ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണില്‍ അവസാനിക്കുകയാണ്. ടി20 ലോകകപ്പിനു ശേഷം അദ്ദേഹം പടിയിറങ്ങും. ഇതേ തുടര്‍ന്നാണ് പുതിയ കോച്ചിനു വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്.
ഗംഭീറിനെക്കൂടാതെ വിവിഎസ് ലക്ഷ്മണ്‍, മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍, മുന്‍ ന്യൂസിലാന്‍ഡ് താരം സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുടെയെല്ലാം പേരുകള്‍ പരിശീലകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പക്ഷെ ഗംഭീറാണ് ഈ റോളിലേക്കു ഫേവറിറ്റെന്നാണ് വിവരം. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഗംഭീറിനു കീഴില്‍ ടീം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫിലേക്കു കുതിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്കു ഗംഭീര്‍ ഒരു മോശം ചോയ്‌സല്ലെന്നാണ് ചോപ്ര പറയുന്നത്. ഗംഭീര്‍ തീര്‍ച്ചയായും നല്ലൊരു ചോയ്‌സ് തന്നെയാണ്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. കാരണം അദ്ദേഹം കാര്യങ്ങള്‍ നേര്‍ക്കുനേര്‍ പറയുന്ന ഒരു വ്യക്തിയാണ്. ഒരു ടീമിനെ എങ്ങനെ നിര്‍മിച്ചെടുക്കണമന്നും കൈകാര്യം ചെയ്യണമെന്നും ഗംഭീറിനു അറിയാം.
ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ലേലമില്ലെന്നതു ശരി തന്നെ, പക്ഷെ ലേലത്തിന്റെ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തിനു വളരെ ഉയര്‍ന്ന റേറ്റിങാണ് നല്‍കുന്നത്. ഗംഭീറെന്ന കോച്ച് വളരെ ശക്തമായ വ്യക്തിത്വത്തിനു ഉടമയാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ടീം ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള താരം കൂടിയാണ് ഗംഭീര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. കൂടാതെ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു.
വിരമിച്ച ശേഷം ഐപിഎല്‍ ടീമുകളുടെ ഉപദേശകനായി വന്നപ്പോഴും അദ്ദേഹം കൈയടി നേടി. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനായിരുന്നു ഗംഭീര്‍. രണ്ടു തവണയും ടീം പ്ലേഓഫില്‍ കടക്കുകയും ചെയ്തു. ഇത്തവണ കെകആറിനൊപ്പവും മിന്നിക്കുകയാണ് അദ്ദേഹം.

ഗംഭീറിന്റെ സമീപനം കര്‍ക്കശക്കാരനായ ഒരു അച്ഛനെപ്പോലെയാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യന്‍ കോച്ചായാല്‍ ഇതു സീനിയര്‍ താരങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും പുതിയ ക്യാപ്റ്റന്‍ വരികയുമെല്ലാം ചെയ്താല്‍ ഗംഭീര്‍ കോച്ചായി വരുമ്പോള്‍ കുഴപ്പമില്ല.
എന്നാല്‍ ഒരുപാട് സീനിയര്‍ കളിക്കാര്‍ ടീമിലുണ്ട്. അവരെ സംബന്ധിച്ച് ചില ബുദ്ധിമുട്ടുകളുണ്ടായേക്കും. കാരണം ഗൗട്ടിയുടെ (ഗംഭീര്‍) പ്രവര്‍ത്തന ശൈലിയെന്നത് വളരെ കര്‍ശന സ്വഭാവമുള്ള ഒരു അച്ഛനെപ്പോലെയാണ്. അച്ഛന്‍ കര്‍ശനക്കാരനാണെങ്കില്‍ കുട്ടികള്‍ അല്‍പ്പം ശ്രദ്ധിക്കണമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന സഹോദരനപ്പോലെ ഒരാളെ ആയിരിക്കും കോച്ചായി സീനിയര്‍ താരങ്ങള്‍ ആഗ്രഹിക്കുക. പക്ഷെ ഗംഭീറിന്റെ കാര്യത്തില്‍ അതുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ഒരുപാട് സീനിയറായ കളിക്കാര്‍ ടീമിലുള്ളപ്പോള്‍ തോളില്‍ കൈവയ്ക്കാവുന്ന മുതിര്‍ന്ന സഹോദരനെപ്പോലെ ഒരാളെയാണ് കോച്ചായി ആഗ്രഹിക്കുക. പക്ഷെ ഗംഭീറിന്റെ കാര്യത്തില്‍ ഇതു സംഭവിക്കാന്‍ പോവുന്നില്ല. എന്റെ വഴി, ഇല്ലെങ്കില്‍ ഹൈവേ എന്നതാണ് ഗംഭീറിന്റെ രീതിയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.