ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചിന്റെ റോളിലേക്കു വന്നിരിക്കുന്നത്. പുറമെ വളരെ കര്‍ക്കശക്കാരനും അഗ്രസീവായി കാണപ്പെടുകയും ചെയ്യാറുള്ള വ്യക്തിയാണ് അദ്ദേഹം. യഥാര്‍ഥത്തില്‍ ഗംഭീര്‍ ഏതു തരത്തിലുള്ള കോച്ചാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി എങ്ങനെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍.
ഐപിഎല്ലില്‍ നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനായിരിക്കെ 2022, 23 സീസണുകളില്‍ അദ്ദേഹത്തിനു കീഴില്‍ ആവേശ് കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഗംഭീറിനെക്കുറിച്ച് വളരെ നന്നായി അറിയാവുന്നവരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് പകരം ഗംഭീര്‍ ഈ റോള്‍ ഏറ്റെടുത്തിരിക്കുന്നത്.

നിലവില്‍ സിംബാബ്‌വെയില്‍ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണാണ് ഈ പരമ്പരയില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗംഭീറിനു കീഴില്‍ ടീം ആദ്യമായി കളിക്കുക. ടീം കോച്ചെന്നാണ് ഗംഭീറിനെപ്പറ്റി ആവേശ് വിശേഷിപ്പിച്ചത്. സിംബാബ്‌വെയില്‍ വച്ച് പിടിഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ എല്ലായ്‌പ്പോഴും എതിരാളികളേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നും കഴിവിന്റെ 100 ശതമാനവും നല്‍കണമെന്നുമുള്ള മാനസികാവസ്ഥയെക്കുറിച്ചാണ് ഗംഭീറില്‍ നിന്നും താന്‍ പഠിച്ചെടുത്തതെന്നാണ് ആവേശ് പറഞ്ഞിരുക്കുന്നത്. ഹരാരെയിലെ നാലാം ടി20 മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീം മീറ്റിങ്ങുകളില്‍ ആണെങ്കിലും, തനിച്ച് ഓരോരുത്തരുമായി ചര്‍ച്ച നടത്തുമ്പോഴും ഗംഭീര്‍ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ. പക്ഷെ തന്റെ പോയിന്റിനെക്കുറിച്ചും എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അദ്ദേഹം കൃത്യമായി മനസ്സിലക്കിത്തരും. കളിക്കാര്‍ക്കു റോളുകളും ചുമതലകളുമെല്ലാം ഗംഭീര്‍ നല്‍കാറുണ്ട്. എല്ലായ്‌പ്പോഴും അദ്ദേഹമൊരു ടീം കോച്ചുമാണ്. ടീം വിജയിക്കണമെന്നും മുഴുവന്‍ പേരും 100 ശതമാനവും നല്‍ണമെന്നും ഗംഭീര്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നതായും ആവേശ് വിശദമാക്കി.
2022ലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് പരിശീലക കരിയറിനു ഗംഭീര്‍ തുടക്കമിട്ടത്. കെഎല്‍ രാഹുല്‍ നയിച്ച എല്‍എസ്ജി ടീമിന്റെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു ഇത്. ടീമിന്റെ മുഖ്യ ഉപദേശകന്റെ ചുമതലയാണ് ഗംഭീറിനുണ്ടായിരുന്നത്. സീസിണില്‍ മികച്ച പ്രകടനം നടത്തിയ എല്‍എസ്ജി പ്ലേഓഫില്‍ കടക്കുകയും ചെയ്തു. 2023ലും ഇതേ റോളില്‍ തന്നെ ഗംഭീര്‍ ടീമിനൊപ്പമുണ്ടായിരുന്നു. തുടരെ രണ്ടാംതവണയും എല്‍എസ്ജി പ്ലേഓഫിലെത്തുകയും ചെയ്തിരുന്നു.

അതിനു ശേഷമാണ് പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിന്നും ഉപദേശകന്റെ റോളിലേക്കു ഗംഭീറിനു വിളിയെത്തിയത്. ഈ വര്‍ഷം ഐപിഎല്ലിനു തൊട്ടുമുമ്പായിരുന്നു ഇത്. നേരത്തേ കെകെആര്‍ രണ്ടു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.
പുതിയ റോളിലുള്ള രണ്ടാം വരവിലും അദ്ദേഹം മോശമാക്കിയില്ല. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലുമെത്താതെ പുറത്തായ ഏറെക്കുറെ അതേ ടീമിനെ വച്ച് ഗംഭീര്‍ കെകെആറിനു കിരീടം നേടിക്കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ദ്രാവിഡിന്റെ പകരക്കാരന്റെ റോളിലേക്കു ഗംഭീറിനെയും ബിസിസിഐ ഗൗരവമായെടുത്തത്.
ഒടുവില്‍ അഭിമുഖത്തിനൊടുവില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കു ടീമിന്റെ കടിഞ്ഞാണും അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാന ടൂര്‍ണമെന്റ്.