വീമ്പു പറഞ്ഞിട്ട് കാര്യമില്ല, ഇന്ത്യ കപ്പടിക്കണമെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം — തുറന്നടിച്ച് ഗംഭീർ
ക്രിക്കറ്റ് കിരീടങ്ങളില്‍ കൈവെയ്ക്കാനുള്ള ഇന്ത്യയുടെ പിടിപ്പുകേട് ഏവര്‍ക്കുമറിയാം. ഐസിസി ടൂര്‍ണമെന്റുകളില്‍ അവസാനം വരെയെത്തും. എന്നാല്‍ നോക്കൗട്ട് ഘട്ടത്തിലോ സെമിയിലോ വെച്ച് ടീമിന് അടിപതറും. ഇതുവരെ നാലു ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യ കളിച്ചിട്ടുണ്ട് (1987, 1996, 2015, 2019). 2003 -ലെ ലോകകപ്പ് ഫൈനലിലാകട്ടെ ഇന്ത്യയുടെ തൊലിയുരിച്ചാണ് റിക്കി പോണ്ടിങ്ങും സംഘവും കപ്പുംകൊണ്ട് പോയത്. പറഞ്ഞുവരുമ്പോള്‍ 1983 -ലും 2011 -ലും ലോകകപ്പ് ഉയര്‍ത്തിയത് മാത്രം ഏകദിനത്തില്‍ വലിയ മേന്മയായി ഇന്ത്യയ്ക്ക് പറയാം.

കുട്ടിക്രിക്കറ്റിലും ചിത്രം മറ്റൊന്നല്ല. 2007 -ലെ പ്രഥമ ലോകകപ്പ് കിരീടം നേടിയതൊഴിച്ചാല്‍ ചാംപ്യന്‍മാരാകണമെന്ന മോഹം ടീം ഇന്ത്യയ്ക്ക് ഇപ്പോഴും അകലത്താണ്. 2007 -ന് ശേഷം അഞ്ചു ട്വന്റി-20 ലോകകപ്പുകളില്‍ ഇന്ത്യ പങ്കെടുത്തുകഴിഞ്ഞു. ഇതില്‍ 2014 -ല്‍ ധോണിപ്പട രണ്ടാം സ്ഥാനക്കാരായി. 2016 -ല്‍ സെമി ഫൈനല്‍ വരെയുമെത്തി. എന്താകാം ഇന്ത്യയുടെ പരാജയ കാരണം?

ക്രിക്കറ്റിലെ വന്‍ശക്തികളില്‍ ഒന്നാണ് ടീം ഇന്ത്യ. എന്നിട്ടും നിര്‍ണായക ഐസിസി ടൂര്‍ണമെന്റുകളില്‍ നീലപ്പട നിറംമങ്ങുന്നു. ഇതിന്റെ കാരണം മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍ ചികയുകയാണ്. 2007 -ലും 2011 -ലും ടീം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതില്‍ ഗംഭീറിനുള്ള പങ്ക് ഒട്ടും ചെറുതല്ല. ഗംഭീറിന്റെ അഭിപ്രായത്തില്‍ ടീം ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ശേഷി താരതമ്യേന കുറവാണ്.

'നിര്‍ണായക നിമിഷത്തില്‍ കളത്തില്‍ ചെയ്യുന്ന കാര്യങ്ങളും എടുക്കുന്ന സമീപനങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌ക്വാഡില്‍ മികച്ച താരങ്ങള്‍ മികവുറ്റവരായി മാറുന്നത്. എന്റെ അഭിപ്രായത്തില്‍ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ കളിക്കേണ്ടതെങ്ങനെയെന്ന് ടീം ഇന്ത്യയ്ക്ക് ഇപ്പോഴും അറിയില്ല. അല്ലെങ്കില്‍ നമ്മളെക്കാള്‍ മികച്ച രീതിയില്‍ മറ്റു ടീമുകള്‍ സമ്മര്‍ദ്ദം സാഹചര്യങ്ങള്‍ അതിജീവിക്കുന്നുണ്ട്', ഗംഭീര്‍ വ്യക്തമാക്കി.

മനസുറപ്പാണ് വേണ്ടതെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ പ്രതിഭയ്‌ക്കൊട്ടും കുറവില്ല. ലോകചാംപ്യന്‍മാരാകാനുള്ള എല്ലാ യോഗ്യതയും ഇപ്പോഴത്തെ ടീമിനുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഇവര്‍ക്കാകുന്നില്ല. പക്വതയോടെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ നേരിട്ടാല്‍ മാത്രമേ ലോകചാംപ്യന്‍മാരാകാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ടീമിന്റെ മനോബലം കൂട്ടാന്‍ വഴികള്‍ ആലോചിക്കേണ്ടതുണ്ടെന്നാണ് ഗംഭീറിന്റെ പക്ഷം.

'ഇതുവരെ കളിച്ച സെമി, ഫൈനല്‍ മത്സരങ്ങള്‍ കണ്ടാലറിയാം, ഇന്ത്യന്‍ ടീമിന്റെ മനോബലം എന്തുമാത്രം ദുര്‍ബലമാണെന്ന്. ലീഗ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും നിര്‍ണായക നിമിഷത്തില്‍ ടീം ഒന്നടങ്കം പതറിപ്പോകുന്നു. നമ്മുക്ക് വീരവാദങ്ങള്‍ മുഴക്കാം. ലോകചാംപ്യന്‍മാരാകാനുള്ള കഴിവുണ്ട് ഇന്ത്യയ്ക്ക്. പക്ഷെ അത് കളത്തില്‍ തെളിയിക്കണം. അല്ലാതെ വാചകമടിച്ച് മാത്രം ചാംപ്യന്‍പ്പട്ടം നേടാന്‍ ആര്‍ക്കും കഴിയില്ല', ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Most Read: 2019ലെ ലോകകപ്പ്- ഇന്ത്യ തോറ്റു കൊടുത്തത് തന്നെ, ജയിക്കാന്‍ ശ്രമിച്ചില്ലെന്ന് ഹഫീസ്
2018 -ലാണ് ഗൗതം ഗംഭീര്‍ ഔദ്യോഗികമായി ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. നിലവില്‍ സജീവ രാഷ്ട്ര സേവകനാണ് ഇദ്ദേഹം. കളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും ക്രിക്കറ്റ് കമ്മന്ററിയിലും ക്രിക്കറ്റ് പരിപാടികളിലും ഗംഭീര്‍ പങ്കെടുക്കാറുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications