മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിസിസി ഐയുടെ മീറ്റിങ്ങിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. അവസാന ടി20 പരമ്പരയിലെ ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമാണ്. സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങുമെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും വരാനിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന പരമ്പരകള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ ബിസിസി ഐയുടെ മീറ്റിങ്ങിലെ ചില കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കാത്തതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗംഭീറിന്റെ പദ്ധതികള്‍ക്ക് രോഹിത് തുടരുന്നതില്‍ പരിശീലകന് അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ട്.
ഗംഭീര്‍ ശ്രേയസിനെ നായകനാക്കാന്‍ പദ്ധതിയിടുന്നു
ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താന്‍ ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയാണ് വേദി. പരിശീലകനെന്ന നിലയില്‍ ചാമ്പ്യന്‍സ് ട്രോഫി ഗംഭീറിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഗംഭീറിനെ ഇന്ത്യ പുറത്താക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഗംഭീര്‍ കടുത്ത നീക്കത്തിനാണ് തയ്യാറെടുക്കുന്നത്.
രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാന്‍ ഗംഭീറിന് താല്‍പര്യമില്ലെന്നും ശ്രേയസ് അയ്യരെ ഏകദിന നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗംഭീറിന് താല്‍പര്യമെന്നും അദ്ദേഹം ബിസിസി ഐ യോഗത്തില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം രോഹിത് ശര്‍മ വിരമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തുടരുമെന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്. ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട്.
രോഹിത് ശര്‍മയും വിരാട് കോലിയും ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശം ഗംഭീര്‍ ബിസിസി ഐ യോഗത്തില്‍ അവതരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശം
രോഹിത് ശര്‍മ ഇന്ത്യയുടെ ഇതിഹാസ താരമാണ്. ക്യാപ്റ്റനായി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കുമെത്തിച്ചു. എന്നാല്‍ സമീപകാലത്തെ പ്രകടനം നോക്കുമ്പോള്‍ നിരാശയാണ് ഫലം. ഓസ്‌ട്രേലിയയില്‍ ഏഴിന് താഴെയാണ് രോഹിത്തിന്റെ ശരാശരി. ഈ പ്രകടനം വിലയിരുത്തുമ്പോള്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇന്ത്യക്കായി ചാമ്പ്യന്‍സ് ട്രോഫി കളിക്കാനാണ് രോഹിത് ശര്‍മയുടെ നീക്കം.
മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മയെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ പരിശീലകന്‍ ഗംഭീറിന് രോഹിത്തുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല. ശ്രേയസ് അയ്യര്‍ മികച്ച റെക്കോഡുള്ള താരവും ക്യാപ്റ്റന്‍സി മികവുമുള്ള താരമാണ്. അതുകൊണ്ടുതന്നെ ശ്രേയസിനെ നായകനാക്കണമെന്നാണ് ഗംഭീറിന് താല്‍പര്യം. എന്നാല്‍ ഗംഭീറിന്റെ ആവശ്യം ബിസിസി ഐ അംഗീകരിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഗംഭീറും രോഹിത്തും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ലെന്നുറപ്പാണ്.
രോഹിത് ശര്‍മ വഴിമാറണോ?
രോഹിത് ശര്‍മ വഴിമാറണമെന്നാണ് ഗംഭീറിന് താല്‍പര്യമെങ്കിലും ഇന്ത്യ ഗംഭീറിനെത്തന്നെ പിന്തുണക്കാനാണ് സാധ്യത. ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന് മുന്നില്‍ അവസാന അവസരമായി മാറാനാണ് സാധ്യത. ഈ ടൂര്‍ണമെന്റിന് ശേഷം രോഹിത് വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ശ്രേയസും ഗംഭീറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.
അതുകൊണ്ടുതന്നെ ഗംഭീറിന് എളുപ്പത്തില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രേയസ് നായകനായി വന്നാല്‍ സാധിക്കും. എന്നാല്‍ സീനിയര്‍ താരമായ രോഹിത്തിനോട് ഗംഭീറിന് കര്‍ക്കശമായി നിലപാടെടുക്കാന്‍ സാധിക്കില്ല. എന്തായാലും ഇന്ത്യന്‍ ടീമിനുള്ളില്‍ ഭിന്നതയുണ്ടെന്ന് വ്യക്തം. രോഹിത്തിന് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുമോ ഇല്ലെയോ എന്നത് കാത്തിരുന്ന് കണ്ടറിയാം.