സംശയം വേണ്ട, സൂപ്പര്‍ സീരീസ് എട്ടു നിലയില്‍ പൊട്ടും!! ഗാംഗുലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ പാക് താരം

കറാച്ചി: സൂപ്പര്‍ സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആശയത്തിനെതിരേ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ താരം റഷീദ് ലത്തീഫ്. ടൂര്‍ണമെന്റ് വന്‍ പരാജയമായി മാറുമെന്നും അദ്ദേഹം ഒരു വീഡിയോയില്‍ തുറന്നടിച്ചു. ലോക ക്രിക്കറ്റിലെ വമ്പന്‍ ടീമുകളെ മാത്രം അണിനിരത്തിയുള്ള ടൂര്‍ണമെന്റിനാണ് ദാദ സൂപ്പര്‍ സീരീസെന്നു പേരിട്ടിരിക്കുന്നത്.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം മറ്റൊരു മികച്ച ടീം കൂടി ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവും. 2021 മുതല്‍ ഓരോ വര്‍ഷവും ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയെന്നതാണ് ഗാംഗുലിയുടെ ലക്ഷ്യം. സൂപ്പര്‍ സീരീസെന്ന പേരില്‍ പുതിയ ടൂര്‍ണമെന്റ് തുടങ്ങാനുള്ള ബിസിസിഐയുടെ നീക്കത്തിന് ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയും ലഭിച്ചിരുന്നു.

മറ്റു ടീമുകളെ ഒറ്റപ്പെടുത്താന്‍ നീക്കം
ഐസിസിയില്‍ അംഗങ്ങളായ മറ്റു ടീമുകളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാലു ടീമുകള്‍ ചേര്‍ന്ന് സൂപ്പര്‍ സീരീസെന്ന പേരില്‍ പുതിയ ടൂര്‍ണമെന്റ് ആരംഭിക്കുന്നതെന്നു റഷീദ് ലത്തീഫ് തുറന്നടിച്ചു. ഇതു തീര്‍ച്ചയായും മോശം കാര്യം തന്നെയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിഗ് ത്രീ ടീമുകളെ ഉള്‍പ്പെടുത്തിയ നടത്തി വന്ന ടൂര്‍ണമെന്റ് ഫ്‌ളോപ്പായി മാറിയിരുന്നു. അതുപോലെ തന്നെ സൂപ്പര്‍ സീരീസും ദയനീയ പരാജയമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചര്‍ച്ചയ്ക്കു തയ്യാറെന്നു ഇംഗ്ലണ്ട്
സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇതേക്കുറിച്ചു ചര്‍ച്ചയ്ക്കു ഒരുക്കമാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു കഴിഞ്ഞു. ഇതേക്കുറിച്ചു മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് ഇസിബി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനിയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതരുമായി ഗാംഗുലി അടുത്ത വര്‍ഷമാദ്യം ചര്‍ച്ച നടത്തിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആദ്യ എഡിഷന്‍ 2021ല്‍
2021ല്‍ സൂപ്പര്‍ സീരീസിന്റെ ആദ്യത്തെ എഡിഷന്‍ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐയുടെ നീക്കം.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നാലു രാജ്യങ്ങളും ഓരോ വര്‍ഷവും സൂപ്പര്‍ സീരീസിന് വേദിയാവുകയും ചെയ്യും.
നിലവില്‍ മൂന്നില്‍ കൂടുതല്‍ ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിനു ഐസിസി അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ സൂപ്പര്‍ സീരീസിന്റെ കാര്യത്തില്‍ എന്തായിരിക്കും ഐസിസിയുടെ തീരുമാനമെന്നും ഇനിയുള്ള ദിവസങ്ങളില്‍ അറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications