For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2011: എന്നെ വിട്ടേക്കൂ, സച്ചിനെയും യുവിയെയും മറന്നോ? എല്ലാവര്‍ക്കും ധോണിയെ മതി!

ഇന്ത്യ അവസാനമായി ലോകകപ്പുയര്‍ത്തിയ 2011ലെ ടൂര്‍ണമെന്റില്‍ മുഴുവന്‍ ക്രെഡിറ്റും അന്നത്തെ നായകന്‍ എംഎസ് ധോണിക്കു ലഭിക്കുന്നതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇതാദ്യമായല്ല ധോണിയെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ അദ്ദേഹം രംഗത്തു വരുന്നത്. ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ച ധോണിയുടെ സിക്‌സറിനെ വാഴ്ത്തുന്നതിനെതിരേ നേരത്തേയും അദ്ദേഹം രംഗത്തു വന്നിരുന്നു.

ധോണി തനിച്ചല്ല ലോകകപ്പ് നേടിയതെന്നും മറിച്ച് ഇന്ത്യന്‍ ടീമാണ് ചാംപ്യന്‍മാരായതെന്നും ഗംഭീര്‍ പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ധോണിക്കു മാത്രം ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നതില്‍ അദ്ദേഹം വീണ്ടും അരിശം പ്രകടിപ്പിച്ചിരിക്കുകയാണ്. റെവ് സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MS DHONI

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ പുറത്താവാതെ 91 റണ്‍സെടുത്ത ധോണിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ 97 റണ്‍സ് സ്‌കോര്‍ ചെയ്ത ഗംഭീറായിരുന്നു അന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍.

2011ലെ ഐസിസി ഏകദിന ലോകപ്പില്‍ ഇന്ത്യ ജേതാക്കളായത് എംഎസ് ധോണി ക്യാപ്റ്റനായതു കൊണ്ടു മാത്രമല്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരെപ്പോലെയുള്ളവര്‍ ടീമിലുണ്ടായിരുന്നത് കാരണമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നെക്കുറിച്ച് മറന്നേക്കൂ, നമ്മള്‍ യുവരാജ് സിങിനു പോലും വേണ്ടത്ര ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്നു ഞാന്‍ കരുതുന്നു.

ഫൈനലില്‍ സഹീര്‍ ഖാന്റെ ആദ്യത്തെ സ്‌പെല്ലിനെക്കുറിച്ച് എത്ര പേര്‍ സംസാരിക്കും? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടൂര്‍ണമെന്‍റില്‍ നമ്മുടെ ടോപ്‌സ്‌കോററായിരുന്നു. പക്ഷെ എംഎസ് നേടിയ ആ ഒരു സിക്‌സറിനെപ്പറ്റി മാത്രം എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കു വ്യക്തികളോടാണ് കൂടുതല്‍ താല്‍പ്പര്യം, അതുകൊണ്ടു തന്നെ ടീമിനെക്കുറിച്ച് മറക്കുകയും ചെയ്യുന്നതായും ഗംഭീര്‍ വിശദമാക്കി.

2011ലെ ലോകകപ്പിലെ ഫൈനല്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റു മല്‍സരങ്ങളിലൊന്നും ധോണി ബാറ്റിങില്‍ തിളങ്ങിയിരുന്നില്ല. ഫൈനലില്‍ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ഭീഷണി മറികടക്കുന്നതിനു വേണ്ടി യുവരാജിന്റെ ബാറ്റിങ് പൊസിഷനില്‍ ഇന്ത്യ മാറ്റം വരുത്തുകയായിരുന്നു.

അതുവരെയുള്ള മല്‍സരങ്ങളില്‍ അഞ്ചാം നമ്പറില്‍ കളിച്ച യുവിക്കു പകരം ഫൈനലില്‍ ധോണി ഈ പൊസിഷനില്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം ടീമിനു നല്‍കിയത് സച്ചിനായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ധോണി മാച്ച് വിന്നിങ് ഇന്നിങ്‌സോടെ മുഴുവന്‍ ക്രെഡിറ്റും തന്റെ പേരിലാക്കുകയും ചെയ്തു.

അന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയത് യുവരാജ് സിങായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ കസറിയ അദ്ദേഹം ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് സച്ചിനായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 482 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

SACHIN GAMBHIR

ബൗങില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തത് സഹീര്‍ ഖാനുമായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. ഇത്ര തന്നെ വിക്കറ്റുകളുള്ള പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡിക്കൊപ്പം അദ്ദേഹം ഒന്നാംസ്ഥാനം പങ്കിടുകയും ചെയ്യുകയായിരുന്നു.

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഇന്ത്യയും കുമാര്‍ സങ്കക്കാര നയിച്ച ശ്രീലങ്കയും തമ്മിലുള്ള കലാശപ്പോര്. ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറു വിക്കറ്റിനു 274 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി.

മഹേല ജയവര്‍ധനെയുടെ (103) സെഞ്ച്വറിയാണ് അവര്‍ക്കു കരുത്തായത്. മറുപടിയില്‍ ഗംഭീറും ധോണിയും 90 പ്ലസ് സ്കോറുകളുമായി മിന്നിച്ചപ്പോള്‍ 48.2 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു.

Story first published: Friday, August 25, 2023, 14:08 [IST]
Other articles published on Aug 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+