Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ഗംഭീറിന്റെ ഇന്ത്യ! പുതിയ കോച്ചായി നിയമിച്ചു, ആദ്യ ദൗത്യം ഏതെന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഇനി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ കൈകളിലേക്ക്. ടീമിന്റെ മുഖ്യ കോച്ചായി ഗംഭീറിനെ നിയമിച്ചതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു നയിച്ചതിനു ശേഷം പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീര്‍ എത്തിയിരിക്കുന്നത്. 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെയുള്ള മൂന്നു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. 2027 ഡിസംബറിലാണ് ഗംഭീറിന്റെ കാലാവധി അവസാനിക്കുക.

ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനമാണ് കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ആദ്യത്തെ ദൗത്യം. ലങ്കയില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

GAUTAM GAMBHIR

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സോഷ്യല്‍ മീഡിയയിലൂടെ ഗംഭീറിനെ പുതിയ കോച്ചായി നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ കോച്ചായി ഗൗതം ഗംഭീറിനെ അതിയായ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ക്രിക്കറ്റ് വളരെയേറെ മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളെ വളരെ അടുത്തു നിന്നും വീക്ഷിച്ചിട്ടുള്ളയാളാണ് ഗംഭീര്‍.

കരിയറില്‍ വിവിധ റോളുകളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള അദ്ദേഹമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെന്നു എനിക്കുറപ്പുണ്ട്. ടീം ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അതോടൊപ്പം അനുഭവസമ്പത്തും ചേരുമ്പോള്‍ ആവേശകരമായ ഈ കോച്ചിങ് റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും മികച്ചയാളാക്കി മാറ്റുന്നു. ഈ പുതിയ യാത്രയില്‍ ബിസിസിഐ അദ്ദേഹത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും ജയ് ഷാ എക്‌സില്‍ കുറിച്ചു.

gautam gambhir

ഐപിഎല്ലില്‍ ഉപദേശകന്റെ റോളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിരീടത്തിലേക്കു നയിച്ച ശേഷമാണ് ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും അമരത്തേക്കു വന്നിരിക്കുന്നത്. ഒരു ദേശീയ ടീമിനെ അദ്ദേഹം പരിശീലിപ്പിക്കുന്നതും ഇതാദ്യമായിട്ടാണ്. 2022 മുതല്‍ 23 വരെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ മുഖ്യ ഉപദേശകനായിരുന്നു ഗംഭീര്‍. രണ്ടു തവണയും ടീം പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു. അതിനു ശേഷമാണ് പഴയ തട്ടകമായ കെകെആറിലും അദ്ദേഹം ഈ റോളിലെത്തിയത്.

ഇന്ത്യയാണ് എന്റെ ഐഡന്റിറ്റി. രാജ്യത്തെ സേവിക്കുകയെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയുമാണ്. വ്യത്യസ്തമായ തൊപ്പിയാണ് ധരിക്കുന്നതെങ്കിലും തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

എല്ലായ്‌പ്പോഴത്തേതും പോലെ എന്റെ ലക്ഷ്യം ഒന്നു തന്നെയാണ്, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമുയര്‍ത്തുകയെന്നതാണിത്. 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വപ്‌നമാണ് മെന്‍ ഇന്‍ ബ്ലൂ തോളിലേറ്റുന്നത്. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും കോച്ചായി ചുമതലയേറ്റെടുത്ത ശേഷം ഗംഭീര്‍ പറഞ്ഞു.

Story first published: Tuesday, July 9, 2024, 20:41 [IST]
Other articles published on Jul 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+