ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ 'ഇംപാക്ട്' ഉണ്ടാക്കിയത് ദാദയല്ല, ദ്രാവിഡാണ് ! കാരണം ഗംഭീര്‍ പറയും
ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ താരങ്ങളുടെ മുന്‍ നായകന്‍ സൗരവ് ഗാഗുലിയുടെയും ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിന്റെയും സ്ഥാനം. ദാദ നായകസ്ഥാനത്തേക്കു വന്നതോടെയാണ് ഇന്ത്യയുടെ തലവര തന്നെ മാറിയതെന്നു നിസംശയം പറയാം. കാരണം താരങ്ങളില്‍ ആക്രമണോത്സുകത നിറച്ച് എവിടെയും ജയിക്കാന്‍ ശേഷിയുള്ള പോരാളിസംഘമായി ടീമിനെ ഉടച്ചു വാര്‍ത്തത് ഗാംഗലിയാണ്. നാട്ടില്‍ മാത്രമല്ല വിദേശത്തും നമുക്ക് ജയിക്കാമെന്ന വിശ്വാസം ടീമിലുണ്ടാക്കിയതും ദാദ തന്നെ.
എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നെടുതുണുകളില്‍ ഒരാളെന്ന് ദ്രാവിഡിനെ വിശേഷിപ്പിക്കാം, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. ഏല്‍പ്പിക്കുന്ന ഏതു റോളും ഏറ്റെടുക്കാന്‍ ഇന്ത്യന്‍ വന്‍മതിലിന് മടിയില്ലായിരുന്നു. പ്രതിസന്ധി ഘട്ടങ്ങില്‍ ബാറ്റിങിലൂടെ ടീമിന്റെ രക്ഷകനാവുക മാത്രമല്ല ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ റോളുകളിലും ദ്രാവിഡ് ഇന്ത്യയെ സഹായിച്ചു. ഈ രണ്ടു പേരില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കിയത് ഗാംഗുലിയായിരുന്നില്ല മറിച്ച് ദ്രാവിഡാണെന്ന് മുന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഗാംഗുലിയെന്നു ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ബംഗാളികളുണ്ട്. എല്ലാ ബംഗാളികള്‍ക്കും സൗരവ് വളരെ സ്‌പെഷ്യല്‍ തന്നെയാണ്.
ബംഗാളികള്‍ക്കു മാത്രമല്ല എല്ലാ ഇന്ത്യക്കാരും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. സൗരവ് ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും ഈ ആരാധന ആളുകള്‍ കാണിക്കാറുണ്ടെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍ 19 തലത്തില്‍ കളിക്കുമ്പോഴാണ് ആദ്യമായി ദ്രാവിഡിനെ നേരില്‍ കാണുന്നതെന്നു ലക്ഷ്മണ്‍ ഓര്‍മിച്ചെടുത്തു. ആദ്യ മല്‍സരത്തില്‍ തന്നെ ദ്രാവിഡിനെതിരേയാണ് ഞാന്‍ കളിച്ചത്. ഹൈദരാബാദും കര്‍ണാടകയും തമ്മിലായിരുന്നു മല്‍സരം. അന്നു മികച്ചൊരു സെഞ്ച്വറി നേടാനും എനിക്കു കഴിഞ്ഞു.
പിന്നീട് ദ്രാവിഡും ഞാനും അടുത്ത കൂട്ടുകാരായി മാറി. അന്നു ബാറ്റിങില്‍ അദ്ദേഹം കാണിച്ച ആത്മവിശ്വാസവും ഏക്രാഗ്രതയും പിന്നീട് വീണ്ടും വീണ്ടും മെച്ചപ്പെടുന്നതാണ് കണ്ടതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ദ്രാവിഡിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഏകദിനത്തില്‍ ഗാംഗുലിക്കും ടെസ്റ്റില്‍ ദ്രാവിഡിനും കീഴിലാണ് ഞാന്‍ അരങ്ങേറിയത്. ക്യാപ്്റ്റന്‍സിയില്‍ ദ്രാവിഡിന് അര്‍ഹിച്ച അംഗീകാരം നമ്മള്‍ നല്‍കിയിട്ടില്ല.
എല്ലാവരും ഗാംഗുലിയെയും എംഎസ് ധോണിയെയും കുറിച്ചും ഇപ്പോള്‍ വിരാട് കോലിയെ പറ്റിയുമാണ് നമ്മള്‍ സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു ദ്രാവിഡെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഏറ്റവുമധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട ക്രിക്കറ്ററും ക്യാപ്റ്റനുമാണ് ദ്രാവിഡെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ നമ്മള്‍ ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും നമ്മള്‍ ജയിച്ചു. കൂടാതെ 14-15 മല്‍സരങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി ടീമിനെ ജയത്തിലേക്കും നയിച്ചിട്ടുണ്ട്.
ഇനി ദ്രാവിഡെന്ന ക്രിക്കറ്ററെ നോക്കൂ. ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹിന് അതിനു തയ്യാറായി. വിക്കറ്റ് കാക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു. ഫിനിഷറുടെ റോള്‍ നല്‍കിയപ്പോള്‍ അതും ഏറ്റെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി എല്ലാം തന്നെ ചെയ്ത താരമാണ് ദ്രാവിഡ്. ക്യാപ്റ്റന്‍ നിര്‍ദേശിച്ച എല്ലാം അനുസരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള റോള്‍ മോഡലുകളാണ് നമുക്ക് വേണ്ടതെന്നും ഗംഭീര്‍ വിശദമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലിയേക്കാള്‍ ഇംപാക്ടുണ്ടാക്കിയത് ദ്രാവിഡാണെന്നാണ് തന്റെ അഭിപ്രായം. ഗാംഗുലി തീര്‍ച്ചായും ടീമിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. എന്നാല്‍ അത് ദ്രാവിഡിനോളം വരില്ല. ദ്രാവിഡിന്റെ അത്രയും ഇംപാക്ടുണ്ടാക്കിയ മറ്റൊരു ക്രിക്കറ്റര്‍ മറ്റാരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കറെ എല്ലാവരും വാഴ്ത്തുമ്പോള്‍ അത്രത്തോളം തന്നെ അംഗീകാരം ലഭിക്കേണ്ട താരമാണ് ദ്രാവിഡ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ സച്ചിന്റെ നിഴലായി അദ്ദേഹത്തിന് കളിക്കേണ്ടി വന്നതായും ഗംഭീര്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications