മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ പോവുകയാണ്. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യ. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരം കളിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. തട്ടകത്തില്‍ ഓസ്‌ട്രേലിയയോട് ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.
കൂടാതെ മോശം ഫോമും പരിക്കും ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേട്ടം ആവര്‍ത്തിക്കുക കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. ഇന്ത്യന്‍ ടീം തലമുറ മാറ്റത്തിലൂടെ കടന്ന് പോകുന്ന സമയം കൂടിയാണിത്. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് പോകുന്നതെന്ന് സമീപകാലത്തെ പ്രകടനം വിലയിരുത്തി പറയാനാവും. ഇപ്പോഴിതാ വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റിലെ അടുത്ത ഇതിഹാസം ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.
ശുബ്മാന്‍ ഗില്ലും ജയ്‌സ്വാളുമല്ല
ഇന്ത്യയുടെ ടെസ്റ്റിലെ അടുത്ത ഇതിഹാസം ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമല്ലെന്നും അത് റിഷഭ് പന്താണെന്നുമാണ് ഗാംഗുലി പറയുന്നത്. ഇതിനോടകം സെന രാജ്യങ്ങളില്‍ മൂന്ന് സ്ഥലത്ത് സെഞ്ച്വറി നേടാന്‍ റിഷഭ് പന്തിനായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോഴും നിര്‍ണ്ണായകമായത് റിഷഭ് പന്താണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കോപ്പീ ബുക്ക് ശൈലിയിലില്ലാത്ത ഷോട്ടുകള്‍ കളിച്ച് മുന്നേറാനും കഴിവുള്ളവനാണ് റിഷഭ്.
'റിഷഭ് പന്ത് പ്രത്യേക കഴിവുള്ള താരമാണ്. വെള്ളബോള്‍ ക്രിക്കറ്റിലെ അവന്റെ കണക്കുകള്‍ ശരാശരിയാണ്. എന്നാല്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലെ അവന്റെ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അവന്‍ കളിച്ചത് എത്ര മികച്ചതായാണെന്ന് നോക്കുക. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് റിഷഭ്. വിരാട് കോലിക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമാണ് റിഷഭ്. വരുന്ന പരമ്പരയിലും വലിയ ഇംപാക്ട് അവന്‍ സൃഷ്ടിക്കും' ഗാംഗുലി പറഞ്ഞു.

ടെസ്റ്റിന്റെ ക്ലാസിക് ശൈലിയെ പൊളിച്ചെഴുതി റിഷഭ്
റിഷഭ് പന്തിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ്. പേസര്‍മാര്‍ക്കെതിര റിവേഴ്‌സ് സ്‌കൂപ്പ് കളിക്കാനടക്കം ധൈര്യം കാട്ടുന്ന റിഷഭ് ആരേയും അത്ഭുതപ്പെടുത്തുന്ന ഷോട്ടുകളോടെയാണ് റണ്‍സുയര്‍ത്തുന്നത്. 2018-19ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ 4 മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറി ഉള്‍പ്പെടെ 350 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 2020-21ല്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 274 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ സിഡ്‌നിയിലേയും ഗാബയിലേയും പ്രകടനങ്ങളും ഉള്‍പ്പെടും.
ഇത്തവണയും ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള റിഷഭിന്റെ ശൈലി ഓസീസ് ബൗളര്‍മാര്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ റിഷഭിനെ പൂട്ടാനുള്ള തന്ത്രം മെനഞ്ഞാവും ഇത്തവണ ഓസീസ് ഇറങ്ങുകയെന്നുറപ്പാണ്. റിഷഭ് ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ പരമ്പര നേട്ടത്തെയത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
ഇന്ത്യക്ക് പരമ്പര നേടാനാവുമോ?
കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ തോല്‍ക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇന്ത്യ നാട്ടില്‍ വൈറ്റ് വാഷ് നേരിട്ടെത്തുന്നതിനാല്‍ ഓസീസിലും തോല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. എന്നാല്‍ ഇന്ത്യയെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നത് സ്വപ്‌നമാണെന്നാണ് ഗാംഗുലി പറയുന്നത്. 'ഇന്ത്യ മികച്ച നിരയാണ്. ഓസ്ചട്രേലിയക്കെതിരേ ഇത്തവണയും മികച്ച പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
നിരവധി പേര്‍ ഇന്ത്യയെ ഓസീസ് വൈറ്റ് വാഷ് ചെയ്യുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെ കരുതുന്നില്ല. കാരണം ഭേദപ്പെട്ട പിച്ചാണ് ഓസീസിലുള്ളത്. പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ കാണുന്നത്' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.