ക്രിക്കറ്റെന്ന ഗെയിമില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ എല്ലായ്‌പ്പോഴും വളരെ സ്‌പെഷ്യലായിട്ടാണ് പരിഗണിക്കപ്പെടാറുള്ളത്. ചരിത്രമെടുത്താല്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ച പല ഇടംകൈയന്‍ താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. വലംകൈയന്‍ താരങ്ങളേക്കാള്‍ ബൗളര്‍മാരെ പലപ്പോഴും വെള്ളം കുടിപ്പിക്കാറുള്ളത് ഇടംകൈയന്‍ ബാറ്റര്‍മാരാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വന്നാല്‍ വ്യത്യസ്ത കാലഘട്ടത്തില്‍ നമുക്കും മഹാന്‍മാരായ പല ഇടംകൈയന്‍ താരങ്ങളുമുണ്ട്. മാച്ച് വിന്നര്‍മാരായ ചിലരെ നമുക്കു ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ഏകദിന ഫോര്‍മാറ്റിന്റെ വരവിനു ശേഷം ഇടംകൈയന്‍മാരുടെ വലിയൊരു ഒഴുക്ക് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായത്. എക്കാലത്തെയും മികച്ച ഇടംകൈയന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഓള്‍ടൈം ഏകദിന പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ഓപ്പണിങില്‍ ആരൊക്കെ
ഇന്ത്യന്‍ ഏകദിന ടീമിനായി ഓപ്പണ്‍ ചെയ്യുക മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയും കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശിഖര്‍ ധവാനുമായിരിക്കും. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരങ്ങളാണ് രണ്ടു പേരും. ദാദയാവട്ടെ ബാറ്റിങില്‍ മാത്രമല്ല, അഗ്രസീവ് ക്യാപ്റ്റന്‍സിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ താരവും കൂടിയാണ്.
1992ല്‍ അരങ്ങേറിയ ഗാംഗുലി 311 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. ഇവയില്‍ നിന്നും വാരിക്കൂട്ടിയത് 11,363 റണ്‍സുമാണ്. 22 സെഞ്ച്വറികളും 72 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ബാറ്റിങില്‍ മാത്രല്ല മീഡിയം പേസറായിബൗളിങിലും ദാദ മിന്നിച്ചിട്ടുണ്ട്.
എന്നാല്‍ 2010ലാണ് ധവാന്‍ ഏകദിനത്തില്‍ അരങ്ങേറിയത്. വളരെ പെട്ടെന്നു തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയും ചെയ്തു. 167 ഏകദിനങ്ങളിലാണ് ധവാന്‍ കളിച്ചത്. 17 സെഞ്ച്വറികളും 39 ഫിഫ്റ്റികളുമടക്കം 679 3 റണ്‍സും അദ്ദേഹം അക്കൗണ്ടിലേക്കു ചേര്‍ത്തു.
മധ്യനിരയില്‍ ഇവര്‍
ഏകദിനത്തിലെ ഓള്‍ടൈം ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നിലവിലെ കോച്ച് ഗൗതം ഗംഭീര്‍, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ഇപ്പോള്‍ ടീമിന്റെ ഭാഗമായ റിഷഭ് പന്ത്, മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന എന്നിവരാണുള്ളത്. ടീമിനായി ഓപ്പണറായാണ് കൂടുതലും കളിച്ചതെങ്കിലും മൂന്നാമനായും തിളങ്ങാന്‍ സാധിക്കുന്നയാളാണ് ഗംഭീര്‍. ദേശീയ ടീമിനായി 147 ഏകദിനങ്ങളില്‍ നിന്നും 5238 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. 11 സെഞ്ച്വറികളും 34 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് ബാറ്റിങിലും ബൗളിങിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. 304 ഏകദിനങ്ങളില്‍ യുവി കളിച്ചിട്ടുണ്ട്. 36.55 ശരാശരിയില്‍ 8701 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. 14 സെഞ്ച്വറികളും 52 ഫിഫ്റ്റികളുമടക്കമാണിത്.
സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍
ഇടംകൈയന്‍മാരുടെ ഈ ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പര്‍ റിഷഭായിരിക്കും. ഈ ഫോര്‍മാറ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ റോളിലേക്കു ഇന്ത്യക്കു അധികം പേരില്ലെന്നതാണ് റിഷഭിനു അവസരമൊരുക്കിയത്. 31 ഏകദിനങ്ങളില്‍ കളിച്ച താരം ഇതിനകം നേടിയത് 871 റണ്‍സാണ്.

റെയ്‌നയാവട്ടെ യുവിയെപ്പോലെ ഒരു കംപ്ലീറ്റ് മാച്ച് വിന്നര്‍ തന്നെയായിരുന്നു. പക്ഷെ യുവിയുടെ ലെവലിലേക്കു ഉയരാതെ കരിയര്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി 226 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള റെയ്‌ന നേടിയത് 5615 റണ്‍സാണ്. അഞ്ചു സെഞ്ച്വറിയും 36 ഫിഫ്റ്റിയും ഇതില്‍പ്പെടും.
ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര
യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെക്കൂടാതെ രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ഈ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലുണ്ട്. ഇന്ത്യക്കായി 197 ഏകദിനങ്ങളില്‍ ജഡ്ഡു കളിച്ചുകഴിഞ്ഞു. 2756 റണ്‍സും 220 വിക്കറ്റുകളും വീഴ്ത്തുകയും ചെയ്തു. മുന്‍ താരമായ ഇര്‍ഫാനാവട്ടെ 120 ഏകദിനങ്ങളില്‍ നിന്നും 173 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 1544 റണ്‍സും സ്‌കോര്‍ ചെയ്തു.
കുല്‍ദീപ് യാദവ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവരാണ് ഇടംകൈയന്‍മാരുടെ ടീമിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍. 106 ഏകദിനങ്ങളില്‍ ഇതിനകം 172 വിക്കറ്റുകളെടുത്ത ബൗളറാണ് കുല്‍ദീപ്. ഇതിഹാസ പേസറായ സഹീര്‍ 200 കളിയില്‍ പോക്കറ്റിലാക്കിയത് 282 വിക്കറ്റുകളാണ്. നെഹ്‌റയാവട്ടെ 120 ഏകദിനങ്ങളില്‍ നിന്നും 157 വിക്കറ്റുകളും സ്വന്തമാക്കി.
ഇടംകൈയന്‍മാരുടെ ഓള്‍ടൈം ഇന്ത്യന്‍ 11
സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, കുല്‍ദീപ് യാദവ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ.