Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ ഇടം വേണോ? സഞ്ജുവും ഹാര്‍ദിക്കും ദുലീപ് ട്രോഫി കളിക്കണം! നിര്‍ദേശിച്ച് ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയ ശേഷം വലിയ പൊളിച്ചെഴുത്താണ് ടീമില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും തന്റേതായ അഴിച്ചുപണികള്‍ ഗംഭീര്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ തൂത്തുവാരി. ഇപ്പോള്‍ ഏകദിന പരമ്പര കളിക്കുകയാണ്. ഇന്ത്യയുടെ ഏകദിന ടീമില്‍ ചില പൊളിച്ചെഴുത്തുകള്‍ ഗംഭീര്‍ വരുത്തിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ സഞ്ജു സാംസണേയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും ഏകദിന ടീമില്‍ നിന്ന് തഴയാന്‍ ഗംഭീര്‍ ധൈര്യം കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് പേരും ഏകദിനത്തില്‍ മികച്ച റെക്കോഡുള്ളവരാണെങ്കിലും വിശ്വാസം അര്‍പ്പിക്കാന്‍ ഗംഭീര്‍ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഇരുവര്‍ക്കും ഏകദിന ടീമിലേക്ക് തിരിച്ചെത്താന്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍.

സഞ്ജുവും ഹാര്‍ദിക്കും വരുന്ന ദുലീപ് ട്രോഫിയില്‍ കളിക്കണമെന്നാണ് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ കളിച്ച് മികവ് കാട്ടിയാല്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് പരിഗണിക്കാമെന്നതാണ് ഗംഭീറിന്റെ നിലപാട്. സഞ്ജു സാംസണ്‍ ടി20യെക്കാള്‍ മികവ് കാട്ടുന്നത് ഏകദിനത്തിലാണ്. എന്നാല്‍ സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ അവസരം നല്‍കിയെങ്കിലും ഏകദിന മത്സരത്തില്‍ നിന്ന് തഴഞ്ഞു.

ടി20യില്‍ രണ്ട് മത്സരത്തിലും ഡെക്കായ സഞ്ജുവിന് ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യതയും മങ്ങിയിരിക്കുകയാണ്. എന്നാല്‍ ഏകദിനത്തില്‍ റിഷഭ് പന്തിന് വലിയ പ്രാധാന്യം ഗംഭീര്‍ നല്‍കുന്നില്ല. കെ എല്‍ രാഹുലിനെയാണ് ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് തിരിച്ചുവരാന്‍ അവസരമുണ്ട്. എന്നാല്‍ ഫിറ്റ്‌നസും ഫോമും തെളിയിക്കേണ്ടതായുണ്ട്. മധ്യനിരയില്‍ കളിച്ചും സഞ്ജു ഏകദിനത്തില്‍ മികവ് കാട്ടിയിരുന്നു.

rohit sharma gautam gambhir

ദുലീപ് ട്രോഫിയില്‍ സഞ്ജുവിന് തിളങ്ങാനായാല്‍ വരുന്ന പരമ്പരകളിലേക്ക് പരിഗണിക്കാമെന്നതാണ് ഗംഭീറിന്റെ നിലപാട്. സഞ്ജുവിന്റെ മികവില്‍ ഇപ്പോഴും വലിയ വിശ്വാസം അര്‍പ്പിക്കുന്ന പരിശീലകനാണ് ഗംഭീര്‍. നേരത്തെ നിരവധി തവണ ഗംഭീര്‍ സഞ്ജുവിനെ പ്രശംസിച്ചിട്ടുണ്ട്. ഗംഭീറിന് കീഴില്‍ സഞ്ജുവിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കാം. എന്നാല്‍ ദുലീപ് ട്രോഫിയില്‍ താരം മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ഹാര്‍ദിക് പാണ്ഡ്യയെ ഗംഭീര്‍ തഴയാനുള്ള കാരണം ഫിറ്റ്‌നസാണ്. 10 ഓവര്‍ പന്തെറിയാന്‍ ഹാര്‍ദിക്കിന് സാധിച്ചാലെ ഏകദിന ടീമില്‍ കളിപ്പിക്കുകയൂള്ളൂവെന്നതാണ് ഗംഭീറിന്റെ നിലപാട്. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫി കളിച്ച് ഓള്‍റൗണ്ട് ഷോ ഹാര്‍ദിക് നടത്തേണ്ടതായുണ്ട്. ഹാര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ടി20 ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ നിര്‍ണ്ണായകമായത് ഹാര്‍ദിക് പാണ്ഡ്യയാണ്.

എന്നാല്‍ ഏകദിനത്തില്‍ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നമാണ്. ഇടക്കിടെ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ഹാര്‍ദിക് ഫിറ്റ്‌നസ് ടെസ്റ്റ് തെളിയിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്കും തിരിച്ചെത്തണമെന്നാണ് ഗംഭീര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയില്‍ ഹാര്‍ദിക് ഫ്‌ളോപ്പായാല്‍ ഏകദിന ടീമിലേക്ക് തിരിച്ചുവരവ് ഹാര്‍ദിക് പാണ്ഡ്യക്ക് കടുപ്പമായിരിക്കുമെന്ന് പറയാം. എന്തായാലും സഞ്ജുവും ഹാര്‍ദിക്കും ദുലീപ് ട്രോഫി കളിക്കുമെന്നാണ് നിലവില്‍ വരുന്ന വിവരം.

ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്‍ കിഷനും ദുലീപ് ട്രോഫി കളിക്കാന്‍ പോവുകയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിസിസി ഐ ഇടപെട്ട് ഇഷാനെ മാറ്റിനിര്‍ത്തുകയായിരുന്നു. അവസാന ഐപിഎല്ലില്‍ നിറം മങ്ങിയ ഇഷാന്‍ ഇപ്പോള്‍ ദുലീപ് ട്രോഫി കളിച്ച് മികവ് തെളിയിച്ചാല്‍ ടി20 ടീമിലേക്ക് ശക്തമായി തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, August 4, 2024, 14:01 [IST]
Other articles published on Aug 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+