പാക് ടീമില്‍ തമ്മിലടി, ഷഹീന്‍ അപമര്യാദ കാട്ടി! പരിശീലകരെ അപമാനിച്ചു- ആരോപിച്ച് കേഴ്സ്റ്റന്‍
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി വളരെ മോശം പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നത്. അവസാന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിലും പാകിസ്താന്‍ നിരാശപ്പെടുത്തി. ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ടി20 ലോകകപ്പില്‍ പാകിസ്താന്‍ പുറത്തായത്. ടീമിനുള്ളിലെ ആഭ്യന്തര കലഹമാണ് പാകിസ്താന്‍ ടീമിനെ വലിയ തകര്‍ച്ചയിലേക്കെത്തിച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് ഷഹീന്‍ ഷാ അഫ്രീദിയും നായകന്‍ ബാബര്‍ അസമും തമ്മിലുള്ള ഭിന്നതയാണ്.
ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാബര്‍ അസമിനെ പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് ടി20 നായകസ്ഥാനം ഷഹിന്‍ ഷാ അഫ്രീദിക്ക് നല്‍കുകയും ചെയ്തു. ഷഹീന്‍ നിരാശപ്പെടുത്തിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും ബാബറിനെ നായകനാക്കുകയും ചെയ്തു. ഇതില്‍ ഷഹീന് അതൃപ്തിയുണ്ടായിരുന്നു. ടീം മാനേജ്‌മെന്റുമായി ഷഹീന്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
പാകിസ്താന്‍ പുറത്തായ ശേഷം ഷഹീനെതിരേയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ലോകകപ്പിനിടെ ഷഹീന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരിക്കുകയാണ് പരിശീലകനായ ഗാരി കേഴ്സ്റ്റന്‍. ഇന്ത്യയെ 2011ലെ ഏകദിന ലോകകപ്പില്‍ കപ്പിലേക്കെത്തിച്ച പരിശീലകനായ കേഴ്സ്റ്റന്‍ ടി20 ലോകകപ്പിന് തൊട്ട് മുമ്പാണ് പാകിസ്താന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നത്. ഇപ്പോഴിതാ കേഴ്സ്റ്റന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
മുഖ്യ പരിശീലകനായ തന്നോടും മറ്റ് പരിശീലകരോടും അപമര്യദയായി പെരുമാറിയെന്നും യാതൊരു മാന്യതയും കാട്ടിയില്ലെന്നുമാണ് പരിശീലകന്‍ ആരോപിക്കുന്നത്. നടപടിയെടുക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിമുഖത കാട്ടിയെന്നും കേഴ്‌സ്റ്റന്‍ ആരോപിക്കുന്നു. പാകിസ്താന്‍ ടീം ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ വലിയ വിമര്‍ശനം കേഴ്സ്റ്റന്‍ ഉയര്‍ത്തിയിരുന്നു. ടീമിനുള്ളില്‍ നിരവധി പ്രശ്‌നങ്ങളാണുള്ളത്.

ടീമിനുള്ളില്‍ ഐക്യമില്ലെന്നും കേഴ്‌സ്റ്റന്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ചില താരങ്ങള്‍ തമ്മിലുള്ള ശത്രുതാ മനോഭാവത്തെക്കുറിച്ചും കേഴ്‌സ്റ്റന്‍ പറഞ്ഞിരുന്നു. ലോകകപ്പിന് തൊട്ട് മുമ്പ് പരിശീലകസ്ഥാനത്തെത്തിയതിനാല്‍ വേണ്ടത്ര മുന്നൊരുക്കം നടത്താന്‍ സാധിച്ചില്ലെന്നും കേഴ്സ്റ്റന്‍ തുറന്ന് പറഞ്ഞിരുന്നു. പാകിസ്താന്‍ ടീമിനുള്ളില്‍ ഇതാദ്യ സംഭവമല്ല. നേരത്തേയും മോശം പെരുമാറ്റത്തിന്റെ പേരില്‍ ഷഹീന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇടം കൈയന്‍ പേസറായ ഷഹീന്‍ ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളാണ്. എന്നാല്‍ അവസാന ടി20 ലോകകപ്പില്‍ അദ്ദേഹം കളിച്ചത് മികച്ച ഫിറ്റ്‌നസില്ലാതെയാണ്. പാകിസ്താന്‍ ടീമിലെ പല താരങ്ങളും കളിക്കാന്‍ ഫിറ്റ്‌നസില്ലാത്തവരായിരുന്നുവെന്ന പരോക്ഷ വിമര്‍ശനവും ഷഹീന്‍ ഉന്നയിച്ചു. അടുത്ത വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോവുകയാണ്. പാകിസ്താനാണ് ഇത്തവണ ആതിഥേരയാവുന്നത്.
ഇതില്‍ കിരീടം നേടി സമീപകാലത്തെ മോശം പ്രകടനങ്ങളുടെയെല്ലാം ക്ഷീണം മാറ്റാമെന്നാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാകിസ്താനിലേക്ക് ടി20 ലോകകപ്പ് കളിക്കാനില്ലെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ പേരില്‍ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. പാകിസ്താന്‍ ടീം പുതിയ നായകന് കീഴിലാവും ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച ബാബറിനെതിരേ അച്ചടക്ക നടപടിക്ക് സാധ്യതകളുണ്ട്.
പരിശീലകസ്ഥാനത്ത് കേഴ്സ്റ്റന്‍ തുടരുമെന്നാണ് വിവരം. ഷഹീനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് തഴഞ്ഞേക്കുമെന്ന സൂചനകളുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി കിരീടം അലമാരയിലെത്തിച്ചാല്‍ പാകിസ്താനത് വലിയ ആശ്വാസമാവും. അല്ലാത്ത പക്ഷം വലിയ വിമര്‍ശനം വീണ്ടും ടീം ഏറ്റുവാങ്ങേണ്ടി വരും. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി അഭിമാന പോരാട്ടമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications