗംഭീറിനു കഴിയും.
ഏകദിനത്തില്‍ ബാറ്റിങ് ഓര്‍ഡറിലെ അനാവശ്യ അഴിച്ചുപണികള്‍ അവസാനിപ്പിക്കുകയെന്നതാണ് ഗംഭീര്‍ എടുക്കാന്‍ പോവുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട തീരുമാനം. ലങ്കന്‍ പര്യടനത്തിലെ ബാറ്റിങ് ദുരന്തം അദ്ദേഹത്തിന്റെ കണ്ണു തുറപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ ബാറ്റിങ് ലൈനപ്പില്‍ അനാവശ്യമായി മാറ്റങ്ങള്‍ കൊണ്ടുവന്ന തീരുമാനം ഗംഭീര്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചനകള്‍.
ലങ്കയുമായുള്ള പരമ്പരയില്‍ ടോപ് ത്രീയില്‍ ഗംഭീര്‍ മാറ്റം വരുത്തിയില്ല. എന്നാല്‍ മറ്റു ബാറ്റിങ് പൊസിഷനുകളില്‍ പരീക്ഷണം നടത്തി. നാലും അഞ്ചും സ്ഥാനങ്ങളില്‍ നേരത്തേ സ്ഥാനമുറപ്പിച്ചിരുന്ന ശ്രേയസ് അയ്യര്‍ക്കും കെഎല്‍ രാഹുലിനും അദ്ദേഹം ഈ റോളുകള്‍ പരമ്പരയില്‍ നല്‍കിയില്ല. മാത്രമല്ല ബാറ്റിങില്‍ ഇവരെ താഴേക്കു ഇറക്കാനുള്ള പരീക്ഷണം പാളുകയും ചെയ്തു. വരാനിരിക്കുന്ന പരമ്പരകളില്‍ ശ്രേയസിനും രാഹുലിനും കൃത്യമായ ബാറ്റിങ് പൊസിഷനുകള്‍ തന്നെ ഗംഭീര്‍ നല്‍കിയേക്കും.

ഗംഭീര്‍ മാറ്റാനിടയുള്ള മൂന്നാമത്തെ തീരുമാനം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഏകദിന ടീമിലുള്‍പ്പെടുത്തുകയെന്നതാണ്. നിലവില്‍ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകൡ മാത്രമേ താരം കളിച്ചിട്ടുള്ളൂ. രണ്ടിലും മിന്നുന്ന പ്രകടനം ജയ്‌സ്വാള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ അടുത്ത പരമ്പരയില്‍ അദ്ദേഹത്തെ ഏകദിനത്തിലും ഗംഭീര്‍ പരീക്ഷിച്ചേക്കും.
ഇന്ത്യയുടെ മുന്‍നിരയില്‍ സ്പിന്നിനെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ബാറ്റര്‍ ആവശ്യമാണ്. സ്പിന്‍ ബൗളിങിനെതിരേ മികച്ച ബാറ്ററും കൂടിയാണ് ജയ്‌സ്വാള്‍. മാത്രമല്ല ഇടംകൈയന്‍ ബാറ്ററാണെന്നതും താരത്തിനു പ്ലസ് പോയിന്റാണ്. ജയ്‌സ്വാളിനെ ടീമിലേക്കു വിളിക്കുമെങ്കിലും മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു വിളിക്കാനുള്ള സാധ്യത കുറവുമാണ്.