ഇംഗ്ലണ്ടുമായുള്ള ഓവല്‍ ടെസ്റ്റിനു മുമ്പ് പിച്ച് ക്യുറേറ്ററുമായുള്ള വാക്ക്‌പോരിന്റെ പേരില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ തുറന്നടിച്ച് മുന്‍ ഓസ്‌ട്രേസിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. ഗംഭീറിനു കുറക്കൂടി മാന്യമായ ഭാഷയില്‍ പ്രതികരിക്കാമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഓള്‍ ഓവര്‍ ബാര്‍ ദി ക്രിക്കറ്റെന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഗംഭീറിന്റെ പെരുമാറ്റത്തെ ഹെയ്ഡന്‍ കുറ്റപ്പെടുത്തിയത്.
അതേസമയം, ഗംഭീറിനു പിന്തണയുമായി ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവും മുഖ്യസെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ദേശീയ ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ ഗംഭീര്‍ പ്രതികരിച്ചത് ശരിയാണെന്നും അതില്‍ യാതൊരു തെറ്റുമുണ്ടെന്നു തനിക്കു തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ കളിക്കു മുമ്പുള്ള ഈ വിവാദങ്ങളൊന്നും ഇന്ത്യന്‍ ടീമിനെ ബാധിച്ചില്ല. ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഓവലില്‍ ഇന്ത്യ നേടിയത്.

വിമര്‍ശിച്ച് ഹെയ്ഡന്‍
ഓവല്‍ പിച്ച് ക്യുറേറ്ററായ ലീ ഫോര്‍ട്ടിസിനോടുള്ള ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പെരുമാറ്റം അതിരു കടന്നു പോയെന്നാണ് മാത്യു ഹെയ്ഡന്റെ വിലയിരുത്തല്‍. കുറച്ചു കൂടി നല്ല ഭാഷയില്‍ അദ്ദേഹത്തിനു പെരുമാറാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടില്‍ ഇതൊക്കെ വളരെ സാധാരണസംഭവാണ്. അതൊരു ചെറിയ വഴക്കാണ്. അവസാന ടെസ്റ്റാണ്, ഇതു എന്റെ വേദിയാണ്. ഗൗതം ഗംഭീറിനു കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കാനാണ് അവര്‍ ശ്രമിച്ചത്.
പക്ഷെ അദ്ദേഹത്തിനു (ഗംഭീര്‍) ശബ്ദം കുറച്ചു സംസാരിക്കാനുള്ള എല്ലാ അവകാശവമുണ്ടെന്നു ഞാന്‍ കരുതുന്നു. ഗംഭീറിനു കൂടുതല്‍ മെച്ചപ്പെട്ട ഭാഷ ഉപയോഗിക്കാമായിരുന്നു. യാഥാര്‍ഥ്യമെന്താണെന്നു വച്ചാല്‍ അദ്ദേഹത്തിന്റെ ടീം പ്രധാനപ്പെട്ട അവസാന ടെസ്റ്റിനു വേണ്ടി കഠിന പരിശീലനത്തിനു ശ്രമിക്കുകയായിരുന്നെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
ഗംഭീറും ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്കുമടക്കമുള്ളവര്‍ ഓവല്‍ പിച്ചിനു സമീപത്തേക്കു പോയി പരിശോധിക്കവെയാണ് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസ് അതു തടഞ്ഞത്. 2.5 മീറ്റര്‍ മാറി നില്‍ക്കാന്‍ ഇന്ത്യന്‍ സംഘത്തോടു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഇതിന്റെ പേരില്‍ ഗംഭീറും ഫോര്‍ട്ടിസും തമ്മില്‍ സംസാരമുണ്ടാവുകയും പിന്നീട് അതൊരു ഉടക്കിലേക്കു വഴി മാറുകയുമായിരുന്നു. ഫോര്‍ട്ടിസിനു നേരെ കൈവിരല്‍ ചൂണ്ടി ഗംഭീര്‍ രോഷത്തോടെ പലതും പറയുന്ന ദൃശ്യങ്ങളും പുറത്തു വരികയും ചെയ്തിരുന്നു.
ഗംഭീറിനെ പിന്തുണച്ച് വെങ്‌സാര്‍ക്കര്‍
ഗൗതം ഗംഭീറിനെതിരേയുള്ള മാത്യു ഹെയ്ഡന്റെ വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയാണ് മുന്‍ ബാറ്റിങ് ഇതിഹാസം കൂടിയായ ദിലീപ് വെങ്‌സാര്‍ക്കര്‍ പ്രകടിപ്പിച്ചത്. ഇത്തരമൊരു സംഭവം നടന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം എങ്ങനെയാണ് അതിനോടു പ്രതികരിക്കുകയെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു വെങ്‌സാര്‍ക്കര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ പിച്ചിനെ കൂടുതല്‍ അടുത്തു നിന്നും കാണാനുള്ള എല്ലാ അവകാശവും ഗൗതം ഗംഭീറിനുണ്ട്. ടീമുകള്‍ ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ അവരുടെ കോച്ചും ക്യാപ്റ്റനും മാത്രമല്ല, സംഘത്തിലെ മുഴുവന്‍ പേരും പിച്ചിനെ വളരെ സൂക്ഷ്മമായി പരിശോധിക്കാറുണ്ട്.
മല്‍സരത്തിനു മുമ്പ് അവരുടെ മീഡിയ പോലും പിച്ച് പരിശോധിക്കാറുണ്ട്. അവരോടു അതു പാടില്ലെന്നൊന്നും ആരും പറയാറില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ മാത്രം എങ്ങനെയാണ് നിയമങ്ങള്‍ വ്യത്യസ്തമാവുന്നത്? വെങ്‌സാര്‍ക്കര്‍ ചോദിക്കുന്നു.