ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ ഗൗതം ഗംഭീര്‍ എത്തിയിരിക്കുകയാണ്. മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ടീമുകളില്‍ പല മാറ്റങ്ങളും അദ്ദേഹം വരുത്തിയേക്കുകയും ചെയ്യാം. ഗംഭീറിന്റെ പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ആരെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആക്കുമെന്ന കാര്യത്തിലാണ്.
നിലവില്‍ റിഷഭ് പന്താണ് എല്ലാ ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഗംഭീറിനു അത്ര തൃപ്തിയില്ല. പ്രത്യേകിച്ചും ടി20യില്‍ റിഷഭിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് ഗംഭീറിനു ആവശ്യം.

സമാപിച്ച ടി20 ലോകകപ്പിലുള്‍പ്പെടെ ബാറ്റിങില്‍ റിഷഭ് ഫ്‌ളോപ്പായി മാറിയിരുന്നു. അടുത്ത വര്‍ഷം ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവയും നടക്കാനിരിക്കുകയാണ്. ഇവയില്‍ റിഷഭിനു പകരം മറ്റൊരാളെയാണ് ഗംഭീര്‍ തിരയുന്നത്. വരാനിരിക്കുന്ന വമ്പന്‍ ടൂര്‍ണമെന്റുകള്‍ മുന്നില്‍ കണ്ട് വിക്കറ്റ് കീപ്പറുടെ റോളിലക്കു അദ്ദേഹം മൂന്നു പേരെ കണ്ടുവച്ചു കഴിഞ്ഞതായി സ്‌പോര്‍ട്‌സ് തക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വിക്കറ്റ് കീപ്പര്‍മാരുടെ ഈ ചുരുക്കപ്പട്ടികയില്‍ റിഷഭ് ഇല്ലെന്നതാണ് കൗതുകകരമായ കാര്യം. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ താരത്തിന്റെ ഭാവിയും ഇതോടെ അനിശ്ചതത്വത്തിലായെന്നു സംശയിക്കേണ്ടി വരും. പരിചയസമ്പന്നനായ കെഎല്‍ രാഹുല്‍, മലയാളി താരം സഞ്ജു സാംസണ്‍, യുവതാരം ധ്രുവ് ജുറേല്‍ എന്നിവരെയാണ് ഗംഭീര്‍ നോട്ടമിട്ടു വച്ചിരിക്കുന്നത്. പ്രകടനം വിലയിരുത്തി ഇവരില്‍ നിന്നും രണ്ടു പേരെയായിരിക്കും വൈറ്റ് ബോള്‍ മല്‍സരങ്ങളില്‍ ഗംഭീര്‍ പരീക്ഷിക്കുക.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സഞ്ജുവിനെ സംബന്ധിച്ച് ഇതു തീര്‍ച്ചയായും സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. മുന്‍ കോച്ചുമാര്‍ക്കു കീഴില്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. എന്നാല്‍ ഗംഭീറിനു ഏറെ പ്രതീക്ഷയുള്ള വിക്കറ്റ് കീപ്പറാണ് സഞ്ജു. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാധി മുതലെടുക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ റിഷഭിനെക്കുറിച്ച് അത്ര നല്ല മതിപ്പല്ല ഗംഭീറിനു നേരത്തേ തന്നെയുള്ളത്. ഇക്കാര്യം പല സന്ദര്‍ഭങ്ങളിലും അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. റിഷഭിനു ഓപ്പണറായി അവസരം ലഭിച്ചുകഴിഞ്ഞു, മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലും കളിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിജയിക്കാനുള്ള എല്ലാ അവസരവും റിഷഭിനു ടീം മാനേജ്‌മെന്റ് നല്‍കിക്കഴിഞ്ഞു. പക്ഷെ അവനു അതിനു കഴിഞ്ഞില്ല.

റിഷഭ് പന്തിനു റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നു ഞാന്‍ കരുതുന്നു. അതു അവനെ സംബന്ധിച്ച് മോശം കാര്യമല്ല. കാരണം ചുരുങ്ങിയത് വിക്കറ്റ് കീപ്പിങിലെങ്കിലും റിഷഭിനു പൂര്‍ണമായി ശ്രദ്ധിക്കാം. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യാമെന്നതിനെക്കുറിച്ചും ചിന്തിക്കാമെന്നുമാണ് ഇഎസ്പിഎല്‍ ക്രിക്ക്ഇന്‍ഫോയോടു ഗംഭീര്‍ പറഞ്ഞത്.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിന്നും റിഷഭിനെ ഗംഭീര്‍ പൂര്‍ണമായും ഒഴിവാക്കിയാല്‍ അതു സഞ്ജുവിന്റെ സാധ്യതകളും വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഏകദിനത്തില്‍ രാഹുലും ടി20യില്‍ സഞ്ജുവുമായിരിക്കും ഗംഭീറിനു കീഴില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയേക്കുക. ടെസ്റ്റില്‍ റിഷഭിനും നറുക്കുവീഴും. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി കളിക്കുന്നത്. മൂന്നു വീതം ഏകദിന, ടി20 മല്‍സരങ്ങളാണ് പര്യടനത്തിലുള്ളത്.