Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കു ശേഷമാര്, ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ പ്രിന്‍സ് ഗില്ലോ, ജയ്‌സ്വാളോ? ഇതാ ഉത്തരം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ വലിയ മാറ്റങ്ങളാണ് ടീമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത 10 വര്‍ഷത്തേക്കുള്ള പുതിയൊരു ടീം ഇന്ത്യയെ വാര്‍ത്തെടുത്തു കൊണ്ടിരിക്കുകയാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി പല സീനിയര്‍ കളിക്കാരുടെയും ചീട്ട് കീറിക്കഴിഞ്ഞു. ഇനി ടീമില്‍ ശേഷിക്കുന്ന ചില സീനിയേഴ്‌സാവട്ടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്കും കടന്നിരിക്കുകയാണ്.

അടുത്ത രണ്ട്- മൂന്നു വര്‍ഷത്തിനകം പുത്തന്‍ ലുക്കിയുള്ള ഒരു യുവ ടീം ഇന്ത്യയെ നമുക്കു കാണാന്‍ സാധിച്ചേക്കും. പല സീനിയര്‍ താരങ്ങളുടെയും പകരക്കാരെ ഇന്ത്യ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ കാര്യത്തില്‍ക്കൂടി ഉത്തരം ലഭിക്കുന്നതോടെ ടീം ഇന്ത്യയെ അടിമുടി ഉടച്ചു വാര്‍ക്കുമെന്നുറപ്പിക്കാം. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആയി ചൂണ്ടിക്കാണിക്കപ്പെടുന്നയാള്‍ ശുഭ്മന്‍ ഗില്ലാണ്.

SHUBMAN GILL

മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയ ഗില്ലിനു ആരാധകര്‍ പ്രിന്‍സെന്നു ഒരു വിളിപ്പേര് കൂടി നല്‍കിക്കഴിഞ്ഞു. കോലി കിങാണെങ്കില്‍ ഗില്‍ തന്നെയാണ് പ്രിന്‍സെന്നു അവര്‍ ഉറപ്പിച്ചിരിക്കുകയാണ്. പക്ഷെ പ്രിന്‍സെന്ന ഈ വിശേഷണം ഏറ്റവും യോജിക്കുന്നത് ഗില്ലിന് തന്നെയാണോ?

കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ശേഷം ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ ഗില്ലിനെ കടത്തിവെട്ടുന്നതിന്റെ അരികിലാണ്. ഗില്ലല്ല, മറിച്ച് ജയ്‌സ്വാളാണ് യഥാര്‍ഥ പ്രിന്‍സെന്നും ആരാധകരില്‍ പലരും തിരുത്തിപ്പറയാനും ആരംഭിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ആരാണ് കൂടുതല്‍ മിടുക്കന്‍? നമുക്കു പരിശോധിക്കാം.

24 കാരനായ ഗില്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. 22 കാരനായ ജയ്‌സ്വാളാവട്ടെ ടെസ്റ്റ്, ടി20 എന്നിവയില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഏകദിനത്തില്‍ അരങ്ങേറ്റം കാത്തിരിക്കുകയാണ് ഇടംകൈയന്‍ ബാറ്റര്‍. വാനോളം പ്രതീക്ഷ നല്‍കിയ തുടക്കത്തിനു ശേഷം ഗില്ലിന്റെ അന്താരാഷ്ട്ര കരിയര്‍ ഇപ്പോള്‍ പതിയെ താഴേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണ്.

പലപ്പോഴും ഫ്‌ളാറ്റ് പിച്ചുകളില്‍ മാത്രമാണ് ഗില്ലിനു (പ്രത്യേകിച്ചും അഹമ്മദാബാദ്) ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുന്നതെന്നു ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ബോധ്യമാവും. ബൗളര്‍മാരെ കൂടി തുണയ്ക്കുന്ന പിച്ചുകളിലും പേസും ബൗണ്‍സുമുള്ള പിച്ചുകളിലും ഗില്ലിന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതല്ല. മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ ഏകദിനത്തില്‍ മാത്രമേ ഗില്ലിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടുള്ളൂ. ബാക്കി രണ്ടു ഫോര്‍മാറ്റുകളിലും താരം ശോകമാണ്.

ഏകദിനത്തില്‍ 44 മല്‍സരങ്ങളില്‍ നിന്നും 61.38 ശരാശരിയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ചു സെഞ്ച്വറികളും 13 ഫിഫ്റ്റികളുമടക്കം ഗില്‍ 2271 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ പൊസിഷനില്‍ വരെ താരമെത്തുകയും ചെയ്തു. പക്ഷെ ടെസ്റ്റ്, ടി20 എന്നിവയില്‍ ശരാശരി പ്രകടനം മാത്രമേ ഗില്‍ നടത്തിയിട്ടുള്ളൂ.

ടെസ്റ്റില്‍ 23 മല്‍സരങ്ങളില്‍ നിന്നും 32.3 ശരാശരിയില്‍ 1292 റണ്‍സാണ് താരം നേടിത്. മൂന്നു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടി20യിലാവട്ടെ 14 മല്‍സരങ്ങളില്‍ നിന്നും 25.77 ശരാശരിയില്‍ 335 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാത്രമേ അദ്ദേഹം നേടിയുള്ളൂ.

YASHASVI JAISWAL

പക്ഷെ ജയ്‌സ്വാള്‍ ചുരുങ്ങിയ സമയം കൊണ്ട് കളിച്ച രണ്ടു ഫോര്‍മാറ്റുകളിലും ഇംപാക്ടുണ്ടാക്കഴിഞ്ഞു. മാത്രമല്ല ഏതു തരത്തിലുള്ള പിച്ചിലും നന്നായി സ്‌കോര്‍ ചെയ്യാനുള്ള ബാറ്റിങ് ടെക്‌നിക്കും ജയ്‌സ്വാളില്‍ നമുക്കു കാണാം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജയ്‌സ്വാള്‍ ഏഴു ടെസ്റ്റുകളില്‍ നിന്നും 71.75 ശരാശരിയില്‍ വാരിക്കൂട്ടിയത് 861 റണ്‍സാണ്. രണ്ടു ഡബിള്‍ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയും ഇതില്‍പ്പെടും.

ടി20യിലാവട്ടെ 17 മല്‍സരങ്ങളില്‍ നിന്നും 33.47 ശരാശരിയില്‍ 502 റണ്‍സും ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടെസ്റ്റ്, ടി20 എന്നിവയില്‍ പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിനേക്കാള്‍ മിടുക്കന്‍ ജയ്‌സ്വാള്‍ തന്നെയാണെന്നു വ്യക്തം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം നോക്കിയാല്‍ അവിടെയും ഗില്ലിനേക്കാള്‍ ബെസ്റ്റ് ജയ്‌സ്വാള്‍ തന്നെയാണ്. 50 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ പഞ്ചാബിനായി കളിച്ച ഗില്ലിന്റെ ശരാശരി 68.36 ആണ്. മുംബൈയ്ക്കായി 22 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ച ജയ്‌സ്വാളിനു 77.31 എന്ന കിടിലന്‍ ശരാശരിയുമുണ്ട്.

11 സെഞ്ച്വറികളും 17 ഫിഫ്റ്റിയുമടക്കം ഗില്‍ 3834 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ പകുതിയോളം മല്‍സരങ്ങളില്‍ നിന്നുമായി ജയ്‌സ്വാള്‍ 12 സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം 2706 റണ്‍സും അടിച്ചെടുത്തു.

ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ഗില്ലല്ല, മറിച്ച് ജയ്‌സ്വാള്‍ തന്നെയാണ് യഥാര്‍ഥ പ്രിന്‍സെന്നും കോലിയുടെ പിന്‍ഗാമായി മാറാന്‍ ഏറ്റവുമധികം സാധ്യത അദ്ദേഹത്തിനാണെന്നും നമുക്കു മനസ്സിലാക്കാം. തന്റെ വീക്ക്നെസുകള്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത ഒന്ന്- രണ്ട് വര്‍ഷത്തിനുള്ളില്‍ ഗില്ലിനെ ഓവര്‍ടേക്ക് ചെയ്ത് ജയ്‌സ്വാള്‍ ബഹുദൂരം മുന്നിലെത്തുമെന്നുറപ്പാണ്.

Story first published: Wednesday, February 21, 2024, 12:11 [IST]
Other articles published on Feb 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+