രോഹിത്തിനോളം കേമന്‍ ലോകത്ത് ആരുമില്ല... നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ബെസ്റ്റ്- ഗംഭീര്‍
ദില്ലി: 33ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് ഹിറ്റ്മാന് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം ഗംഭീര്‍ പുകഴ്ത്തുകയും ചെയ്തത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററായ രോഹിത് ശര്‍മയ്ക്കു പിറന്നാള്‍ ആശംകള്‍. നല്ലൊരു വര്‍ഷമാവട്ടെ മുന്നിലുള്ളതെന്നു ആശംസിക്കുന്നുവെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ദേശീയ ടീമിനു വേണ്ടി ഗംഭീറും രോഹിത്തും നേരത്തേ കുറച്ചു മല്‍സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സിയില്‍ രോഹിത്തിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഗംഭീറിന്റെ പിറന്നാള്‍ ആശംസ.

മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച രോഹിത്തിന്റെ തലവര മാറിയത് ഓപ്പണറായതോടെയാണ്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ 2013ലാണ് ഹിറ്റ്മാന്‍ ആദ്യമായി ഓപ്പണറായി പരീക്ഷിക്കപ്പെടുന്നത്. ഇതു വന്‍ വിജയമാവുകയും ചെയ്തു. ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ഇതേ വര്‍ഷം തന്നെ ഹിറ്റ്മാന്‍ കരിയറിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറിയും നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവില്‍ നടന്ന ഏകദിനത്തിലാണ് രോഹിത് 209 റണ്‍സ് അടിച്ചെടുത്ത് തന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് സൂചന നല്‍കിയത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ കൂടി രോഹിത് ഏകദിന കരിയറില്‍ നേടി. ഇവ രണ്ടും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറായ 264 റണ്‍സ് നിലവില്‍ ഏകദിനത്തിലെ ലോക റെക്കോര്‍ഡ് കൂടിയാണ്. കരിയറില്‍ 224 ഏകദിന മല്‍സരങ്ങളില്‍ നിന്നും 9115 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഏകദിന ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സിക്‌സര്‍ വേട്ടക്കാരന്‍ കൂടിയാണ് രോഹിത്. 244 സിക്‌സറുകളാണ് ഹിറ്റ്മാന്‍ ഇതുവരെ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ ബൗണ്ടറിയിലൂടെ മാത്രം കൂടുതല്‍ റണ്‍സെടുത്ത താരവും അദ്ദേഹം തന്നെ. ലങ്കയ്‌ക്കെതിരേ 264 റണ്‍സുമായി ലോക റെക്കോര്‍ഡ് കുറിച്ച കളിച്ച ഹിറ്റ്മാന്റെ 186 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിട്ട രോഹിത് ഒമ്പത് മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 648 റണ്‍സാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത താരവും അദ്ദേഹമായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും 1490 റണ്‍സ് നേടി. ടി20യില്‍ 108 മല്‍സരങ്ങളില്‍ നിന്നും 2773 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications